
photo courtesy: mattbuck
നിങ്ങൾ ഒറീസയിലേക്ക് പോകുമ്പോൾ മനസിൽ ലക്ഷ്യം വയ്ക്കുന്നത് കൊണാർക്കിലെ സൂര്യക്ഷേത്രവും, പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായിരിക്കും. ഇന്ത്യയിലെ പേരുകേട്ട ക്ഷേത്രങ്ങളായ ഈ ക്ഷേത്രങ്ങൾ കാണാനല്ലെങ്കിൽ പിന്നെന്തിന് ഒറീസയിലേക്ക് പോകണമെന്ന് പറയുന്നവരും ഉണ്ടാകാം. കാരണം ഒറീസയെന്നാൽ ക്ഷേത്രങ്ങൾ മാത്രമാണെന്നാണ് പലരുടേയും ധാരണ.
ഇന്ത്യയിലെ പേരുകേട്ട ബീച്ചായ പുരി ബീച്ച് സ്ഥിതി ചെയ്യുന്നത് ഒറീസയിലാണെന്ന് പറയുമ്പോൾ അതിന് രണ്ടാം സ്ഥാനമാണ് നമ്മൾ നൽകുന്നത്. കാരണം തിരുവനന്തപുരം മുതൽ കാസർകോട് വരെ നീണ്ട് നിൽക്കുന്ന കേരളത്തിലെ ബീച്ചുകൾ നോക്കി ആഗ്രഹം തീർക്കുന്നവരാണ് മലയാളികൾ.
കേരളത്തിലെ ബീച്ചുകളിൽ കാണാത്ത, കാണുമ്പോൾ ആശ്ചര്യപ്പെടുന്ന ചിലകാഴ്ചകൾ പുരിയിൽ എത്തിയാൽ നിങ്ങൾക്ക് കാണാം. അതാണ് പുരി എന്ന ബീച്ചിനെ മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്തപ്പെടുത്തുന്നതും. നിരവധി വിസ്മയങ്ങൾ ഒരുക്കിയിരിക്കുന്ന പുരിയിൽ, ചില കലാകാരൻമാർ ഒരുക്കുന്ന വിസ്മയമാണ് പുരിയിലെ മണൽശിൽപ്പങ്ങൾ.
പുരി ബീച്ചിലൂടെ നിങ്ങൾ വെറുതെ ഒന്ന് നടന്ന് നോക്കുക, ഒരു പക്ഷെ നിങ്ങളുടെ കാൽചുവട്ടിൽ മനോഹരമായ ഒരു കൊട്ടാരം കണ്ടേക്കാം. അല്ലെങ്കിൽ ഒരു മനുഷ്യരൂപം. എല്ലാം നിർമ്മിച്ചിരിക്കുന്നത്. കടൽ തീരത്തെ മണലുകൊണ്ട്. മണലിൽ വിസ്മയങ്ങൾ ഒരുക്കി വച്ചിട്ടുള്ള പുരി ബീച്ചിലേക്ക് നിങ്ങൾക്ക് സ്വാഗതം.
തീരത്തെ മണൽ, കടലിലെ ജലം
ഒറീസയിലെ കലാകാരൻമാർക്ക് കാഴ്ചക്കാരെ വിസ്മയിപ്പിക്കാൻ തീരത്തെ മണലും കടലിലെ ജലവും മതിയാകും. മണലിലാണ് അവർ കവിത രചിക്കുന്നത്. മണൽ വിരിച്ച തീരത്തിരുന്ന്, കൂനകൂട്ടി കുഴച്ചെടുത്ത മണലിൽ മനുഷ്യനും, മൃഗങ്ങളും, കൊട്ടാരങ്ങളും രൂപപ്പെടുമ്പോൾ, ഇത് നിർമ്മിക്കുന്ന കലാകാരൻമാർക്ക് കൈമുതലായുള്ളത്, കരവിരുതും ക്ഷമാ ശീലവും മാത്രം. കാഴ്ചക്കാർക്ക് വിസ്മയവും.

മണൽശിൽപങ്ങൾക്ക് പിന്നിൽ ഒരു കഥ
പുരിയിൽ മാത്രമല്ല, ഒറീസയിലെ തീരങ്ങളിലെല്ലാം മണൽശിൽപ്പങ്ങൾ പ്രശസ്തമാണ്. ഒറീസയിൽ മണൽശിൽപങ്ങൾ പ്രശസ്തമായതിന് പിന്നിൽ ഒരു കഥ നിലനിൽക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ നടന്നതെന്ന് പറയപ്പെടുന്ന ഒരു കഥ. പതിനാലാം നൂറ്റാണ്ടിൽ ബലറാം ദാസ് എന്ന ഒരു കവി പുരിയിൽ ജീവിച്ചിരുന്നു. പുരി ജഗന്നാഥന്റെ കടുത്ത ഭക്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മനസിൽ ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു. ജഗന്നാഥ ക്ഷേത്രത്തിൽ വാർഷിക ഉത്സവത്തിന് നടക്കാറുള്ള രഥയാത്രയിൽ, തന്റെ ആരാധ്യ നാഥനായ ജഗന്നാഥന്റെ രഥത്തിൽ കയറുക. അതായിരുന്നു ആ ദരിദ്ര കവിയുടെ ഏറ്റവും വലിയ ആഗ്രഹം.
എന്നാൽ കീഴ്ജാതിക്കാരനായ അദ്ദേഹത്തെ രഥത്തിൽ കയറ്റാൻ ആരും അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ആഗ്രഹത്തെ എല്ലാവരും ക്രൂരമായി കളിയാക്കി. അപമാനിതനായ ബലറാം, കഠിനമായ മനോവേദനയോടെ പുരിയിലെ കടൽതീരത്തേക്ക് പോയി. അവിടെ കടൽ തീരത്തെ മണലിൽ അദ്ദേഹം ജഗന്നാഥന്റെ ശില്പം ഉണ്ടാക്കി പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ ശക്തമായ പ്രാർത്ഥനയിൽ രഥയാത്ര ഉപേക്ഷിച്ച് ജഗന്നാഥൻ ബലറാമിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതോടെയാണ് ഇവിടെ മണൽശില്പങ്ങൾ പ്രശസ്തമായതെന്നാണ് ഐതിഹ്യം
ഐതിഹ്യങ്ങളിൽ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും. ഒരു കാര്യം ഉറപ്പാണ്, മണൽശിൽപ്പങ്ങളുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ പുരിയിലേക്ക് യാത്ര ചെയ്യണം.

സുദർശൻ പട്നായിക്
ഒറീസയിലെ മണൽശില്പങ്ങളെക്കുറിച്ച് പറയുമ്പോൾ, ആധുനിക കാലത്ത് മണൽശിൽപങ്ങൾക്ക് ഇത്രയും പ്രചാരം നൽകിയ ഒറീസയിലെ കലാകാരനായ സുദർശൻ പട്നായിക്കിനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഒറീസയിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം 1995 മുതലാണ് മണൽ ശില്പങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.
നിരവധി രാജ്യങ്ങളിൽ അദ്ദേഹം മണൽശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പുരി ബീച്ചിന് സമീപത്തായി സാൻഡ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അദ്ദേഹം ഒരു പഠന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
പുരിയിലെ ചിത്രങ്ങൾ കാണാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













