ഈ വേനലിൽ എവിടേക്കെങ്കിലും ഒന്നു യാത്ര പോയാൽ മതിയെന്നാഗ്രഹിക്കുന്ന ഒരാളാണോ? ലോങ് ഡ്രൈവും തണുപ്പും കുളിരും പിന്നെ എത്ര കണ്ടാലും മടുപ്പിക്കാത്ത ആംബിയൻസും ആണ് നോക്കുന്നതെങ്കിൽ നിങ്ങൾക്കു പറ്റിയ സ്ഥലം ഊട്ടി തന്നെയാണ്. മാത്രമല്ല, ഇപ്പോൾ പോയാൽ വേറൊരു കാഴ്ച കൂടി നിങ്ങളെ ഇവിടെ കാത്തിരിക്കുന്നുണ്ട്. സ്ഥിരം ഊട്ടി യാത്രകളിൽ ഒട്ടും പരിചിതമല്ലാത്ത ഒരു കാഴ്ച.
വസന്തകാല കാഴ്ചകളൊരുക്കി സന്ദർശകരെ കാത്തിരിക്കുന്ന ഊട്ടിയിലെ ഇപ്പോഴത്തെ ആകർഷണം ട്യൂലിപ് ചെടികളാണ്. ഊട്ടി സസ്യോദ്യാനത്തിലേക്ക് എത്തുന്നവരുടെ മുന്നിൽ വിരിഞ്ഞു നിൽക്കുന്ന ചെടികൾ അത്ഭുതം തന്നെയാണ് തീർക്കുക. ട്യൂലിപ് പുഷ്പങ്ങളുടെ മനോഹാരിത കേട്ടറിഞ്ഞ് ഈ സീസണിൽ ഇവിടേക്ക് വരുന്ന സഞ്ചാരികളും നിരവധിയുണ്ട്.

എല്ലാ വർഷവും മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേളയിൽ പ്രദർശനത്തിന് വയ്ക്കുവാനാണ് ട്യൂലിപ് ചെടികൾ ഇവിടെ നട്ടുവളർക്കുന്നത്, വിവിധ നിറങ്ങളിലായി ഇരുന്നൂറോളം ട്യൂലിപ് ചെടികളാണ് ഇവിടെ ഈ സമയത്ത് കാണാൻ സാധിക്കുക.
ഊട്ടി പുഷ്പമേള പ്രദർശനം ലക്ഷ്യം വെച്ചാണ് അധികൃതർ ട്യൂലിപ് പുഷ്പങ്ങൾ നട്ടുവളർത്തിയിരിക്കുന്നത്. ഏകദേശം രണ്ടു മാസങ്ങള്‍ക്കു മുൻപാണ് ഹോർട്ടികൾച്ചർ വിഭാഗത്തിൻറെ നേതൃത്വത്തിൽ പുഷ്പങ്ങൾ വളർത്തിയത്. ചെറിയ ചട്ടികളിൽ നിറയെ പൂത്തു നിൽക്കുന്ന ട്യൂലിപ് പുഷ്പങ്ങൾ സസ്യോദ്യാനത്തിലെ ഗ്ലാസ് ഹൗസിലാണ് കാണാൻ സാധിക്കുക.ഊട്ടിയിലെ ട്യൂലിപ് പുഷ്പങ്ങളെ അതിന്‍റെ എല്ലാ ഭംഗിയിലും കാണണമെങ്കിൽ പുഷ്പമേളയുടെ സമയത്ത് ഇവിടെ എത്തണം.
ഊട്ടി കൂടാതെ ഇന്ത്യയിൽ പ്രധാനമായും രണ്ടിടങ്ങളിലാണ് ട്യൂലിപ് പുഷ്പങ്ങൾ കാണാൻ സാധിക്കുന്നത്. ഡൽഹിയിൽ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തിലും കാശ്മീരിൽ ശ്രീനഗറിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനിലും ആണിത്. വർഷത്തിൽ തിരഞ്ഞെടുത്ത സമയത്ത് മാത്രമാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ സമത്ത് ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെ വരുന്നത്.
കാശ്മീരിലേക്കുള്ള യാത്രയിൽ ട്യൂലിപ് സീസൺ തിരഞ്ഞെടുക്കുന്ന സഞ്ചാരികളും ഉണ്ട്. ഈ വർഷം മാർച്ച് 19 മുതൽ ഏപ്രിൽ 20 വരെയാണ് കാശ്മീര്‍ ട്യൂലിപ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ട്യൂലിപ് മുഴുവനായി പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. ഇതിൽ തന്നെ ഏപ്രിൽ ആദ്യ വാരത്തിലാണ് ട്യൂലിപ്പുകളുടെ കാഴ്ച അതിമനോഹരമായുള്ളത്.
പറഞ്ഞു നിർത്തുന്നതിനു മുൻപ് ട്യൂലിപ് പുഷ്പങ്ങളെക്കുറിച്ച് കൂടി പറയുവാനുണ്ട്. ട്യൂലിപ് എന്ന വാക്കിനൊപ്പം നമ്മൾ ചേർത്തു വയ്ക്കുന്ന രാജ്യം നെതർലാൻഡ് ആണ്. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ക്യൂകെൻഹോഫ് തുലിപ് ഗാർഡൻസ് ഇവിടെയാണുള്ളത്. വഴിവക്കിലും തോട്ടങ്ങളിലും ഒക്കെ ഇവിടെ ധാരാളമായി ട്യൂലിപ് പുഷ്പങ്ങൾ കാണപ്പെടുന്നു. തുര്‍ക്കിയാണ് യഥാർത്ഥത്തിൽ ട്യൂലിപിന്റെ ജന്മനാട്.
ഈ അവധിക്കാലത്ത് ഊട്ടി കാണാൻ പോകാന്‍ ആഗ്രഹമുണ്ടെങ്കിൽ ചെലവ് കുറഞ്ഞ യാത്രയ്ക്ക് കെഎസ്ആർടിസി ബസിനെ ആശ്രയിക്കാം. മലപ്പുറം കെഎസ്ആർടിസി ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് സർവ്വീസിനു കയറിയാൽ പോക്കറ്റ് കാലിയാക്കാതെ ഊട്ടിയിലെത്താം.
രാവിലെ 11.00 ന് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ, നടുവട്ടം വഴി വൈകിട്ട് 04:00 ന് ഊട്ടിയിലെത്തും. ഊട്ടിയിൽ നിന്നും വൈകിട്ട് 04:45 ന് പുറപ്പെട്ട് രാത്രി 09:50 ന് മലപ്പുറത്ത് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര.ടിക്കറ്റ് നിരക്ക് 174 രൂപയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












