കാടിനു നടുവിൽ ഒരു രാത്രി.. അതും കടുവയും ആനയും കരടിയും മാന്‍കൂട്ടങ്ങളും നിരന്തരം എത്തുന്ന കൊടും കാട്ടിൽ ഒരു രാത്രി മുഴുവൻ ചെലവഴിക്കാൻ സാധിച്ചാലോ.. വെറുതേ ഒരു താമസമല്ല, കാടിനുള്ളിലെ വാച്ച് ടവറിൽ കയറി കാടിന് നിരീക്ഷിച്ച് കഴിയാന് അവസരം കിട്ടിയാല്‍ എങ്ങനെ വേണ്ടന്നു വയ്ക്കുമല്ലേ.. അപ്പോൾ അടുത്ത സംശയം എവിടെയാണ് ഇങ്ങനെ ഒരു അവസരം കിട്ടുക എന്നല്ലേ... ദൂരെയെങ്ങും പോകേണ്ട ആവശ്യമില്ല..നമ്മുടെ തൊട്ടടുത്ത് തേക്കടിയിലാണ് ഈ കിടിലന് അനുഭവം കാത്തിരിക്കുന്നത്.
തേക്കടിക്ക് സമീപം പെരിയാർ ദേശീയ ഉദ്യാനത്തിലെ പെരിയാർ കടുവാ സങ്കേതത്തിലാണ് ത്രസിപ്പിക്കുന്ന അനുഭവം നല്കുന്ന വാച്ച് ടവർ ക്യാംപിങ് ആൻഡ് ട്രെക്കിങ് പാക്കേജ് (Periyar Tiger Reserve Watch Tower Camping And Trekking)ഉള്ളത്. തിരക്കിട്ട നഗര ജീവിതത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് കാടിന്‍റെ വന്യതയും ഭംഗിയും രാത്രിയുടെ നിശബ്ദതയിൽ ആസ്വദിക്കാൻ അവസരം നല്കുന്നതാണ് വാച്ച് ടവർ ക്യാംപിങ് ആൻഡ് ട്രെക്കിങ്. മുൻകൂട്ടി ബുക്ക് ചെയ്ത് മുതിർന്നവർക്ക് പോകാൻ സാധിക്കുന്ന പാക്കേജിനെക്കുറിച്ച് വായിക്കാം.

പുറംലോകവുമായി വലിയ ബന്ധങ്ങളൊന്നുമില്ലാതെ, രാത്രി സ്റ്റേ സൗകര്യമാണ് ഇതിന്‍റെ പ്രത്യേകത. ഒരു ദിവസം വെറും രണ്ട് പേർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ കഴിയൂ. കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയില്ല എന്ന കാര്യവും ഓര്‍മ്മിക്കുക.
വാച്ച് ടവർ ക്യാംപിങ് ആൻഡ് ട്രെക്കിങ് ഒന്നാം ദിവസം
മുൻകൂട്ടി ബുക്ക് ചെയ്ത്, നിങ്ങളുടെ സ്ലോട്ട് ഉറപ്പിച്ച ശേഷം തേക്കടിയിൽ
ബാംബൂ ഗ്രോവിന് സമീപമുള്ള ട്രൈബൽ ട്രാക്കേഴ്‌സ് ഇഡിസി ഓഫീസിൽ എത്തുന്നതോടു കൂടിയാണ് ഈ യാത്ര ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെ ഇവിടെ എത്തണം. ടിക്കറ്റുകൾ കാണിച്ച് പ്രവേശനം ഉറപ്പു വരുത്തിയ ശേഷം ഷട്ടിൽ ബസിൽ ബോട്ട് ലാൻഡിങ്ങിലേക്ക് നിങ്ങളെ കൊണ്ടുപോകും. ഇവിടുന്ന് ഒരു ചെറിയ ട്രെക്കിങ് വേണം വാച്ച് ടവറിവേക്ക് എത്തിച്ചേരാൻ.
വാച്ച് ടവറിൽ ചെക്ക് ഇൻ ചെയ്തു കഴിയുമ്പോഴേക്കും ചായ എത്തും. ബാക്കിയുള്ള സമയം വാച്ച് ടവറില്‍ ഇരുന്ന് കാഴ്ചകൾ ആസ്വദിക്കാം. രാത്രി ഭക്ഷണവും ഇവിടെ ലഭിക്കും. ഉറങ്ങുവാനായി മികച്ച സൗകര്യങ്ങളാണ് പാക്കേജിന്‍റെ ഭാഗമായി വാച്ച് ടവറിൽ ഒരുക്കിയിട്ടുള്ളത്.
