റാണിപുരം, കാസർകോഡുകാരുടെ സ്വന്തം മിനി ഊട്ടി. മലയിറങ്ങി വരുന്ന കോടമഞ്ഞും വീശിയടിക്കുന്ന കുളിർകാറ്റും പിന്നെ ക്ഷണിക്കാതെ തന്നെ തോന്നുന്നപോലെ എത്തുന്ന മഴയും. സഞ്ചാരികൾക്ക്, പ്രത്യേകിച്ച് മഴയാത്രികർക്ക് ഇതുതന്നെ ധാരാളമാണ്. ഈ സുഖമുള്ള കാഴ്ചകളിലൂടെ, ഉപ്പിലിട്ട നെല്ലിക്കയും ഒരുകുപ്പി വെള്ളവും കയ്യിലുണ്ടെങ്കിൽ മുകളിൽ പോയി സുഖമായി തിരിച്ചുവരാം.
പേരുപോലെ മലകളുടെ റാണിയാണ് റാണിപുരം. എത്ര തവണ പോയാലും മടുപ്പിക്കാത്ത നാട്. കൊടുംവേനലിലും തണുപ്പിന്റെ പുതപ്പുമെടുത്ത് നിൽക്കുന്നയിടം. കയറ്റവും കുന്നും ഇറക്കങ്ങളും പാറക്കെട്ടും പുൽമേടും കാടും ഒക്കെയായി ഒന്നൊന്നര യാത്രാനുഭവം ഈ യാത്ര നല്കുമെന്ന കാര്യത്തിൽ സംശയം വേണ്ട! ഇനി മഴക്കാലത്താണെങ്കിൽ ഒരു രക്ഷയുമില്ലാത്ത യാത്രാനുഭവം കിട്ടും.

ഞങ്ങളുടെ യാത്ര തുടങ്ങിയത് ഒടയംചാൽ എന്ന സ്ഥലത്തുനിന്നുമാണ്. രാജപുരം എന്ന കുടിയേറ്റ പ്രദേശത്തിനു തൊട്ടടുത്തുള്ള ചെറിയ ടൗൺ. മഴ എത്തിത്തുടങ്ങുന്ന സമയമായിരുന്നെങ്കിലും മഴ നനയാം എന്ന പ്ലാനിലായിരുന്നു യാത്ര. ഒടയംചാലിൽ നിന്ന് റാണിപുരത്തേയ്ക്ക് 28 കിലോമീറ്റർ ദൂരമുണ്ട്. വളവും തിരിവുമെല്ലാം കയറി വരുമ്പോഴേയ്ക്കും 50 മിനിറ്റ് സമയമെടുക്കും.
കാസർകോഡ് ജില്ലയിലെ പനത്തടി എന്ന സ്ഥലത്ത് നിന്ന് ഏകദേശം 9 കിലോമീറ്റർ മുകളിലായാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസർകോഡ് നിന്ന് വരുമ്പോൾ പാണത്തൂർ ബസിൽ കയറിയാൽ പനത്തടിയിൽ ഇറങ്ങാം. ഇവിടെ നിന്ന് റാണിപുരത്തേയ്ക്ക് ട്രിപ്പ് ജീപ്പുകളോ അല്ലെങ്കിൽ വല്ലപ്പോഴും വരുന്ന കെഎസ്ആർടിസി ബസുകളോ ലഭിക്കും.
ദൂരക്കാഴ്ചകളും കാടും ഇടയ്ക്കിടെ വരുന്ന വീടുകളും കണ്ട് ഇനി ഒൻപത് കിലോമീറ്റര്‍ മുകളിലേക്ക് കയറണം. വഴിനീളെ മഴയായിരുന്നതിനാൽ പ്രതീക്ഷിച്ചതിലുമധികം സമയമെടുത്താണ് മുകളിലെത്തിയത്. മുകളിൽ വണ്ടി പാർക്ക് ചെയ്യാനുള്ള ഒരു ഗ്രൗണ്ട് കാണാം. അവിടെ വണ്ടിവെച്ച ശേഷം തൊട്ടു മുകളിലായി ഒരു ചായക്കടയും അതിനു മുകളിൽ ടിക്കറ്റ് കൗണ്ടറും കാണാം.

