വേനൽക്കാല യാത്ര എവിടേക്ക് പോകണമെന്നുള്ളത് പലർക്കും ആശയക്കുഴപ്പമുള്ള കാര്യമാണ്. കേരളത്തിലാണെങ്കിൽ മൂന്നാറും വാഗമണ്ണും വയനാടും ഒക്കെയുണ്ട്. അതല്ലാതെ മറ്റൊരിടം തിരഞ്ഞെടുക്കുവാൻ ശ്രമിക്കുമ്പോഴാണ് കുഴപ്പം. ഒരുപാട് സ്ഥലങ്ങൾ യാത്രാ ആഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അതിൽ നിന്നേത് തിരഞ്ഞെടുക്കുമെന്നതാണല്ലോ ഏറ്റവും ബുദ്ധിമുട്ട്.
ഇതാ, ട്രാവൽ പ്ലസ് ലെഷർ മാഗസിൻ ഇന്ത്യയിലെ മികച്ച പത്ത് വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. കേരളത്തിലെ വാഗമൺ ഉൾപ്പെടുന്ന ലിസ്റ്റിൽ നിന്നും ഇനി എളുപ്പത്തിൽ അടുത്ത ലക്ഷ്യസ്ഥാനം കണ്ടെത്താം. നമ്മുടെ വാഗമണ്ണിനൊപ്പം നിൽക്കുന്ന ആ ഇടങ്ങൾ ഏതൊക്കെയാണ് എന്നറിയേണ്ടേ? വായിക്കാം!

മഹാബലേശ്വർ, മഹാരാഷ്ട്ര
സമാധാനകാംക്ഷികളായ സഞ്ചാരികൾക്ക് സമ്മർ യാത്രകൾക്കായി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് മഹാബേശ്വർ. പ്രകൃതിഭംഗി അതിന്‍റെ ഏറ്റവും ഉന്നതിയില്‍ നിൽക്കുന്ന ഇവിടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തുന്ന ഇടമാണ്. ഇടതൂർന്ന് നിൽക്കുന്ന കാടുകൾ, പുരാതനങ്ങളായ ക്ഷേത്രങ്ങൾ, മറക്കാനാവാത്ത കാഴ്ചകളിലേക്ക് എത്തിക്കുന്ന വ്യൂ പോയിന്‍റുകൾ,ചരിത്രമുറങ്ങുന്ന കോട്ടകൾ, വെള്ളച്ചാട്ടങ്ങൾ, അരുവികൾ, കൃഷിയിടങ്ങൾ, സ്ര്ടോബറി വിളയുന്ന പാടങ്ങൾ, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. ഇത് കൂടാതെ ട്രക്ക് ചെയ്യുവാനും ഇവിടെ സാധിക്കും.

PC:Ravi Bhardwaj
വാഗമൺ
കേരളത്തിലെ വേനലും മഴയും ഒരുപോലെ ആഘോഷിക്കുവാൻ പറ്റിയ സ്ഥലമാണ് കോട്ടയം-ഇടുക്കി അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വാഗമൺ. മൊട്ടക്കുന്ന്, വെള്ളച്ചാട്ടങ്ങൾ, പുൽമേട്, പൈൻമരത്തോട്ടങ്ങൾ, ഓഫ്റോഡിങ് സ്ഥലങ്ങൾ, ലേക്ക്, ആശ്രമം, വ്യൂ പോയിന്‍റുകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കുവാനുണ്ട്.
ഇവിടേക്കുള്ള വഴിയിൽ ഇല്ലിക്കൽ കല്ല്, മാർമല വെള്ളച്ചാട്ടം തുടങ്ങിയവ കൂടി കണ്ട് വരാം. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കുവാനും ഒരു രാത്രി ക്യാംപ് ചെയ്യുവാനുമെല്ലാം പറ്റിയ സ്ഥലമാണ് വാഗമൺ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ലോകത്തിലെ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

Read More: പേരിൽ മാത്രമേ 'ഗ്രീൻ' ഉള്ളൂ, കാട് ഇല്ലേയില്ല! വനമില്ലാത്ത ലോകരാജ്യങ്ങൾ
നന്ദി ഹിൽസ്
ബാംഗ്ലൂരുകാർക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തൽ ആവശ്യമില്ല നന്ദി ഹിൽസിനെക്കുറിച്ച് പറയുമ്പോൾ. ആഴ്ചാവസാനങ്ങളും അവധികളും ആഘോഷിക്കുവാനും സൂര്യോദയം കാണുവാനുമെല്ലാം പറ്റിയ ഇടമാണിത്. ടിപ്പു സുൽത്താന്റെ വേനൽക്കാല വസതിയായിരുന്ന ഇവിടം മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന സ്ഥലമാണ്. ചുറ്റുമുള്ള പ്രദേശത്തിന്റെ ആകാശക്കാഴ്ച വാഗ്ദാനം ചെയ്യുന്ന വ്യൂ പോയിൻറും നടന്നു കണ്ടുതീർക്കുവാനുള്ള സ്ഥലങ്ങളും പുരാതനങ്ങളായ നിർമ്മിതികളും സമീപത്തെ ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകളിൽ പ്രധാനപ്പെട്ടത്.

