യാത്രക്കാരുടെ ഇടയിൽ മികച്ച സ്വീകാര്യത ലഭിച്ച നിരവധി വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ഉണ്ട്. പലതിലും യാത്രക്കാരുടെ തിരക്കിനനുസരിച്ച് സീറ്റുകൾ ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം. ഇത് പരിഹരിക്കുന്നതിനായി ഒക്യുപൻസി റേറ്റ് കൂടുതലുള്ള വന്ദേ ഭാരത് സർവീസുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുകയാണ് അധികൃതർ. അത്തരത്തിൽ കേരളത്തിലൂടെയുള്ള വന്ദേ ഭാരതുകളുടെ കോച്ചും വർധിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, മലയാളികളടക്കമുള്ള യാത്രക്കാർക്ക് സുഖകരമായ യാത്ര ഒരുക്കുന്ന മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കുകയാണ് അധികൃതർ. യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യം കണക്കിലെടുത്ത് തിരുനെൽവേലി- ചെന്നൈ വന്ദേഭാരത് ട്രെയിന്‍ 16 കാർ റേക്കിലേക്ക് മാറിയിരിക്കുകയാണ്. ജനുവരി 15 ബുധനാഴ്ച മുതൽ അധിക കോച്ചുകളുള്ള ട്രെയിനാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. എട്ടു കോച്ചുകളുണ്ടായിരുന്ന സർവീസിൽ തിരക്ക് സ്ഥിരം കഥയായിരുന്നു.

വാരാന്ത്യങ്ങളിലും മറ്റു പ്രധാന ദിവസങ്ങളിലും ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുന്നതും ആവശ്യക്കാർ വെയിറ്റിങ് ലിസ്റ്റിൽ വരുന്നതും കാരണം നിരവധി യാത്രക്കാരുടെ ആവശ്യമായിരുന്നു കോച്ചുകളുടെ എണ്ണം 16 ആക്കി ഉയർത്തുകയെന്നത്. കഴിഞ്ഞ നവംബർ മാസത്തിൽ ദക്ഷിണ റെയിൽവേ വാണിജ്യ വിഭാഗം തിരുനെൽവേലി- ചെന്നൈ വന്ദേഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16 ആക്കി ഉയർത്താനുള്ള ശുപാർശയും നല്കിയിരുന്നു.
ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഒന്നാണ് തിരുനെൽവേലി- ചെന്നൈ വന്ദേഭാരത്. 2023 സെപ്റ്റംബർ 24 ന് സർവീസ് ആരംഭിച്ച ഇത് ഇന്ത്യയിലെ 28-ാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്. ചെന്നൈ , വില്ലുപുരം , തിരുച്ചിറപ്പള്ളി , ഡിണ്ടിഗൽ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ട്രെയിൻ മലയാളികള്‍ക്കും ചെന്നൈ യാത്രയ്ക്ക് പ്രയോജനപ്രദമാണ്.
ചെന്നൈ എഗ്മോർ , താംബരം , വില്ലുപുരം ജംഗ്ഷൻ , തിരുച്ചിറപ്പള്ളി ജംഗ്ഷൻ , ഡിണ്ടിഗൽ ജംഗ്ഷൻ , മധുരൈ ജംഗ്ഷൻ , വിരുദുനഗർ ജംഗ്ഷൻ , തിരുനെൽവേലി ജംഗ്ഷൻ എന്നിവയാണ് ഇതിന്‍റെ സ്റ്റോപ്പുകൾ. 125% ഒക്യുപന്‍സി റേറ്റ് രേഖപ്പെടുത്തിയിട്ടുള്ള ട്രെയിൻ രാജ്യത്തെ ഏറ്റവും ആവശ്യക്കാരുള്ള സര്‍വീസുകളിൽ ഒന്നുകൂടിയാണ്.
ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്,
തിരുനെൽവേലി- ചെന്നൈ എഗ്മോർ വന്ദേ ഭാരത് (20666) രാവിലെ
6.05 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.55 ന് ചെന്നെ എഗ്മോറിൽ എത്തും. എസി ചെയർ കാറിന് 1665 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3055 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് (20665) ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.45 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് തിരുനെൽവേലിയിലെത്തും. എസി ചെയർ കാറിന് 1610 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3005 രൂപ എന്നിങ്ങനെയാണ് നിരക്ക്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