നേരെ ചെന്നുകയറിയത് വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിലേക്കാണ്. ടിക്കറ്റ് എടുത്ത് അവരുടെ നിർദ്ദേശങ്ങളും കേട്ട ശേഷം യാത്ര തുടങ്ങി. പ്ലാസ്റ്റിക് വസ്തുക്കൾ കാട്ടിലേക്ക് കയറ്റതുതെന്നാണ് നിർദ്ദേശം. യാത്രയ്ക്കു മുൻപ് താഴെയുള്ള കടയിൽ നിന്ന് ഒരു ചൂടു ചായ കുടിച്ച് കയ്യിൽ പഴങ്ങളോ ഒക്കെയായി കയറിയാൽ ക്ഷീണം തോന്നില്ല എന്ന് അനുഭവം!
ഇനിയാണ് ശരിക്കുമുള്ള യാത്ര തുടങ്ങുന്നത്. യാത്രയുടെ ആരംഭം മരങ്ങൾ നിറഞ്ഞുനില്‍ക്കുന്ന കാട്ടിലൂടെയാണ്. ഇരുവശത്തും കൈവേലികൾ സ്ഥാപിച്ചിട്ടുള്ള വഴിയിലൂടെ മുകളിലേക്ക് കുത്തനെ നടക്കാം. നേരേ നോക്കുമ്പോൾ ഇനി വരുന്ന വഴി മുഴുവനും ഇങ്ങനെ കയറ്റമാണോ എന്നു തോന്നിയേക്കാം. ഹേയ്! അല്ലേയല്ല, കിടിലൻ കാഴ്ചകളാണ് മുന്നോട്ട് കാത്തിരിക്കുന്നത്. സൂക്ഷിച്ചു കയറിയില്ലെങ്കിൽ രണ്ടടി മുന്നോട്ട് വെക്കുമ്പോൾ മൂന്നടി താഴേക്ക് പോകുവാനും സാധ്യതയുണ്ട്. ഗ്രിപ്പ് ഇല്ലാത്ത ചെരിപ്പാണെങ്കിൽ പണി പാളുമെന്നത് തീർച്ച!
ചോലക്കാട് കടന്നെത്തിയത് തുറസ്സായ ഒരു സ്ഥലത്താണ്. അവിടെ നിന്നപ്പോൾ കാണുന്നത് പുൽമേട് മാത്രമാണ്. ഇടയ്ക്ക് അവിടെയിവിടെയായി കാണുന്ന ഒറ്റപ്പെട്ട മരങ്ങളും. ഇനി യാത്ര ഈ പുൽമേടുകളിലൂടെയാണ്. ആളൊപ്പം ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ല് വേനലിൽ അല്പം ക്ഷീണിക്കുമെങ്കിലും മഴക്കാലത്ത് തഴച്ച് വളർന്ന് നിൽക്കുകയാണ്.
ഈ പുല്ലിനെ കൈകൊണ്ട് വകഞ്ഞുമാറ്റി അതിനുള്ളിലൂടെ വേണം നടന്ന് മുന്നോട്ട് കയറുവാൻ. ആ നടത്തത്തിൽ ചെറിയൊരു കുന്നുകയറിയും അത് ഇറങ്ങി വീണ്ടും മരങ്ങൾ വളർന്നു നിൽക്കുന്ന ഒരിടത്തുകൂടി നടക്കുകയും വേണം . ഇടയ്ക്ക് പുല്ലുമേഞ്ഞൊരു ചെറിയ കുടിലും അവിടെ ഇരിക്കാനൊരു പലകയും കാണാം. ഇവിടെയൊന്നു വിശ്രമിച്ച ശേഷം വീണ്ടും നടത്തം തുടരണം.
