പ്രോമിസ് ദിനം
ചോക്ലേറ്റ് ഡേയും ടെഡി ഡേയും കഴിഞ്ഞാൽ പിന്നെ വരുന്ന ദിവസമാണ് പ്രോമിസ് ദിനം. അതായത് എല്ലാ വർഷവും ഫെബ്രുവരി 11 ആണ് പ്രോമീസ് ദിനം ആഘോഷിക്കുന്നത്. പ്രണയ വാരത്തിലെ ഏറ്റവും കാത്തിരിക്കുന്ന, അല്ലെങ്കിൽ ആകാംക്ഷയുണർത്തുന്ന ദിവസം എന്നിതിനെ വിശേഷിപ്പിക്കാം. അതിനു കാരണം പ്രിയപാതിക്ക് പുതിയ വാഗ്ദാനങ്ങൾ നല്കുവാനും നല്കിയ വാഗ്ജദാനം നടപ്പിലാക്കുവാനുമുള്ള ഒരു ദിവസം എന്ന നിലയിലാണ്. ഓരോ ബന്ധങ്ങളും നിലനില്‍ക്കുവാനുള്ള കാരണം പരസ്പര വിശ്വാസം തന്നെയാണ്. അതിൽ പ്രധാനപ്പെട്ടതാണ് പറഞ്ഞ വാക്കു പാലിക്കുന്നത്.
വെറുമൊരു വാക്കല്ല
വാഗ്ദാനം എന്നത് വെറുമൊരു വാക്കല്ല. എപ്പോളെങ്കിലും നടത്തിത്തരാം എന്നു പറയുന്നതുമല്ല,. മറിച്ച് ഓരോ ബന്ധത്തിന്റെയും പ്രാധാന്യവും വിശ്വസ്തതയും ഒക്കെ ഇതിൽ കൂടിച്ചേർന്നതാണ്. പാലിക്കാത്ത വാഗ്ദാനം വിശ്വാസം തകർക്കുന്നതിനു തുല്യമാണെന്നതു മറക്കാതിരിക്കുക.
വാഗ്ദാനം പാലിക്കാം
വാഗ്ദാനം നല്കുമ്പോൾ പാലിക്കുവാൻ കഴിയുന്ന വാഗ്ദാനങ്ങൾ നല്കുക. യാത്ര പോകുന്നതോ പ്രിയപ്പെട്ട മധുരം വാങ്ങി തരുന്നതോ പോലുള്ള വാഗ്ദാനങ്ങളാണ് ഏറ്റവും മികച്ചതും സുരക്ഷിതവും.
ചെറിയ യാത്രകൾ
ഓരോ ബന്ധങ്ങൾക്കും കൂടുതൽ ഇഴയടുപ്പം നല്കുന്നത് യാത്രകളാണ്. ഒരുമിച്ച് ചിലവഴിക്കുന്ന ഓരോ നിമിഷവും ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ബീച്ചുകളും ഹിൽ സ്റ്റേഷനുകളും പാർക്കുകളും ഒക്കെ ഇത്തരം ചെറിയ ചെറിയ യാത്രകൾക്കായി തിരഞ്ഞെടുക്കാം.
പോകാം ബീച്ചുകളിലേക്ക്
ഏറ്റവും റൊമാന്‍റിക്കായി, പ്രണയത്തോടെ ഇരിക്കുവാൻ പറ്റിയ ഇടം ബീച്ചുകളാണ്. കേരളത്തിൻറെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നീണ്ടു കിടക്കുന്ന ബീച്ചുകൾ എവിടെനിന്നും എത്തിപ്പെടുവാൻ ആളുകളെ സഹായിക്കും എന്നതിൽ തർക്കമില്ല. സൂര്യാസ്തമയ കാഴ്ചകൾ കണ്ട് ഒരു ദിവസം മനോഹരമായി അവസാനിപ്പിക്കുകയും ചെയ്യാം.
ഹില്‍ സ്റ്റേഷനുകൾ
യാത്ര പോകുവാൻ ഇഷ്ടപ്പെടുന്ന പങ്കാളിയാണ് കൂടെയുള്ളതെങ്കിൽ യാത്ര ഒരു ഹിൽ സ്റ്റേഷനിലേക്ക് തന്നെയാവട്ടെ. തിരുവനന്തപുരത്തെ പൊന്മുടിയും ഇടുക്കിയിലെ മൂന്നാറും വാഗമണ്ണും പിന്നെ നെല്ലിയാമ്പതിയും കൂരാച്ചുണ്ടും പൈതൽമലയും റാണിപുരവും ഒക്കെ ഈ യാത്രയിൽ തിരഞ്ഞെടുക്കാം...