കുറ്റാക്കൂരിരുട്ടില്‍ ഒരു നുറുങ്ങുവെട്ടവുമായെത്തുന്ന മിന്നാമിനുങ്ങ് അന്നും ഇന്നും ഒരു കൗതുകക്കാഴ്ചയാണ്. അത്ഭുതത്തോടെയല്ലാതെ മിന്നാമിനുങ്ങിനെ നോക്കിയിട്ടില്ലാത്തവർ കാണില്ല. ഇപ്പോൾ ഇങ്ങനെയൊരു കാഴ്ച നമ്മുടെ നാട്ടിൽപ്പോലും കാണുവാൻ സാധിക്കണമെന്നില്ല. എന്നാൽ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന് മിന്നാമിന്നികളെ ഒന്നിച്ച് കണ്ടാലോ? അവരുടെ ആ വെട്ടത്തിനു നടുവിലൂടെ വേറൊരു ലോകം തന്നെയായിരിക്കും മുന്നിലെത്തുന്നത്. ഇങ്ങനെയൊരു കാഴ്ച കാണുവാൻ ആഗ്രഹമുണ്ടെങ്കില്‍ ഒരുങ്ങിയിരിക്കാം. മഹാരാഷ്ട്രയിലെ ഫയർഫ്ലൈ ഫെസ്റ്റിവലിനായി.
മഹാരാഷ്ട്ര ഒരുക്കുന്ന കൗതുകക്കാഴ്ചകളിൽ ഏറ്റവും രസകരമായതാണ് മിന്നാമിനുങ്ങുകളുടെ രാത്രികൾ! ഫയർഫ്ലൈസ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന ഈ ഉത്സവം മഴക്കാലമെത്തുന്നതിനു മുന്നോടിയായാണ് സംഘടിപ്പിക്കുന്നത്. രാജ്മാച്ചി വില്ലേജ്, സിദ്ധഗഢ് വാഡി, പ്രബൽമാച്ചി വില്ലേജ്, ഭണ്ഡാർദാര, ഘട്ഘർ, കോതാലിഗഡ്, കൊണ്ടാനെ ഗുഹകൾ, പുരുഷവാഡി തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർഫ്ലൈസ് ഫെസ്റ്റിവൽ നടക്കുന്നത്.

പുരുഷവാഡി ഫയർഫ്ലൈ ഫെസ്റ്റിവൽ 2023
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഫയർഫ്ലൈ ഫെസ്റ്റിവലുകളിൽ ഒന്നാണ് പുരുഷവാഡി ഫയർഫ്ലൈ ഫെസ്റ്റിവൽ. മേയ് മാസം മൂന്നാമത്തെ ആഴ്ച മുതൽ ജൂൺ മാസത്തിലെ മൂന്നാമത്തെ ആഴ്ച വരെയാണ് ഈ വർഷത്തെ പുരുഷവാഡി ഫയർഫ്ലൈ ഫെസ്റ്റിവൽ നടക്കുക. ഇതിനോട് അനുബന്ധിച്ച് ക്യാപിങ്, നാച്വറൽ വാക്ക്, നൈറ്റ് ക്യാംപിങ്, ഹൈക്കിങ്, തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
മൺസൂൺ എത്തുന്നതിനു മുൻപെയുള്ള ഫെസ്റ്റിവലിൽ ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ രാത്രിയിൽ വരികയും പ്രദേശത്തെ കാടുമുഴുവൻ തങ്ങളുടെ വെളിച്ചത്താൽ പ്രത്യേക തരത്തിൽ പ്രകാശപൂരിതമാക്കുകയും ചെയ്യും. അത്ഭുതകരമായ ഈ കാഴ്ച കാണുവാൻ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങൽ കൂടി ഫയർഫ്ലൈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനു പിന്നിലുണ്ട്.

ഇവിടെയെത്തിയാൽ
ഒരു നാച്വറൽ ടൂറിൽ പങ്കെടുക്കുന്നതിനേക്കാൾ അനുഭവങ്ങൾ ഒരു ഫയർഫ്ലൈ ഫെസ്റ്റിവൽ സഞ്ചാരിക്ക് നല്കും. മിന്നാമിനുങ്ങുകളെ കാണുന്നതിനായി രാത്രി കാട്ടിൽക്കൂടിയുള്ള നടത്തം, ഗ്രാമങ്ങൾ സന്ദർശിക്കുവാനും അവരുടെ രീതികളും ആചാരങ്ങളും മനസ്സിലാക്കുവാനുള്ള അവസരവും, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും ഉണ്ട്. അതോടൊപ്പം പ്രദേശത്തെ ആളുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ജീവിതരീതികൾ പഠിക്കുന്നതിനുമുള്ള അവസരവും ഇവിടെ ലഭിക്കും. മാത്രമല്ല, ഉത്തരവാദിത്വ ടൂറിസം വഴി പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും ഈ ഫെസ്റ്റിവൽ നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രാദേശിക വിനോദസഞ്ചാരികൾ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളും ഫയർഫ്ലൈ ഫെസ്റ്റിവല്‍ സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. പ്രദേശവാസികളെ സംബന്ധിച്ചെടുത്തോളം അവർക്കും പ്രിയപ്പെട്ട സമയമാണിത്. കൂടുതൽ തൊഴിലവസരങ്ങൾ, കച്ചവടങ്ങൾ , ജോലികൾ തുടങ്ങിയവയെല്ലാം ഈ സമയത്ത് ലഭിക്കും.
മുംബൈയിൽ നിന്നും പൂനെയിൽ നിന്നും നാസിക്കില്‍ നിന്നും പുരുഷ്വാഡിയിൽ റോഡ് മാർഗം എത്താം. മുംബൈയിൽ നിന്ന് 180 കിലോമീറ്റർ അകലെയും പൂനെയിൽ നിന്ന് 225 കിലോമീറ്റർ അകലെയും ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അഹമ്മനദ്നഗർ ജില്ലയുടെ ഭാഗമാണ് ഇവിടം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












