പൂത്തു നിൽക്കുന്ന ചെറി മരങ്ങൾ.. പിങ്ക്, പർപ്പിൾ നിറങ്ങളിലെ ഈ അത്ഭുത കാഴ്ച കാണണമെങ്കിൽ അങ്ങ് ജപ്പാനിലോ യുഎസിലോ ഒക്കെ പോകേണ്ടി വരുമെന്നത് പഴയ കഥയാണ്. ശരത് കാലത്ത് ചെറി മരങ്ങൾ പൂവിട്ടു നിൽക്കുന്ന കാഴ്ച ഇതാ നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ. അതേ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത് നമ്മുടെ മേഘാലയയിലാണ്.
അതേ, ശ്വാസം പോലും പിടിച്ചു നിർത്തുന്ന തരത്തിൽ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മേഘാലയയിലെ ഏറ്റവും കൗതുകമുണർത്തുന്ന കാഴ്ചയാണ് ഇവിടെ ശൈത്യകാലത്ത് ഷില്ലോങ്ങിൽ പൂത്തു നിൽക്കുന്ന ചെറി മരങ്ങൾ. ഈ കാഴ്ചകളുടെ ആഘോഷത്തിലേക്ക് ഷില്ലോങ് ക്ഷണിക്കുന്നത് ചെറി ബ്ലോസം ഫെസ്റ്റിവലിലൂടെയാണ്- Shillong Cherry Blossom Festival 2023.

സാധാരണ അമേരിക്കയിലും ജപ്പാനിലും പാരീസിലുമെല്ലാം ഏപ്രിൽ മാസം മുതലാണ് ചെറി മരങ്ങൾ പൂവിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ കാഴ്ചകൾ കാണാനായി ഇവിടേക്ക് വരികയും ചെയ്യുന്നു. എന്നാൽ ഷില്ലോങ്ങിനെ വ്യത്യസ്തമാക്കുന്നത് നവംബർ മാസത്തിലെ ചെറിപൂക്കളാണ്.
ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ 2023
മേഘാലയയിലെ ഏറ്റവും വലിയ ഫെസ്റ്റിവലുകളിൽ ഒന്നാണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ.
ചെറി മരങ്ങളുടെ കാഴ്ചകൾക്കൊപ്പം പ്രദേശത്തെ സംഗീതത്തെയും കലകളെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ചെറി ബ്ലോസം ഫെസ്റ്റിവലിനുണ്ട്. ഒരു ക്യാൻവാസിൽ വരച്ചു നിറം കൊടുത്തതുപോലെ ഈ സീസണിൽ ഷില്ലോങ്ങിന്‍റെ രൂപം മാറും. പിന്നെ സീസണിലെ മഞ്ഞും തണുപ്പും കൂടി ചേരുമ്പോൾ ഇവിടെ വരാതിരിക്കുന്നതെങ്ങനെയാന്നാണ് സഞ്ചാരികൾ ചോദിക്കുന്നത്.

ചെറി ബ്ലോസം ഫെസ്റ്റിവൽ 2023- തിയതി, പരിപാടികൾ
നവംബർ 17 മുതൽ 19 വരെ മൂന്നു ദിവസമാണ് ഈ വർഷത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുക. സംഗീതരംഗത്തെ നിരവധി പ്രതിഭകൾ ഈ ദിവസങ്ങളിലായി നിരവധി പരിപാടികള്‍ അവതരിപ്പിക്കും. സംഗീത രംഗത്തെ പ്രതിഭകളായ റൊണാൻ കീറ്റിംഗ് (ബോയ്‌സോൺ), ഗ്രാമി അവാർഡ് നേടിയ R&B ആർട്ടിസ്റ്റ് നെ-യോ, ഡിജെ, സംഗീത നിർമ്മാതാവ് ജോനാസ്, ബ്ലൂ, ഡിജെ കെന്നി മ്യൂസിക്, സനം (ഇന്ത്യ), ഹൈബ്രിഡ് തിയറി, SURL (ദക്ഷിണ കൊറിയ), യുകെയിൽ നിന്നുള്ളഡിജെ പിങ്ക് പാണ്ട, മെബ ഒട്ടിലിയ, ലൂ മജാവ്, ബ്ലൂ ടെംപ്‌റ്റേഷൻ തുടങ്ങിയ പ്രതിഭകൾ ഇവിടെ എത്തും.
ഇത് കൂടാതെ മറ്റു നിരവധി പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രാഫിറ്റി, ആർട്ട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ, കരോക്കെ മത്സരം തുടങ്ങിയവയും ഇവിടെ പ്രതീക്ഷിക്കാം. അതോടൊപ്പം സന്ദർശകർക്ക് ഇവിടുത്തെ പ്രാദേശിക രുചികൾ, വൈനകൾ, ബിയറുകൾ, വ്യത്യസ്ത രാജ്യങ്ങളിലെ വിഭവങ്ങൾ, എന്നിവ ആസ്വദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
ചെറി ബ്ലോസം ഫെസ്റ്റിവൽ 2023 ലൊക്കേഷൻ
സ്ഥിരം വേദിയിൽ നിന്ന് മാറിയാണ് ഈ വർഷത്തെ ഷില്ലോംഗ് ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുക. ഈ വർഷം ഷില്ലോങ്ങിലെ മൗലാസ്നൈയിലുള്ള ആർബിഡിഎസ്എ സ്പോർട്സ് കോംപ്ലക്സ് ആണ് ഫെസ്റ്റിവൽ വേദി, നടക്കും. കഴിഞ്ഞ വർഷം പ്രധാന ഉത്സവ വേദി പോളോ ഗ്രൗണ്ടായിരുന്നു. വാർഡ്സ് തടാകത്തിൽ ചെറിയ പരിപാടികളും ഇതിനൊപ്പം ഉണ്ടായിരുന്നു.
ചെറി ബ്ലോസം ഫെസ്റ്റിവൽ 2023- ടിക്കറ്റ് നിരക്ക്
1200 രൂപാ മുതൽ വിവിധ നിരക്കിൽ ഇവിടെ ടിക്കറ്റ് ലഭ്യമാണ്. ഒരോ ദിവസത്തെ പ്രവേശനം മുതൽ മൂന്നു ദിവസത്തെ ഒറ്റ പാക്കേജായും ടിക്കറ്റുകൾ ലഭിക്കും. https://www.rockskitickets.com/ എന്ന സൈറ്റിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












