ഷിംല
ഇന്ത്യയിലെ റൊമാന്‍റിക് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി എന്നും ട്രെൻഡിങ്ങിൽ നിൽക്കുന്ന സ്ഥലമാണ് ഷിംല. ഹണിമൂണിനായും രണ്ടാം ഹണിമൂൺ ആഘോഷങ്ങള്‍ക്കായുമെല്ലാം ആളുകൾ വരുവാന് ഇഷ്ടപ്പെടുന്ന ഷിംല നിങ്ങളുടെ പ്രണയത്തെ കണ്ടെത്തുവാനും അതിൽ ജീവിക്കുവാനും ഈ സ്ഥലം നിങ്ങളെ സഹായിക്കും. പ്രത്യേകിച്ച് പാക്കേജ് ഒന്നും എടുക്കാതെ വന്നാൽ പോലും മടുപ്പിക്കാത്ത ഇവിടം ഒരുപാട് ഓർമ്മകൾ നിങ്ങൾക്ക് തരും. മാൾ റോഡ്, റിഡ്ജ് തുടങ്ങി പ്രിയപ്പെട്ട ആൾക്കൊപ്പം നടക്കുവാൻ നിരവധി ലക്ഷ്യസ്ഥാനങ്ങൾ ഇവിടെയുണ്ട്.
മണാലി
എന്തുകൊണ്ട് മണാലി എന്നതിനേക്കാൾ മണാലിയിൽ ഒരിക്കലെങ്കിലും വരണം എന്നാഗ്രഹിക്കുന്നവരാണ് ആളുകൾ. പർവ്വതങ്ങളും മഞ്ഞും സാഹസികതയും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളും പങ്കാളിയുമെങ്കിൽ മണാലി നിങ്ങൾക്കുള്ള ഇടമാണ്. ചുറ്റും കാണുവാൻ ഒരുപാട് കാഴ്ചകൾ ഇല്ലെന്നത് ഇവിടെ ഒരു കുറവായി പറയുവാൻ കഴിയില്ല. കാരണം അത്രമേൽ രസകരമായ അനുഭവങ്ങളും ഓർമ്മകളും മണാലി നിങ്ങൾക്ക് നല്കും,
വയനാട്
റൊമാന്‍റിക് ഡെസ്റ്റിനേഷൻ എന്ന പേരിൽ വിളിക്കാവുന്ന ഒരുപാട് ഇടങ്ങൾ കേരളത്തിലുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് വയനാട്. രസകരവും കൗതുകകരവുമായ താമസസൗകര്യങ്ങൾ, പോക്കറ്റിനിണങ്ങുന്ന തുകയിൽ ആരംഭിക്കുന്ന റിസോർട്ടുകൾ , പോകുവാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ, തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന വഴികൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ വയനാടിനെ മികച്ച റൊമാന്‍റിക് ലക്ഷ്യസ്ഥാനമാക്കുന്നു.
ഊട്ടി
ഹൃദയത്തെ വശീകരിക്കുന്ന ഒരുകൂട്ടം കാഴ്ചകളാണ് ഊട്ടിയുടെ പ്രത്യേകത. സമാധാനത്തിൽ ഒരു യാത്ര ആഗ്രഹിക്കുന്നവർക്കാണ് ഈ ഊട്ടി യാത്ര ചേരുന്നത്. കോടമഞ്ഞിറങ്ങുന്ന താഴ്വാരങ്ങളും മലകളും ആണ് ഇവിടെയുള്ളത്. തോട്ടങ്ങൾക്കു നടുവിലെ കോട്ടേജുകളും നടപ്പാതകളും ട്രക്കിങ് റൂട്ടുകളും ഒരുമിച്ചുള്ള യാത്രകളിൽ തിരഞ്ഞെടുക്കാം. ചുറ്റിലുമായി ഒരുപാട് സ്ഥലങ്ങൾ ഇവിടെ കാണുവാനുണ്ട്. വൈകുന്നേരങ്ങളിൽ കോടമഞ്ഞ് ഇറങ്ങുന്നത് കാണുവാനും നഗരത്തിലൂടെ പങ്കാളിയുടെ കൈകൾ ചേർത്ത്പിടിച്ച് നടക്കുന്നതും ഊട്ടി നല്കുന്ന മറ്റൊരു സന്തോഷമാണ്.
മസൂറി
മധുവിധു യാത്രയാണെങ്കിലും പ്രണയം പറയുവാനുള്ള യാത്രയാണെങ്കിലും നിങ്ങൾക്ക് മസൂറി തിരഞ്ഞെടുക്കാം. പ്രണയത്തെയും യാത്രയെയും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുവാൻ സാധിക്കുന്ന ഇവിടെ ഡൽഹിയിൽ നിന്നും എളുപ്പത്തിൽ വരാം. വളരെ തിരക്കുള്ള സ്ഥലമാണെങ്കിൽക്കൂടിയും അത് നിങ്ങളെ ഒരിക്കലും ബാധിക്കില്ല എന്നകാണ് മസൂറിയുടെ ഉറപ്പ്.
ആൻഡമാൻ
ഇന്ത്യയിൽ നിന്നും പോകുവാൻ സാധിക്കുന്ന ഏറ്റവും ഭംഗിയാർന്ന റൊമാന്‍റിക് ലക്ഷ്യസ്ഥാനമാണ് ആന്‍ഡമാൻ. കുറഞ്ഞത് നാലോ അഞ്ചോ ദിവസം വേണം ഇവിടുത്തെ പ്രധാന കാഴ്ചകൾ മാത്രം കണ്ടുതീർക്കുവാൻ എന്നതിനാൽ നീണ്ട അവധികൾ ലഭിക്കുമ്പോൾ വേണം ഇവിടേക്ക് വരുവാന്‍.
ഔലി
ചുറ്റിലും മഞ്ഞുവീണു കിടക്കുന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഔലി. തണുപ്പു കാലത്താണ് ഇവിടം സന്ദർശിക്കുവാൻ മികച്ചതെങ്കിലും ഏതു സമയത്തു പോയാലും ഇതിന്‍റെ ഭംഗി മാറുന്നില്ല. സ്കീയിങ്ങിമ് പേരുകേട്ടിരിക്കുന്ന ഇവിടെ സാഹസികരാണ് കൂടുതലും എത്തിച്ചേരുന്നത്.