വാഗമൺ എന്നും വേറിട്ടൊരു ലോകമാണ്. എത്ര തവണ പോയാലും മടുപ്പിക്കാത്ത, ഓരോ വരവിലും പുതിയതായി എന്തെങ്കിലുമൊക്കെ ഒരുക്കിവെച്ചിരിക്കുന്ന ഇടം. ഇവിടേക്കൊരു യാത്ര എന്നാൽ പലർക്കും ഒരുപാട് ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കും കൂടിയാണ്. ഏറ്റവും പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കുമൊപ്പം കോളേജ് കാലത്ത് വാഗമൺ കാണാന്‍ പോയകഥ പറയാത്ത ആരും അടുത്ത ജില്ലകളിലൊന്നും കാണില്ല. ഇനി വാഗമണ്ണിൽ പോയിട്ടില്ലെങ്കിൽ തന്നെയും ഇവിടം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.
വാഗമണ്ണിലേക്കുള്ള റോഡ് തന്നെ ഒരു സുഖമാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലൂടെ കടന്നുവരുമ്പോൾ കോടമഞ്ഞിന്‍റെ കരിമ്പടം ഒരുക്കി സ്വീകരിക്കുന്ന നാട്. സിനിമകളിലൂടെ കണ്ടുപരിചയിച്ച, യാത്രകളിലുടെ നേരിട്ടുചെന്ന ഇടങ്ങളാണ് വാഗമണ്ണിൽ ഉള്ളതെങ്കിലും ഇവിടെ ഇന്നും സഞ്ചാരികൾക്കറിയാത്ത കുറച്ച് സ്ഥലങ്ങളുണ്ട്. ഇതാ വാഗമൺ യാത്രയിൽ അധികമാർക്കും അറിയാത്ത ഇടങ്ങൾ പരിചയപ്പെടാം.

PC:Leo wilson/Unsplash
1. കരിക്കാട് ടോപ്പ്
വാഗമൺ മുഴുവനും പല ആവര്‍ത്തി കറങ്ങിയിട്ടുണ്ടെങ്കിലും കരിക്കാട് ടോപ്പ് എവിടെയാണെന്നു അധികമാർക്കും അറിയില്ല. ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേക്കുള്ള റൂട്ടിലായി സ്ഥിതി ചെയ്യുന്ന ഇവിടം അതിമനോഹരമായ കുറേ കാഴ്ചകൾ കാണാൻ സാധിക്കുന്ന സ്ഥലമാണ്. വാഗമണ്ണിലെ ഏറ്റവും മികച്ച വ്യൂ പോയിന്‍റുകളിലൊന്നായ ഇവിടം വാഗമൺ ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുൻപ് നിന്നും 4.5 കിലോമീറ്റർ ദൂരത്തിലാണുള്ളത്.
പാറയിൽ അരിഞ്ഞെടുത്ത് വാഗമൺ റോഡുകളുടെ ഭംഗിയും നിങ്ങൾ കടന്നുവന്ന സ്ഥലങ്ങളും ഒപ്പം നിന്നനില്‌പ്പിൽ കോടമഞ്ഞു വന്നുപൊതിയുന്ന അനുഭവവും ഒക്കെ വേണമെങ്കിൽ കരിക്കാട് വ്യൂ പോയിന്‍റ് കാണാതെ വരരുത്. ചാടാനൊരുങ്ങി നിൽക്കുന്ന പുള്ളിപ്പുലിയുടെ ഒരു വലിയ രൂപവും ഇവിടെ കാണാം. മഴക്കാലത്ത് ഇവിടെ നിന്ന് കാഴ്ചകള്‍ കാണാൻ രസമാണങ്കിലും കോടമഞ്ഞ് എപ്പോൾ വേണമെങ്കിലും കാഴ്ചകളെ മറക്കും. അതിരാവിലെയും വൈകിട്ടുമാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.