വീണ്ടും പുൽമേടുകൾ കടന്ന് മരക്കൂട്ടങ്ങൾ താണ്ടി ഒറ്റനടപ്പാതയിലൂടെ പോവുകയാണ്. മേഘം കൺമുന്നിൽ കയ്യകലത്തിൽ നിൽക്കുന്ന കാഴ്ച. അങ്ങകലെ മലകളും കോടമഞ്ഞും. ഇതെല്ലാം ആസ്വദിച്ച് ക്ഷീണമില്ലാതെ നടക്കാം. മഴ പെയ്യുന്നുണ്ടെങ്കിൽ ഉറപ്പായും കോടമഞ്ഞും കൂട്ടിനുണ്ടാകും. കുറച്ചുദൂരം കൂടി നടന്നാൽ കയറിച്ചെല്ലേണ്ട ഒരു പാറക്കെട്ട് കാണാം. അങ്ങോട്ടേയ്ക്കുള്ള യാത്ര തുടങ്ങുന്നതിനു മുൻപായി മോരുംവെള്ളം വിൽക്കുന്ന ഒരു കട കാണാം.
ഇത്രയും നടന്ന ക്ഷീണം മാറ്റിയ ശേഷം കുന്നു കയറാം. ശരിക്കും രണ്ടു വഴികളാണ് ഇവിടേക്കു പോകുവാനുള്ളത് . ഒന്നിലൂടെ പാറയുടെ അടുത്തേയ്ക്ക് പോകുവാനും അടുത്തതിലൂടെ താഴേക്കിറങ്ങുവാനും. അങ്ങനെ മലയെചുറ്റി ആ വലിയ പാറയുടെ താഴെ നിന്ന് മുകളിലേക്ക് കയറാം. ഇടുങ്ങിയ വഴിയായതിനാൽ വളരെ ശ്രദ്ധിക്കണം. ഒപ്പം തെന്നാതെ നോക്കുകയും വേണം. വീശിയടിക്കുന്ന കാറ്റിലേക്കാണ് കയറിച്ചെല്ലുന്നത്.

വിവിധ ആംഗിളുകളിൽ ഫോട്ടോ എടുക്കുന്നവരെയും കാറ്റ് ആസ്വദിച്ചു നിൽക്കുന്നവരെയും വർത്തമാനം പറഞ്ഞ് വെറുതേയിരിക്കുന്നവരെയും ഒക്കെ ഓരോ ഭാഗത്തായി കാണാം.
അവിടെ മുഴുവനും നടന്ന് കാഴ്ചകൾ കണ്ട് 10-20 മിനിറ്റ് നിന്ന ശേഷം വലിയ മഴക്ക് മുന്നേ താഴേയ്ക്കിറങ്ങി.
പാറക്കൂട്ടം ഇറങ്ങിക്കഴിഞ്ഞ് അടുത്ത വഴിയിലൂടെ ആ ചെറിയ കടയുടെ അടുത്തെത്തി നേരത്തെ വന്ന അതേ വഴിയിലൂടെ താഴേക്കിറങ്ങാം.
താഴേക്കുള്ള യാത്ര എളുപ്പമാണ്. മുഴുവൻ ഇറക്കമായതിനാൽ വേഗത്തിലിറങ്ങാം. എന്നാൽ മണ്ണുകുഴഞ്ഞു കിടക്കുകയാണെങ്കിൽ വഴുക്കാതെ ശ്രദ്ധിക്കണം. പരമാവധി മൂന്നു മണിക്കൂർ മതി മുകളിൽ കയറി താഴെയെത്തുവാൻ. എന്നാൽ മെല്ലെ കയറി മെല്ലെ ഇറങ്ങുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്. വൈകിട്ട്3.00 മണി വരെ മാത്രമേ ടിക്കറ്റ് എടുക്കുവാൻ സാധിക്കുകയുള്ളൂ. 5.00 ആകുമ്പോൾ മലമുകളിൽ നിന്നിറങ്ങുകയും വേണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












