ട്രെയിൻ യാത്രകൾ ചെലവ് കുറഞ്ഞതും എളുപ്പമുള്ളതുമാണെങ്കിലും പലപ്പോഴും പണി കിട്ടുന്നത് യാത്ര മാറ്റിവെക്കേണ്ടി വരുമ്പോഴാണ്. ബസ് യാത്രയാണെങ്കിലും വിമാനയാത്രയാണെങ്കിലും ഒരിക്കൽ ബുക്ക് ചെയ്ത യാത്രയുടെ തിയതി മാറ്റി റീഷെഡ്യൂൾ ചെയ്യാൻ കഴിയും. എന്നാൽ ട്രെയിൻ യാത്രയിൽ ഇങ്ങനെയൊരു തിയതി മാറ്റം നടക്കുമോ? പലപ്പോഴും ഇങ്ങനെ യാത്ര മാറ്റിവയ്ക്കേണ്ട സമയങ്ങളിൽ ട്രെയിൻ ടിക്കറ്റ് മുഴുവനായി റദ്ദാക്കുകയാണ് പതിവ്.
എന്നാൽ റെയിൽവേ നിങ്ങളുടെ യാത്രാ തിയതി എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം കഴിഞ്ഞ കുറേ നാളുകളായി നല്കി വരുന്നു എന്ന കാര്യം പലർക്കും അറിയില്ല. അതായത്, ഏതെങ്കിലും കാരണവശാൽ നിങ്ങള്‍ക്ക് നേരത്തെ ബുക്ക് ചെയ്ത തിയതിയിൽ യാത്ര ചെയ്യുവാൻ സാധിക്കാതെ വന്നാൽ ആ തിയതി എഡിറ്റ് ചെയ്ത് പകരം പുതിയ തിയതിയിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. എങ്ങനെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.

ട്രെയിന് ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ
നിശ്ചിത തിയതിയിൽ യാത്ര ചെയ്യുവാൻ സാധിക്കാതെ വരികയോ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിൽ തന്നെ കിടക്കുകയോ ചെയ്താൽ അടുത്തപടി നമ്മൾ ചെയ്യുന്നത് ആ ടിക്കറ്റ് ക്യാൻസൽ ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോഴുള്ള നഷ്ടം ചെറുതൊന്നുമല്ല. യാത്ര സാധ്യമാവുകയില്ലെന്നു മാത്രമല്ല, ഒരു തുക ക്യാൻസലേഷൻ ചാർജ് എന്ന രീതിയിൽ റെയിൽവേ പിടിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തിയതി മാറ്റാം.
എങ്ങനെ ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിലെ തിയതി മാറ്റാം
നിങ്ങളുടെ കൺഫോം ആയ (സ്ഥിരീകരിച്ച യാത്ര ടിക്കറ്റ്) ടിക്കറ്റിലെ യാത്രാ തിയതിയാണ് ആവശ്യമെങ്കിൽ മുൻപോട്ടോ പിൻപോട്ടോ മാറ്റുവാൻ റെയിൽവേ അവസരം നല്കുന്നത്. അതായത് നിങ്ങള്‍ക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ ആ ടിക്കറ്റ് മുഴുവനായി റദ്ദാക്കുന്നതിനു പകരം ടിക്കറ്റിലെ തിയതി മാറ്റി യാത്ര റീഷെഡ്യൂൾ ചെയ്യാൻ സാധിക്കും.

ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റ് ആണെങ്കിലും റെയിൽവേ കൗണ്ടർ വഴി ബുക്ക് ചെയ്തതാണെങ്കിലും റീഷെഡ്യൂൾ അഥവാ തിയതി മാറ്റണമെങ്കിൽ റെയിൽവേ കൗണ്ടറിൽ നേരിട്ടുതന്നെ പോകണം. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപെങ്കിലും കൗണ്ടറിൽ പോയാൽ മാത്രമേ ഇത് സാധ്യമാകൂ. ഈ സമയം പാലിച്ചില്ലെങ്കിൽ ചിലപ്പോൾ തിയതി മാറ്റുവാൻ കഴിഞ്ഞെന്നുവരില്ല. കൗണ്ടറിൽ ടിക്കറ്റ് സമർപ്പിച്ച് മുൻപോട്ടോ പിൻപോട്ടോ തിയതി മാറ്റിയെടുക്കാം.
ഇത് കൂടാതെ, യാത്രയുടെ ക്ലാസുകളും നിങ്ങൾക്ക് മാറ്റാം. സ്ലീപ്പറിൽ ബുക്ക് ചെയ്ത ടിക്കറ്റ് സെക്കൻഡ് എസിയിലേക്കോ മറ്റേതെങ്കിലും ക്ലാസിലേക്കോ മാറ്റാം. ഇതിനായി അധികം വരുന്ന തുക നിങ്ങൾ നല്കണം. ഇങ്ങനെ ക്ലാസ് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ തെരഞ്ഞെടുക്കുന്ന തിയതിയിൽ സീറ്റുകൾ ലഭ്യമാണെങ്കിലേ മാറിയ ക്ലാസിലെ സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിക്കൂ. അല്ലെങ്കിൽ വെയിറ്റിങ് ലിസ്റ്റിലായിരിക്കും ലഭിക്കുക എന്നു കൂടി ഓർമ്മിക്കുക.
ഒരു തവണ മാത്രം
ഒരേ ട്രെയിൻ ടിക്കറ്റിൽ തന്നെ പലതവണ യാത്രാ തിയതി മാറ്റിയെടുക്കുവാൻ സാധിക്കില്ല. ഇതിനുള്ള സൗകര്യം ഒരൊറ്റത്തവണ മാത്രമേ ഇന്ത്യൻ റെയിൽവേ അനുവദിക്കുന്നുള്ളൂ. മറ്റൊരു കാര്യം, ഇങ്ങനെ യാത്രാ തിയതി മാറ്റുന്നതിന് പ്രത്യേക നിരക്കുകൾ നല്കേണ്ടതില്ല എന്നതാണ്. സൗജന്യമായാണ് ഈ സേവനം നിങ്ങൾക്ക് റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ ലഭിക്കുക. എന്നാൽ ഉയർന്ന ക്ലാസിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ അതിനനുസരിച്ച അധികനിരക്ക് നല്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












