വന്ദേ ഭാരത് ട്രെയിനുകൾ വന്നതോടെ ട്രെയിൻ യാത്രകളുടെ സ്വഭാവം മാറിമറിഞ്ഞു. നിർത്തിയിട്ടും വൈകിയും സമയത്തെത്താതെയും ഉള്ള ട്രെയിനുകൾ കാരണം തീവണ്ടി യാത്രയെ വേണ്ടെന്നുവെച്ചവർ വന്ദേ ഭാരത് തിരഞ്ഞെടുത്തു തുടങ്ങി. പല റൂട്ടുകളിലും യാത്രയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ദിവസങ്ങൾക്കു മുൻപേ ടിക്കറ്റുകൾ വിറ്റുതീരുകയാണ്. ഇപ്പോഴിതാ, അത്തരത്തിൽ യാത്രക്കാര്‍ ഏറെയുള്ള റൂട്ടിൽ വന്ദേ ഭാരത് കോച്ചുകൾ ഇരട്ടിയാക്കി കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു റെയിൽവേ ഡിവിഷൻ.
മധുരെ റെയിൽവേ ഡിവിഷനാണ് തങ്ങളുടെ റൂട്ടിൽ സര്‍വീസ് നടത്തുന്ന തിരുനെൽവേലി - ചെന്നൈ എഗ്മോർ വന്ദേ ഭാരതിന്‍റെ എട്ടു കോച്ച് റേക്ക് 16 കാർ റേക്കിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ ജനപ്രീതിയുള്ള ഈ സര്‍വീസിൽ സീറ്റുകളുടെ എണ്ണം കൂടുന്നതോടെ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കും. മധുരെ ഡിവിഷന് അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
2023 സെപ്തംബർ 24 ന് ആരംഭിച്ച തിരുനെൽവേലി - ചെന്നൈ എഗ്മോർ - തിരുനെൽവേലി വന്ദേ ഭാരത് എക്‌സ്പ്രസ് തെക്കൻ തമിഴ്നാട്ടിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസായിരുന്നു. തങ്ങൾക്ക് ആദ്യമായി ലഭിച്ച വന്ദേ ഭാരതിനെ ഇവിടുത്തുകാർ കൈവിട്ടില്ലെന്നു മാത്രമല്ല, തിരക്കുള്ളതും ലാഭകരവുമായ സർവീസുകളിലൊന്നാക്കി മാറ്റുകയും ചെയ്തു. തമിഴ്നാട്ടിലെ വന്ദേ ഭാരതുകളിൽ ഏറ്റവും ജനപ്രീതിയുള്ള സർവീസ് കൂടിയാണിത്.
തിരുനെൽവേലി - ചെന്നൈ എഗ്മോർ - തിരുനെൽവേലി വന്ദേ ഭാരത്
അനുയോജ്യമായ സമയക്രമം കൊണ്ട് യാത്രക്കാർ ഏറ്റെടുത്ത വന്ദേ ഭാരത് ആണ് തിരുനെൽവേലി - ചെന്നൈ എഗ്മോർ - തിരുനെൽവേലി റൂട്ടിലേത്.
തിരുനെൽവേലി - ചെന്നൈ എഗ്മോർ വന്ദേ ഭാരത് (20666)
തിരുനെൽവേലിയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന തിരുനെൽവേലി - ചെന്നൈ എഗ്മോർ വന്ദേ ഭാരത് (20666) ഉച്ചയ്ക്ക് 1.50 ന് ചെന്നൈ എഗ്മോറിൽ എത്തും. 7 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. രാവിലെ 7.50ന് മധുരൈയിലും 9.50ന് ട്രിച്ചിയിലും എത്തും. യാത്രക്കാർക്ക് വളരെ അനുയോജ്യമായ സമയക്രമമാണിത്. തിരുനെൽവേലി - ചെന്നൈ എഗ്മോർ റൂട്ടിൽ വന്ദേ ഭാരത് ചെയർ കാറിന് 1665 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3005 രൂപയുമാണ് നിരക്ക്.
തിരുനെൽവേലി - 06:00 AM
വിരുദനഗർ - 07:13 AM
മധുരൈ - 07:50 AM
ഡിണ്ടിഗൽ - 08:40 AM
തിരുച്ചിറപ്പള്ളി - 09:50 AM
വില്ലുപുരം - 11:54 AM
താംബരം - 13:13 PM
ചെന്നൈ എഗ്മോർ - 13:50 PM
ചെന്നൈ എഗ്മോർ - തിരുനെൽവേലി -വന്ദേ ഭാരത് (20665)
ചെന്നൈ എഗ്മോറിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.50 ന് പുറപ്പെടുന്ന
ചെന്നൈ എഗ്മോർ - തിരുനെൽവേലി -വന്ദേ ഭാരത് (20665 )7 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 10.40ന് തിരുനെൽവേലിയെത്തും. ചെയർ കാറിന് 1610 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3055 രൂപയുമാണ് നിരക്ക്. ഇത് തിരുച്ചിറപ്പള്ളിയിൽ വൈകിട്ട് 6.40 നും മധുരൈയിൽ 8.30നും എത്തും ഇത്രയും മികച്ച സമയക്രമീകരണമായതിനാല്‍ മധുരൈ, ട്രിച്ചി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ട്രെയിൻ പ്രിയപ്പെട്ടതാണ്.
ചെന്നൈ എഗ്മോർ - 14:50 PM
താംബരം -15:13 PM
വില്ലുപുരം -16:38 PM
തിരുച്ചിറപ്പള്ളി - 18:40 PM
ഡിണ്ടിഗൽ -19:46 PM
മധുരൈ - 20:30 PM
വിരുദനഗർ - 21:03 PM
തിരുനെൽവേലി - 22:40 PM
മികച്ച സമയക്രമീകരണവും സുഖകരമായ യാത്രയും നല്കുന്നതിനാൽ യാത്രക്കാർക്കും
തിരുനെൽവേലി - ചെന്നൈ എഗ്മോർ - തിരുനെൽവേലി വന്ദേ ഭാരത് കോച്ചുകൾ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം തിരുനെൽവേലി ഡിസ്ട്രിക്ട് റെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യംസോണൽ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നതായി ടൈംസ്ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ റെയില്‍വേ വാണിജ്യ വിഭാഗവും ഇതേ ശുപാർശ റെയിൽവേയ്ക്ക് നല്കിയിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













