ഒരുപാട് ആഘോഷങ്ങളോടെയാണ് മേയ് മാസം കടന്നു വരുന്നത്. വിശ്വാസപരമായി നോക്കിയാലും ഒരു സഞ്ചാരി നിലയിലും ഒരുപാട് പ്രത്യേകതകൾ ഈ മാസത്തിനുണ്ട്. മധ്യവേനലവധിയുടെ അവസാന മാസമായതിനാൽ കഴിവതും യാത്രകളോടെ ആഘോഷിക്കുവാനായിരിക്കും കുട്ടികളുൾപ്പെടെയുള്ളവർക്ക് താല്പര്യം. മോഹിനി ഏകാദശി, നരസിംഹ ജയന്തി വൈശാഖ പൂർണ്ണിമ തുടങ്ങിയ ദിവസങ്ങളും ഈ മാസമുണ്ട്.
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഓരോ ദിവസത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. പ്രാർത്ഥനകളോടെയും ക്ഷേത്രദർശനങ്ങളോടെയും കൂടിയാണ് മിക്ക ദിവസങ്ങളും ആചരിക്കുന്നത്. ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം വരുന്നതും, മോഹിനി ഏകാദശിയും മേയ് മാസമാണ്. 2023 മേയ് മാസത്തിലെ പ്രധാന ആഘോഷങ്ങളും ചടങ്ങളുകളും ഏതൊക്കെയാണെന്നും എന്താണ് പ്രത്യേകതയെന്നും നോക്കാം.

മോഹിനി ഏകാദശി
മേയ് 1-ാം തിയതിയാണ് പ്രധാനപ്പെട്ട മോഹിനി ഏകാദശി ആചരിക്കുന്നത്. വൈഷ്ണവ വിശ്വാസികൾക്കാണ് ഈ ദിവസം ശ്രേഷ്ഠമായിട്ടുള്ളത്. മഹാവിഷ്ണു മോഹിനി രൂപം ധരിച്ച ഏകാദശി നാളാണ് ഇതെന്നാണ് വിശ്വാസം. അമൃതം അടങ്ങിയ കലശം തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് വീണ്ടെടുക്കുന്നതിനായി മഹാവിഷ്ണു മോഹിനി രൂപമെടുത്ത് അവരെ മോഹിപ്പിച്ച് അമൃത് തിരികെയെടുത്തു എന്നാണ് വിശ്വാസം. വിഷമങ്ങളും പാപങ്ങളും ഇല്ലാതാക്കി, സമാധാനം നല്കുന്നതാണത്രെ ഈ ഏകാദശി.
നരസിംഹ ജയന്തി
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട മറ്റൊരു ദിവസമാണ് നരസിംഹ ജയന്തി. വൈശാഖ മാസത്തിലെ ശുക്ല പക്ഷ ചതുർത്ഥി ദിനത്തിലെ ഈ ദിവസം ഈ വർഷം മേയ് 4 നാണ്. മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമാണ് നരസിംഹം. എത്ര വലിയ കഷ്ടപ്പാടും ദുരിതങ്ങളും മാറുവാൻ ഈ ദിവസത്തെ പ്രാർത്ഥനകളും പൂജകളും സഹായിക്കുമത്രെ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, കോടതി- കേസ് വ്യവഹാര പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഈ ദിവസത്തെ പ്രാര്‍ത്ഥനകളിലൂടെ മാറുമത്രെ.

