വിഘ്നങ്ങൾ അകറ്റുന്നവനാണ് ഗണപതിയെന്നാണ് വിശ്വാസം. ഗണപതിയോട് പ്രാർത്ഥിച്ചു തുടങ്ങിയാൽ ഏതു കാര്യവും തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാമെന്നാണ് പണ്ടുമുതലേ വിശ്വസിച്ച് പോരുന്നത്. പാർവ്വതി ദേവിയുടെയും പരമശിവന്‍റെയും പുത്രനായ ഗണപതിയുടെ മഹത്വം പറയുന്ന നിരവധി കഥകളുണ്ട്. ഗണപതിക്കായി സമർപ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും ഗണപതിയെ ആരാധിക്കാത്ത ക്ഷേത്രങ്ങളിൽ കേരളത്തിലുണ്ടാവില്ല.
ഇന്ന് ഗണപതിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ് നമ്മൾ പരിചയപ്പെടുന്നത്. പതിറ്റാണ്ടുകളായി ഒരു പ്രദേശത്തിന്റെ വിശ്വാസങ്ങളുടെ അടയാളമായി നിലകൊള്ളുന്ന വണ്ടന്‍മേട് മഹാഗണപതി ക്ഷേത്രം. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗണപതി ക്ഷേത്രം കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ഇടയിൽ വളരെ പ്രസിദ്ധമാണ്.

തേക്കടി-മൂന്നാർ റോഡിൽ ആമയാർ എന്ന സ്ഥലത്തിനു സമീപം സ്ഥിതി ചെയ്യുന്ന വണ്ടന്‍മേട് മഹാഗണപതി ക്ഷേത്രം ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ കയറും. ഗണപതിയെ മൂലപ്രതിഷ്ഠയായി ആരാധിക്കുന്ന ഇടുക്കിയിലെ ഒരേയൊരു ക്ഷേത്രം കൂടിയാണിത്. അതുകൊണ്ടുതന്നെ സാധാരണ ക്ഷേത്രങ്ങളിലേക്കാൾ ഇവിടെ കൂടുതൽ ആളുകളുമെത്തുന്നു. വണ്ടൻമേട് പഞ്ചായത്തിലാണ് ക്ഷേത്രമുള്ളത്.
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ക്ഷേത്രത്തിന്റെ ഉത്ഭവം കൗതുകകരമായ ഒരു കഥയാണ്. വളരെ അപ്രതീക്ഷിതമായാണ് അക്കാലത്ത് കാട്ടു പ്രദേശമായിരുന്ന ഇവിടെ നിന്ന് ഗണപതിയുടെ ഒരു വിഗ്രഹം ലഭിക്കുന്നത്. ഒരു പാറക്കെട്ടിൽ നാഹം കാവൽകിടക്കുന്ന രൂപത്തിലായിരുന്നു വിഗ്രഹം ലഭിച്ചത്. നാഗങ്ങളെ തുരത്തിയ ശേഷം ഇവിടുത്തെ കാട്ടുമൂപ്പന്മാരിൽ ഒരാൾക്ക് കിട്ടിയ വിഗ്രഹം അദ്ദേഹം തങ്ങളുടെ വലിയ മൂപ്പനെ ഏൽപ്പിച്ചുവത്രെ. മൂപ്പന്റെ കയ്യിൽ വിഗ്രഹം വന്നതും അവരെ കുറേയാനകൾ ചേർന്നു പൊതിഞ്ഞെന്നാണ് ഐതിഹ്യം പറയുന്നത്.

പേടിച്ചുപോയ അവർ വിഗ്രഹം തങ്ങൾക്കു ലഭിച്ച അതേ സ്ഥലത്തു തന്നെ തിരികെ വെച്ചപ്പോൾ ആനക്കൂട്ടം മടങ്ങിയത്രെ. അന്നുമുതൽ മൂപ്പന്റെ നേതൃത്വത്തിൽ ആളുകൾ ഇവിടം സന്ദര്‍ശിച്ചു പോരുകയും വിളക്കുവെച്ചു പ്രാർത്ഥിച്ചു പോരുകയും ചെയ്യുന്നുവെന്നാണ് ഐതിഹ്യം. പിന്നീട് ഇവിടെ ക്ഷേത്രം നിർമ്മിക്കുകയായിരുന്നു.
പലകാര്യങ്ങളിലും പ്രത്യേകതയുള്ള ഒരു ക്ഷേത്രമാണിത്. ഒരേ നടശ്ശാലയില്‍ മുഖമണ്ഡപവും, വലിയ ബലിക്കല്ലും കൊടിമരവുമുള്ള ക്ഷേത്രമാണിത്. കേരളത്തിൽ തന്നെ ഇത്തരത്തിൽ മൂന്ന് ക്ഷേത്രങ്ങളാണുള്ളത്. പ്രധാന പ്രതിഷ്ഠയായ ഗണപതിയുടെ ശ്രീകോവിലിനു സമീപം ഇരുവശങ്ങളിലുമായി വനദുർഗ്ഗയേയും ശാസ്താവിനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കുംഭമാസത്തിൽ നടക്കുന്ന ആറു ദിവസത്തെ ഉത്സവം പ്രസിദ്ധമാണ. ഭരണി മുതൽ മകയിരം വരെയുള്ള ഉത്സവം ആറാട്ടോടുകൂടി സമാപിക്കുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗണപതി ശില്‍പം
38 അടി ഉയരമുള്ള ഇവിടുത്തെ ഗണപതി ശില്പം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗണപതി ശില്‍പം കൂടിയാണ്. ആറു വർഷമെടുത്ത് നിർമ്മാണം പൂർത്തിയാക്കി. ഈ ഗണപതി ശില്പത്തിന് ആകെ 32 ലക്ഷം രൂപയാണ് ചെലവ് വന്നത്,
ഏലയ്ക്കാ പറ
മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത പല പതിവുകളും വണ്ടൻമേട് ഗണപതി ക്ഷേത്രത്തിനുണ്ട്. ഗണപതി ഭഗവാന് ഏലയ്ക്കാ പറ സമർപ്പിക്കുന്ന ഏക ക്ഷേത്രമാണിത്. ഇവിടുത്തെ ഏലക്കാ വ്യാപാരികളാണ് ഇങ്ങനെ പറ സമർപ്പിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിനാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏലക്ക- രുചിയിലും മണത്തിലും ഗുണത്തിലും മുന്നിട്ടു നിൽക്കുന്ന ഏലക്കയാണ് വണ്ടൻമേട്ടിൽ വിളയുന്നത്. ഈ സമയം സാധാരണ വിശ്വാസികൾ നാണയം കൊണ്ടുള്ള പറയാണ് സമർപ്പിക്കുന്നത്.

വണ്ടൻമേട് ഗണപതി ക്ഷേത്രത്തിലെത്താൻ
തേക്കടി-മൂന്നാർ റോഡിൽ ആമയാർ എന്ന സ്ഥലത്തിനു സമീപം ആണ് വണ്ടൻമേട് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കട്ടപ്പന - കുമളി റൂട്ടിൽ വണ്ടൻമേട് ജംഗ്ഷനിലെത്തി അവിടുന്ന് ,അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ക്ഷേത്രത്തിലെത്തിച്ചേരാം.
Cover Image: തങ്കച്ചൻ നെല്ലിക്കുന്നേൽ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