രണ്ടാം ദിവസം
രണ്ടാം ദിവസം അതിരാവിലെ ഒരു ചെറിയ ട്രെക്കിങ്ങോടെ ആരംഭിക്കും. കാടിനെ പരിചയപ്പെടാനും പക്ഷി നിരീക്ഷണത്തിനും ഈ അവസരം പ്രയോജനപ്പെടുത്താം. ട്രെക്കിങ് കഴിഞ്ഞ് തിരികെ വരുമ്പോഴേയ്ക്കും രാവിലത്തെ ഭക്ഷണം ലഭിക്കും. ബാക്കിയുള്ള സമയം മുഴുവനും വാച്ച് ടവറിൽ നിങ്ങൾക്ക് ഇഷ്ടംപോലെ ചെലവഴിക്കാം. ഉച്ച ഭക്ഷണം കഴിച്ച് ഒന്നരയോടെ ഇവിടുന്ന് ഇറങ്ങണം. ബോട്ട് ലാന്‍ഡിങ്ങിലേക്ക് നിങ്ങളെ ബോട്ടിൽ എത്തിക്കും. അവിടുന്ന് തിരികെ ബസിൽ ട്രൈബൽ ഹെറിറ്റേജ് ഓഫീസ് വഴി മടങ്ങാം.
വാച്ച് ടവർ ക്യാംപിങ് ആൻഡ് ട്രെക്കിങ് നിരക്ക്
സാധാരണ ദിവസങ്ങളിലും അവധി ദിവങ്ങളിലും 9600 രൂപയാണ് വാച്ച് ടവർ ക്യാംപിങ് ആൻഡ് ട്രെക്കിങ് പാക്കേജിന് ഈടാക്കുന്ന നിരക്ക്. ഇന്ത്യക്കാർക്കും വിദേശികൾക്കും ഇതേ തുക തന്നെയാണ്. പാക്കേജിൽ അധികം ആളുകൾക്കും കുട്ടികൾക്കും അനുമതി ഉണ്ടായിരിക്കില്ല.
യാത്രയിൽ ശ്രദ്ധിക്കാന്‍
വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ കാടിനു നടുവിലാണ് താമസം. അതുകൊണ്ടു തന്നെ ക്ഷമ പാലിക്കുക എന്നത് വളരെ പ്രധാനമാണ്. പ്രകൃതി പരിസ്ഥിതിയുമായി ഇണങ്ങുന്ന നിറങ്ങളിൽ വസ്ത്രം ധരിക്കുക. ഫോട്ടോ എടുക്കാൻ നിങ്ങൾക്ക് അനുമതിയുണ്ടെങ്കിലും വന്യജീവികളെ ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.
സംരക്ഷിത പ്രദേശങ്ങളിൽ തീ കൊളുത്തുകയോ പുകവലിക്കുകയോ ചെയ്യരുത്. കൂടാതെ, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാതിരിക്കുവാനും കാടിനുള്ളിൽ 5 മിനിറ്റിൽ കൂടുതല്‍ വാഹനങ്ങൾ നിർത്തിയിടാതിരിക്കുവാനും ശ്രദ്ധിക്കണം. വാഹനത്തിൽ പോകുമ്പോൾ, വന്യമൃഗങ്ങൾക്ക് വഴിയുണ്ടെന്ന് ഓർക്കുക. കാടിനുള്ളില് മാലിന്യങ്ങൾ കളയാതിരിക്കാനും ശ്രദ്ധിക്കണം,
ബുക്കിങിന്
പെരിയാർ ടൈഗർ റിസർവിന്‍റെ വാച്ച് ടവർ ട്രെക്കിങ് ആൻഡ് ക്യാംപിങ് പാക്കേജ് ഓൺലൈൻ ആയി ബുക്ക് ചെയ്യാം. Periyar Tiger Reserve Watch Tower Camping And Trekking ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഫോൺ-+91 8547 603 066
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












