മുംബൈ.. സ്വപ്നം കാണുന്നവരുടെ നഗരമെന്നും ബോളിവുഡ് സിറ്റിയെന്നുമൊക്കെ അറിയപ്പെട്ടിരുന്ന മുംബൈ ഇതാ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ വന്നിരിക്കുകയാണ്. ആരോഗ്യസംരക്ഷണവും മികച്ച ഡിന്നറും ബിസിനസ് ക്ലാസ് യാത്രയ്ക്കുമെല്ലാം ഇവിടെ പോക്കറ്റ് കീറുന്ന കാര്യങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ സഞ്ചാരികളുടെ സ്വപ്നമായ മുംബൈയിലേക്ക് സഞ്ചാരികൾക്ക് വരാതിരിക്കാനാകില്ലല്ലോ!
എത്ര പണമില്ലാത്തവർക്കും മുംബൈയിൽ ജീവിക്കാം, അതുപോലെ എത്ര പണമുണ്ടെങ്കിലും ഇവിടെ ജീവിക്കാം എന്ന് പണ്ട് പറയുമായിരുന്നു. എന്നാൽ മിനിമം ഒരു തുക കയ്യിലില്ലെങ്കിൽ ഇന്ന് ഇവിടുത്തെ രാത്രി പുലരുവാൻ കഷ്ടപ്പാട് തന്നെയാണ്. എന്നാൽ മുംബൈ കാണാൻ വരുന്നവർക്ക് യാത്ര കുറഞ്ഞ ചെലവിലുള്ളതാക്കുവാൻ ചില വഴികളുണ്ട്.

1. മുംബൈയിലെ താമസം
മുംബൈയിൽ കൂട്ടുകാരുടെ ഫ്ലാറ്റോ ബന്ധുക്കളുടെ വീടോ ഉണ്ടെങ്കിൽ താമസത്തിനായി ചിലവാകുന്ന ആയിരങ്ങൾ സുഖമായി ലാഭിക്കാം. എന്നാൽ ഇതൊന്നും ഇല്ലാത്തവരുടെ കാര്യത്തിലോ? യാത്രയുടെ ചെലവ് ഇവിടെ തുടങ്ങുകയാണ്. എന്നാൽ മുംബൈ നഗരത്തിൽ വ്യാപകമായുള്ള ബാക്ക്പാക്കേഴ്സ് ഹോസ്റ്റലുകൾ നിങ്ങളെ സഹായിക്കും. എസിയും വൈ-ഫൈയും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ, ചെറിയ നിരക്കിലുള്ള ഹോസ്റ്റലുകള്‍ തിരഞ്ഞെടുക്കാം.
2. യാത്ര ലോക്കൽ ട്രെയിനിൽ
മുംബൈ ഓട്ടോയിലോ ക്യാബിലോ കാണാമെന്നു വെച്ചാൽ പോക്കറ്റ് കാലിയാകുന്ന വഴി കാണില്ല. കുറഞ്ഞ ചെലവിൽ കാണാൻ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യാം. ആദ്യം റൂട്ടും സമയവും കുറച്ച് ബുദ്ധിമുട്ടാകുമെങ്കിലും ലോക്കൽ ട്രെയിനുകളുടെ സമയവും സ്റ്റാറ്റസും സ്മാർട് ഫോണിൽ ലഭിക്കുന്ന സൗകര്യമുണ്ട്.
ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്താലും താരതമ്യേന കുറഞ്ഞ ചെലവിൽ മുംബൈ കാണാം. സാധാരണ രാവിലെ 8.1030 വരെയും വൈകിട്ട് 6.00-900 വരെയുമാണ് തിരക്കേറിയ സമയം.