PC:Arfan Abdulazeez/Unsplash
2. കപ്പക്കാനം ടണൽ
വാഗമണ്ണിൽ എത്തിയാൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ് കപ്പക്കാനം തുരങ്കം. വാഗമണ്ണിൽ നിന്നും പുള്ളിക്കാനം ഏലപ്പാറ 9.8 കിലോമീറ്റർ ദൂരത്തിലാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. നാലു കിലോമീറ്റർ ദൂരം നീളമുള്ള ഒരു കിടിലൻ തുരങ്കമാണ് ഇവിടുത്തെ കാഴ്. ഇരുകൂട്ടിയാറിലെ ആറിലെ വെള്ളം കപ്പക്കാനെത്തിത്തിക്കാനായി പണിത ഈ തുരങ്കം വെള്ളത്തെ ഇടുക്കി ഡാമിലെത്തിക്കുന്നു. ഇതിനടുത്തു തന്നെയായി ഒരു വെള്ളച്ചാട്ടവും കാണാം.
മഴയുള്ള സമയങ്ങളിൽ തുരങ്കത്തിനകത്തേയ്ക്ക് കയറാതിരിക്കുകയാണ് നല്ലത്. ഇനി കയറാൻ പറ്റുന്ന സാഹചര്യമാണെങ്കിലും 100 മീറ്ററിവധികം അകത്തേയ്ക്ക് പോകുന്നതും അപകടമുണ്ടാക്കും. വാഗമണ്ണിലെ ഓഫ്ബീറ്റ് കാഴ്ചകൾ തിരയുന്നവരെ ഒട്ടും നിരാശരാക്കില്ല കപ്പിക്കാനം ടണലും പരിസരത്തെ കാഴ്ചകളും. വാഗമണ്ണിൽ നിന്നും ജീപ്പ് ട്രിപ്പ് വഴിയും ഇവിടേക്ക് വരാം.
3. മാർമല വെള്ളച്ചാട്ടം
ഈരാറ്റുപോട്ട-വാഗമൺ റൂട്ടിൽ തീക്കോയിൽ നിന്നു മംഗളഗിരി വഴി മാർമല അരുവി വെള്ളച്ചാട്ടത്തിലെത്താം. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് മഴക്കാലത്ത് സർവ്വശക്തിയും എടുത്ത് പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. മാറ്റും മഴയും കോടമഞ്ഞും കൂടിച്ചേരുന്ന ഒരു വൈബാണ് ഇവിടെയുള്ളത് പച്ചപ്പും റബർതോട്ടങ്ങളും നിറഞ്ഞുനിൽക്കുന്ന വിജനമായ വഴിയിലൂടെ വേണം ഇവിടേക്ക് എത്തിപ്പെടാൻ. കുറച്ചധികം ദൂരം നടക്കാനുമുണ്ട്. തീക്കോയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

PC:Nandhu Kumar
4. പാലൊഴുകുംപാറ വെള്ളച്ചാട്ടം
നേരത്തെ പറഞ്ഞ സ്ഥലങ്ങളെപ്പോലെ തന്നെ വാഗമണ്ണിൽ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത ഇടങ്ങളിലൊന്നാണ് പാലൊഴുകുംപാറ വെള്ളച്ചാട്ടം. പാറപ്പുറത്തുകൂടി ചിന്നിച്ചിതറി വരുന്ന വെള്ളത്തിന്റെ കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. 150അടി ഉയരത്തിൽ നിന്നുമാണിത് പതിക്കുന്നത്. പാലൊഴുകുംപാറ വെള്ളച്ചാട്ടം കാണാൻ വാഗമണ്ണിൽ നിന്നും 2.5 കിലോമീറ്റർ ദൂരം സഞ്ചരിക്കണം.
5. തങ്ങൾപാറ
വാഗമണ്ണിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് തങ്ങള്പാറ. കാറ്റിനൊപ്പം കയറിച്ചെല്ലാന്‍ സാധിക്കുന്ന തങ്ങൾപാറ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പറ്റിയ സമയമാണ്. മഞ്ഞും തണുപ്പുമായി നിൽക്കുന്ന ഇവിടെ നിന്നാൽ കുറേയേറെ കാഴ്ചകൾ കാണാം. പാറക്കെട്ടുകളിൽ കയറിയിറങ്ങിയുള്ള നടത്തമാണ് ഇവിടുത്തെ ആകർഷണം. നട്ടുച്ചയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മൊട്ടക്കുന്നുകൾക്കു നടുവിലെ ഈ പാറക്കൂട്ടം വ്യത്യസ്തമായ ഒരു യാത്രാനുഭവം നല്കുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