ചന്ദ്രഗ്രഹണം
ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മേയ് 5 വെള്ളിയാഴ്ച നടക്കും. പെനംബ്രൽ ചന്ദ്രഗ്രഹണം അഥവാ അല്‍പഛായ ചന്ദ്രഗ്രഹണം ആണ് ഇത്.
ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈമിൽ മേയ് 5ന് തിയതി രാവിലെ 10.1ന് തുടങ്ങുന്ന ചന്ദ്രഗ്രഹണം 12.22ന് (EST) അതിന്‍റെ പരമാവധി ഗ്രഹണത്തിൽ എത്തും. തുടർന്ന് 14.31 (EST)യിൽ ചന്ദ്രഗ്രഹണം അവസാനിക്കും. 4 മണിക്കൂർ 18 മിനിറ്റാണ് ഇതിന്റെ പരമാവധി ദൈർഘ്യം.
വൈശാഖ പൂർണ്ണിമ
വൈശാഖമാസത്തിലെ പൗർണ്ണമി ദിനത്തിൽ നടക്കുന്ന ആഘോഷമാണ് വൈശാഖ പൂർണ്ണിമ. ഈ വര്‍ഷം മേയ് അഞ്ചാം തിയതി വെള്ളിയാഴ്ചയാണ് ഈ ദിവസം ആചരിക്കുന്നത്. ബുദ്ധ പൂർണ്ണിമ എന്ന പേരിലും ഈ ദിവസം അടയാളപ്പെടുത്തുന്നു. പൗർണ്ണമിയും വിശാഖം നക്ഷത്രവും ഒരുപോലെ വരുന്ന ദിവസമാണ് ബുദ്ധപൂർണ്ണിമ. ബുദ്ധമത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഈ ദിവസത്തിന് വളരെ പ്രാധാന്യമുണ്ട്. സിദ്ധാർത്ഥനിൽ നിന്നും ശ്രീ ബുദ്ധനായി മാറി, ബോധോധയം ലഭിച്ച ദിവസമായും ഇതറിയപ്പെടുന്നു.

ഗംഗാ ദസറ
മേയ് മാസത്തിലെ മറ്റൊരു പ്രധാന ദിവസമാണ് ഗംഗാ ദസറ. ജ്യേഷ്ഠ മാസത്തിലെ ദശമിയിൽ ആഘോഷിക്കുന്ന ദിവസം ഈ വർഷം മേയ് 30 നാണ് വരുന്നത്. പുണ്യനദിയായ ഗംഗ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിയ ദിവസമാണിതെന്നാണ് വിശ്വാസം. ഗംഗാ നദിയുടെ തീരത്ത് നടക്കുന്ന ആഘോഷത്തിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. വാരണാസി, ഋഷികേശ്, പ്രയാഗ്രാജ്, ഹരിദ്വാര്‍, പട്ന, ഗർമുക്തേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആഘോഷവും ചടങ്ങുകളും നടക്കുന്നത്.
ചിത്രപൗർണ്ണമി
മേയ് അഞ്ചാം തിയതിയിലെ ചിത്ര പൗർണ്ണമി നാളിൽ രാജ്യത്തിന്‍റെ പലഭാഗത്തും പ്രത്യേക ചടങ്ങുകൾ നടക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഇടുക്കിയിൽ കുമളിക്ക് സമീപമുള്ള മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി. കേരളത്തിലെ ഒരേയൊരു കണ്ണകി ക്ഷേത്രമായ ഇത് കൊടുംകാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്ര പൗർണ്ണമി നാളിൽ മാത്രമേ ഇവിടേക്ക് ആളുകൾക്ക് പ്രവേശനമുള്ളൂ. കേരള-തമിഴ്നാട് സർക്കാരുകൾ സംയുക്തമായാണ് ഇത് നടത്തുന്നത്.

PC:Vishnubonam
ഇത് കൂടാതെ
മെയ് 2 - പരശുരാമ ദ്വാദശി,
മെയ് 3- ശുക്ല പക്ഷ പ്രദോഷ വ്രതം
മെയ് 5 - വൈശാഖ പൂര്‍ണിമ വ്രതം, ബുദ്ധ പൂര്‍ണിമ, ചന്ദ്രഗ്രഹണം
മേയ് 8 - ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥി
മെയ് 12- കാലാഷ്ടമി,
മെയ് 14- ഹനുമാന്‍ ജയന്തി (തെലുങ്ക്)
മെയ് 15- അപര ഏകാദശി, ഇടവ സംക്രാന്തി
മെയ് 19- ജ്യേഷ്ഠ അമാവാസി, വട സാവിത്രി വ്രതം,
മെയ് 29- മഹേശ നവമി
മെയ് 31 നിര്‍ജല ഏകാദശി, ഗായത്രി ജയന്തി, രാമ ലക്ഷ്മണ ദ്വാദശി തുടങ്ങി ദിവസങ്ങളും വരുന്നുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