3. കാണേണ്ടത് ചിലവ് കുറഞ്ഞ സ്ഥലങ്ങൾ
മുംബൈയെക്കുറിച്ച് കണ്ടതും അറിഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ നേരിൽ കാണണമെന്നാഗ്രഹത്തോടെയായിരിക്കും ഇവിടേക്കുള്ള യാത്ര. ബാറുകൾ, പബ്ബ്, നൈറ്റ് ലൈഫ്, തുടങ്ങിയ ഇടങ്ങളെല്ലാം വിചാരിച്ചതിലും ചെലവേറിയതായിരിക്കും. അതിനാൽ സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ബജറ്റിനുള്ളിൽ നിൽക്കുന്നത് വേണം തിരഞ്ഞെടുക്കാൻ. മറൈൻ ഡ്രൈവ്, ബാന്ദ്ര ബാൻഡ് സ്റ്റാൻഡ്, സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്, പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം, എലിഫന്റ ഗുഹകൾ, യൂർ ഹിൽസ് തുടങ്ങിയ സ്ഥലങ്ങൾ സൗജന്യ പ്രവേശനം അനുവദിക്കുന്നവയാണ്.
4. ഇനി ഭക്ഷണം
ഭക്ഷണപ്രേമികളുടെ പറുദീസയാണ് മുംബൈ. ഏതുതരത്തിലും വിലയിലും ഗുണത്തിലും ഇവിടെ നിങ്ങൾക്ക് ലോകത്തിലെ എല്ലാ രുചികളും ലഭിക്കും. റീൽസിലും വീഡിയോയിലും കണ്ട ഹോട്ടലുകൾ തിരഞ്ഞ് പേഴ്സ് കാലിയാക്കുന്നതിനു പകരം മുംബൈയിലെ സ്ട്രീറ്റ്ഫൂഡ് പരീക്ഷിക്കാം. വട പാവ്, സേവ് പൂരി, പാനി പൂരി, തുടങ്ങി മുംബൈയുടെ സ്വന്ചം വിഭവങ്ങളും മറ്റ് സ്ട്രീറ്റ്ഫൂഡുകളും ഇവിടെ എല്ലാ സ്ഥലങ്ങളിലും ലഭിക്കും.

5. മുംബൈയിലെ ഷോപ്പിങ്
മനസ്സറിഞ്ഞിറങ്ങിയാൽ പണം പോകുന്ന വഴി കാണില്ല ഇവിടുത്തെ ഷോപ്പിങ്ങിൽ. എന്നാൽ സ്ട്രീറ്റ് ഷോപ്പിങ്ങാണെങ്കിൽ പൈസ പരമാവധി ലാഭിക്കാനും സാധിക്കും. ബാഗുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, എന്നിങ്ങനെ എന്തും ഇവിടെ മാർക്കറ്റിൽ ലഭിക്കും. വിലപേശാൻ കൂടി കഴിവുണ്ടെങ്കിൽ ഷോപ്പിങ് വൻ ലാഭകരമാക്കാം. ഫാഷൻ സ്ട്രീറ്റ്, ഹിൽറോഡ് മാർക്കറ്റ്, ക്രോഫോർഡ് മാർക്കറ്റ്, കൊലാബാ കോസ്വേ തുടങ്ങിയ സ്ഥലങ്ങളിൽ ലാഭകരമായി ഷോപ്പ് ചെയ്യാം.
6. ഓഫ് സീസണിൽ വരാം
മുംബൈ യാത്ര ഇനിയും ചിലവ് കുറഞ്ഞതാക്കണമെങ്കിൽ വരുന്ന സമയത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് മുംബൈയുടെ പീക്ക് ടൂറിസ്റ്റ് സമയം. ഈ സമയത്തല്ലാതെ വന്നാൽ വിമാനടിക്കറ്റ് കുറഞ്ഞ നിരക്കിൽ ലഭിക്കും. മാത്രമല്ല, താമസം, കുറഞ്ഞ മറ്റു നിരക്കുകൾ തുടങ്ങിയവ ഓഫ് സീസണിലെ യാത്രയുടെ പ്രത്യേകതയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











