പൂക്കളുടെ താഴ്വര എന്ന വാലി ഓഫ് ഫ്ലവേഴ്സ്... നോക്കുന്നിടത്തത്തെല്ലാം പൂത്തു നിൽക്കുന്ന പൂക്കളുടെ മായിക ലോകം. പ്രകൃതി ഇത്രയും മനോഹരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മറ്റൊരിടം ഉണ്ടോയെന്നു പോലും സംശയമാണ്. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത തരത്തിലുള്ള പൂക്കളുടെ മാത്രം പ്രപഞ്ചമാണിത്. ഇപ്പോഴിതാ വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ് കാത്തിരിപ്പ് അവസാനിക്കുകയാണ്. ജൂൺ 1 മുതൽ പൂക്കളുടെ താഴ്വരയിലേക്കുള്ള ട്രക്കിങ്ങിനും തുടക്കമാവുകയാണ്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന, സാഹസിക സഞ്ചാരികൾ അവരുടെ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന, ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണിത്. യുനസ്കോയുടെ പൈതൃക ഇടങ്ങളിലൊന്നായ ഇവിടം നന്ദാ ദേവി, വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങളുടെ ഭാഗമാണ്. പൂക്കളുടെ താഴ്വരയിലേക്ക് ട്രക്കിങ് പ്ലാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വാലി ഓഫ് ഫ്ലവേഴ്സ്
കണ്ണുകൾക്ക് ഒരിക്കലം മറക്കാനാവാത്ത വിരുന്നൊരുക്കുന്ന ഇടമാണ് വാലി ഓഫ് ഫ്ലവേഴ്സ്. 87 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണിത് വ്യാപിച്ചു കിടക്കുന്നത്. ഇന്ത്യയിലെ മറ്റിടങ്ങൾ പോലെ എപ്പോൾ വേണമെങ്കിലും പോകാവുന്ന ഒരിടമല്ല പൂക്കളുടെ താഴ്വര. ഇതിന്‍റെ സൗന്ദര്യം ആസ്വദിക്കുവാനുള്ള ഏക വഴി ഇവിടേക്കുള്ള ട്രക്കിങ്ങ് ആണ്. ജൂൺ മുതൽ ഒക്ടോബർ വരെ മാത്രമാണ് ഇവിടേക്കുള്ള ട്രക്കിങ്ങിന് അനുമതിയുള്ളത്.
വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ്
മഴക്കാലത്ത്, മഴയുടെയും കട്ടത്തണുപ്പിന്റെയും അകമ്പടിയിൽ ആണ് മിക്കവാറും എല്ലാവരും വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ് പൂർത്തിയാക്കുന്നത്. ഏറ്റവും കുറഞ്ഞത് 3-4 ദിവസം വേണ്ടിവരുന്ന ഈ ട്രക്കിങ് പക്ഷേ, ആസ്വദിച്ച്, ഓട്ടപ്പാച്ചിലില്ലാതെ പൂർത്തിയാക്കണമെങ്കിൽ ആറു ദിവസമെങ്കിലും വേണം. ഏകദേശം 38 കിലോമീറ്റർ ദൂരമാണ് ഈ ട്രക്കിങ്ങിൽ നിങ്ങൾ പിന്നിടേണ്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ട്രക്കിങ് സീസൺ കൂടിയാണ് ഇതിന്റേത്.

വാലി ഓഫ് ഫ്ലവർസ് ടൂർ ഹ്രസ്വ യാത്ര പാക്കേജ്
വിമാനയാത്ര തിരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലാണ്. ട്രെയിനിനു വരുന്നവര്‍ക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹരിദ്വാർ ആണ്.
ഒന്നാം ദിവസം- ഹരിദ്വാറിൽ നിന്നും 280 കിലോമീറ്റർ അകലെയുള്ള ഗോവിന്ദ്ഘട്ടിലേക്കുള്ല യാത്രയാണ്. ഇതിന്9-10 മണിക്കൂറ്‍ വേണ്ടി വരും.
രണ്ടാം ദിവസം- ഗോവിന്ദഘട്ടിൽ നിന്നും ഗംഗാരിയയിലേക്കുള്ള ട്രക്കിങ്ങാണ്. 11 കിലോമീറ്റർ ദൂരം 4-5 മണിക്കൂറിൽ നടന്ന് ഗംഗാരിയയിലെത്തും.
മൂന്നാം ദിവസം-ഗംഗാരിയയിൽ നിന്നും വാലി ഓഫ് ഫ്ലവേഴ്സിലേക്കുള്ള യാത്രയാണ്. രണ്ടു മണിക്കൂർ നേരം ഈ നടത്തമെടുത്ത് ഒടുവിൽ പൂക്കളുടെ താഴ്വരയിലെത്തും. മൂന്നാലു മണിക്കൂർ സമയമെടുത്ത് ഇവിടെ ആസ്വദിച്ച ശേഷം തിരികെ ഗംഗാരിയയിലേക്ക് മടക്കം.

നാലാം ദിവസം- ഗംഗാരിയയിൽ നിന്ന് ഹേംകുണ്ഡ് സാഹിബിലേക്കാണ് നാലാം ദിവസത്തെ യാത്ര. 3-4 മണിക്കൂർ ആണ് ഈ യാത്രയ്ക്കായി വേണ്ടിവരുന്നത്.
അഞ്ചാം ദിവസം-ഗംഗാരിയയിൽ നിന്ന് ഗോവിന്ദ്ഘട്ടിലേക്കാണ് ഈ ദിവസത്തെ യാത്ര. ട്രക്കിങ്, സ്ഥലസന്ദർശനം തുടങ്ങിയവയാണ് ഇതിലുൾപ്പെട്ടിരിക്കുന്നത്.
ആറാം ദിവസം-ഗോവിന്ദ്ഘട്ടിൽ നിന്ന് തിരികെ ഹരിദ്വാറിൽ എത്തുന്നതോടെ വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ്ങ് അവസാനിക്കും.
പുഷ്പാവതി നദിക്ക് സമാന്തരമായി പോകുന്ന വഴിയിലൂടെയാണ് വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ് മുന്നേറുന്നത്. ഓഗസ്റ്റ് മാസമാണ് ഏറ്റവും കൂടുതൽ ആളുകൾ വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ്ങിനായി വരുന്നത്. ഈ സമയം പോകുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ടിക്കറ്റുകൾ. താമസസൗകര്യം, പാക്കേജുകൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യണം.
പുരാണങ്ങളിലെ വാലി ഓഫ് ഫ്ലവേഴ്സ്
മഹാഭാരതത്തിൽ , ദ്രൗപതിയുടെ ആവശ്യപ്രകാരം, ഭീമൻ കല്യാണ സൗഗന്ധികം തേടിയെത്തുന്ന സ്ഥലമാണത്രെ പൂക്കളുടെ താഴ്വര . ദേവലോകത്തു നിന്നും പുറത്താക്കപ്പെട്ട ഗന്ധര്‍വ്വന്മാര്‍ പൂക്കളായി ഇവിടെ വിരിയുമെന്നാണ് മറ്റൊരു വിശ്വാസം. വിശുദ്ധ പുഷ്പമെന്നറിയുന്ന ബ്രഹ്മകമലം ഇവിടെ ഈ കാലത്ത് പൂക്കാറുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













