തിരുവില്വാമല ഏകാദശി
തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി കേരളത്തിലെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ഏകാദശികളിൽ ഒന്നാണ്. ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ദിവസമാണ് തിരുവില്വാമല ഏകാദശി ആചരിക്കുന്നത്. വിജയ ഏകാദശിയിലെ ഈ ദിവസത്തിൽ ഒരുപാട് തീർത്ഥാടകർ തിരുവില്വാമലയിൽ എത്തിച്ചേരുന്നു. ഫാൽഗുന വിജയ ഏകാദശി എന്നും ഇതറിയപ്പെടുന്നു.
തിരുവില്വാമല ഏകാദശി 2023
2023 ലെ തിരുവില്വാമല ഏകാദശി ഫെബ്രുവരി 17-ാം തിയതി വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. നവമിയും ദശമിയും ആയി 2ദിവസങ്ങളിൽ ഇവിടെ വലിയ ആഘോഷങ്ങൾ നടക്കുന്നു. 16-ാം തിയതി വ്യാഴാഴ്ച രാത്രി 9.29 മുതൽ 17 വെള്ളിയാഴ്ച രാവിലെ 7.59 വരെയാണ് ഇവിടുത്തെ ഹരിവാസര വേള നടക്കുന്നത്.
ദശമി ശീവേലി
പതിനാറാം തിയതി നടക്കുന്ന ദശമി ശീവേലി വിശ്വാസികൾക്കിടയിൽ മാത്രമല്ല, ഉത്സവ പ്രേമികളുടെ ഇടയിലും വളരെ പ്രസിദ്ധമാണ്. ഉച്ചയ്ക്ക് 2.30ന് ഓട്ടൻ തുള്ളൽ, തുടർന്ന് പാഠകം, നാമസങ്കീർത്തനം രാത്രി എട്ടു മണിക്ക് സംഗീത കച്ചേരി, 9 മണിക്ക് നൃത്തം, ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിൽ രാത്രി എട്ടു മണിക്ക് തായമ്പക, തുടങ്ങിയവയാണ് പ്രധാന പരിപാടികൾ,
തിരുവില്വാമല ഏകാദശിയിൽ പ്രാർത്ഥിച്ചാൽ
തിരുവില്വാമല ഏകാദശിയിൽ പങ്കെടുത്ത് വ്രതമനുഷ്ഠിച്ച് പ്രാർത്ഥിക്കുന്നവർക്ക് ഒട്ടേറെ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠകളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചടങ്ങാണ് ഇവിടുത്തെ ഏകാദശി എന്നു പറയാം. തിരുവില്വാമലയിലെ പ്രധാന പ്രതിഷ്ഠ രാമനും സഹോദരൻ ലക്ഷ്മണനും ആണല്ലോ. മുന്നിലും പിന്നിലുമായി രണ്ട് വ്യത്യസ്ത ശ്രീകോവിലുകളിൽ ഇവർ വാഴുന്നു. രണ്ടു പ്രതിഷ്ഠകളും വിഷ്ണുവിന്റെ രൂപത്തിലാണുള്ളത്. വില്വാദ്രിനാഥനിൽ ശിവചൈതന്യം ഉണ്ടെന്നാണ് വിശ്വാസമെന്നതിനാൽ കറുത്ത പക്ഷത്തിലെ ഏകാദശിക്ക് ക്ഷേത്രത്തിൽ വളരെ പ്രാധാന്യം ഉണ്ട്.
നാലു ദിവസങ്ങൾ
അഷ്ടമി നാളിൽ ചുറ്റുവിളക്കോടെ ആരംഭിക്കുന്ന ഏകാദശി ആഘോഷങ്ങൾ ഈ ദേശക്കാരുടെ ഏറ്റവും വലിയ ചടങ്ങുകളിൽ ഒന്നാണ്. ദശമി നാളിൽ പൂജയുടെയും ദീപാരാധനയുടെയും സമയത്തൊഴികെ മുഴുവൻ നേരവും ഇവിടെ നട തുറന്നിരിക്കും.
ഏകാദശിയിൽ ഉപവാസമെടുത്തുള്ള പ്രാർത്ഥനകളാണ് ഇവിടെ നടക്കുന്നത്. ഉച്ചവരെ മാത്രമേ ഏാദശി പൂജകൾ ഉണ്ടാവുകയുള്ളൂ.
പാപമോചനം നേടാം
തിരുവില്വാമല ഏകാദശി നോറ്റു പ്രാർത്ഥിക്കുന്നത് ഒട്ടേറെ അനുഗ്രഹങ്ങൾ നല്കുമെന്നാണ് വിശ്വാസം. ശത്രുക്കളിൽ നിന്നു വിജയം നേടുവാനും പ്രതിസന്ധികൾ മാറിപ്പോകുവാനും ഈ ഏകാദശി ആചരണം സഹായിക്കും. ഉപവസിച്ച് പ്രാർത്ഥിക്കുന്നത് വിഷ്ണു പ്രീതിക്കും ശ്രീരാമനെ ആരാധിക്കുന്നത് പാപങ്ങളുടെ മോചനത്തിനും കാരണമാകും എന്നും വിശ്വസിക്കപ്പെടുന്നു.
PC: Aruna, Wikipedia