കബനി
വേനൽക്കാല യാത്രകളിൽ നിസംശയം ഉൾപ്പെടുത്തുവാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ് കബനി. രാജ്യത്തെ ഏറ്റവും വലിയ വനമേഖലകളിലൊന്നായ ഇത് നാഗർഹോളെ, ബന്ദിപ്പൂർ, മുതുമല, വയനാട് തുടങ്ങിയ ദേശീയോദ്യാനങ്ങളെയും സംരക്ഷിത പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നു. കടുവകളും ആമകളുമടക്കം സ്വൈര്യവിഹാരം നടത്തുന്ന ഇവിടം വന്യജീവികളുടെ ലോകത്തിന്റെ കാഴ്ച മൺമുന്നിലെത്തിക്കുന്നു. വനത്തിനുള്ളിലൂടെയുള്ള സഫാരി, ട്രക്കിങ്, കയാക്കിംഗ്, റാഫ്റ്റിംഗ് തുടങ്ങിയവയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ.
പെല്ലിങ്, സിക്കിം
വടക്കു കിഴക്കൻ ഇന്ത്യയിലാണെങ്കിൽ സിക്കിമിലെ പെല്ലിങ് തിരഞ്ഞെടുക്കാം. ഒരു വേനൽയാത്രയിൽ ആശ്വാസം പകരുന്നതെന്ന് കരുതുന്നതെല്ലാം ഇവിടെ കാണാം.മഞ്ഞണിഞ്ഞ ഹിമാലയക്കാഴ്ച, തണുത്ത കാറ്റ്, സാഹസിക വിനോദങ്ങള്‍, കാട്, യാത്രകൾ, ട്രെക്കിങ്, പുരാതനമായ ആശ്രമങ്ങൾ, അതിമനോഹരമായ കാഴ്ചകൾ എന്നിങ്ങനെ എല്ലാം ഇവിടെയുണ്ട്.
അൽമോറ
ഉത്തരാഖണ്ഡിലെ അൽമോറയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു സ്ഥലം. ഹിമാലയൻ പർവ്വതങ്ങളുടെ പശ്ചാത്തല കാഴ്ച, പൈൻമരക്കാടുകൾ, പുരാതനങ്ങളായ ഗുഹകൾ, മാർക്കറ്റുകൾ, ക്ഷേത്രങ്ങൾ, എന്നിങ്ങനെ ഒരവധിക്കാലം ഓർമ്മയിലെന്നും നിലനിർത്തുന്ന ഒന്നാക്കി മാറ്റുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.

പാഞ്ച്മർഹി
സത്പുരയുടെ റാണി എന്നറിയപ്പെടുന്ന പാഞ്ച്മർഹി മധ്യപ്രദേശിലെ ഏക ഹിൽസ്റ്റേഷനാണ്. ഇവിടുത്തെ വൈൽഡ് ലൈഫ് സാങ്ച്വറിയാണ് സന്ദർശിക്കേണ്ട സ്ഥലം. കടുവയും പുലിയുമെല്ലാം വിഹരിക്കുന്ന ഇവിടം അതിന്റെ ജൈവവൈവിധ്യത്തിനും പരിപാലനത്തിനും നേരത്തെ പേരുകേട്ടതാണ്. ദൂപ്ഗഡ്, രജത് പ്രപത് വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ. ഭോപ്പാലാണ് അടുത്തുള്ള പ്രധാന നഗരം.
ദൂരസ്
പശ്ചിമബംഗാളിലെ ദൂരസ് അണ് വേനൽക്കാലത്ത് സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു സ്ഥലം. ദൂവര്‍ എന്നും ഇവിടം അറിയപ്പെടുന്നു. പടിഞ്ഞാറന് ഹിമാലയത്തന്റെ ഭാഗമായ ഇവിടം ഭൂട്ടാനോട് അതിർത്തി ചേർന്നു കിടക്കുന്ന സ്ഥലമാണ്. പ്രശാന്തമായ വേനൽക്കാലം ആസ്വദിക്കുവാൻ പറ്റിയ ഇവിടം ചൂടിനെ തളക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനം കൂടിയാണ്. തേയിലത്തോട്ടങ്ങൾ, കാടുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ കാണാം, കൂടാതെ ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍ ഇവിടെയുണ്ടത്രെ.

യേർക്കാട്, തമിഴ്നാട്
പൂർവ്വഘട്ടത്തിന്‍റെ ഭാഗമായ യേർക്കാട് തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ചൂടിലെ ചെറുക്കുവാൻ പോകാന്‍പറ്റിയ യാത്രകളിൽ നേരത്തെമുതൽത്തന്നെ ഇവിടം ഇടംനേടിയിട്ടുണ്ട്. തേയിലത്തോട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, കാട്, പഴത്തോട്ടങ്ങൾ എന്നിങ്ങനെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ഇവിടുത്തെ സമ്മർ ഫെസ്റ്റിവലും പ്രസിദ്ധമാണ്. സേലത്തു നിന്നം 47 കിലോമീറ്റർ ദൂരം മാത്രമേ യേർക്കാടിനുള്ളൂ.
PC:Chandan Chaurasia
മജൂലി, ആസാം
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് ആയ മജൂലി ആണ് പട്ടികയിൽ ഉള്‍പ്പെട്ടിരിക്കുന്ന പത്താമത്തെ ഇടം. രാജ്യത്ത് ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ദ്വീപ് കൂടിയാണിത്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനമായ ഇവിടം പകരംവയ്ക്കുവാനില്ലാത്ത സംസ്കാരത്തിനും ചരിത്രത്തിനും പ്രസിദ്ധമാണ്. ബ്രഹ്മപുത്ര നദിയുടെ ഭാഗമായി 352 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് കൂടിയാണ് മജൂലി. നിലവിൽ 22 ചെറിയ ദ്വീപുകൾ മജുലി ദ്വീപിനുള്ളിലുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













