വെട്ടിക്കോട് ആയില്യം 2023: കന്നി മാസത്തിലെ ആയില്യം നാൾ വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ വെട്ടിക്കോട് ആയില്യം ആണ്. നാഗദോഷങ്ങൾ മാറി നാഗത്താന്മാരുടെ അനുഗ്രഹവും ജീവിത വിജയവും പ്രാർത്ഥിച്ചെത്തുന്നവരുടെ ദിവസം. വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന ഇവിടുത്തെ ഏറ്റവും പ്രധാന ദിവസവും കൂടിയാണ് കന്നി മാസത്തിലെ ആയില്യം.
കേരളത്തിലെ ഏറ്റവും ആദ്യത്തെ നാഗരാജ ക്ഷേത്രം എന്ന പ്രത്യേകതയുള്ള ആദിമൂലം ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നാഗരാജാവായ അനന്തനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മലയാള നാട്ടിലെ ആദ്യ നാഗക്ഷേത്രംവും നാഗപ്രതിഷ്ഠയും കൂടിയാണ് വെട്ടിക്കോട് ഉള്ളത്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നും വിശ്വാസങ്ങൾ പറയുന്നു.

PC:Vetticode Sree Nagaraja Swamy Temple/ Facebook
വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം
വെട്ടിക്കോട് ആയില്യത്തെക്കുറിച്ച് പറയുന്നതിനു മുൻപ് വെട്ടിക്കോട് ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ ചരിത്രത്തെക്കുറിച്ചും അറിയാം. വിഷ്ണു ഭഗവാന്‍റെ കൂടെത്തന്നെയുള്ള അനന്തനാഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഴു ഉപയോഗിച്ച് ഇവിടുത്തെ മണ്ണ് വെട്ടിക്കൂട്ടി പരശുരാമൻ നാഗപ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ വെട്ടിക്കൂട്ടിയ ഇടത്തെ ക്ഷേത്രമാണ് വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം . ആദ്യ നാഗക്ഷേത്രം എന്ന അർത്ഥത്തിലാണ് ആദിമൂലം എന്ന വാക്ക് വന്നത്.
അനന്തന്‍റെ തനത് രൂപം ഒട്ടേറെ പ്രത്യേകതകൾ വെട്ടിക്കോട് ക്ഷേത്രത്തിനുണ്ട്. ഇവിടുത്തെ പ്രതിഷ്ഠ കേരളത്തിലെ തന്നെ അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയാണെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം ത്രിമൂർത്തികളുടെ ചൈതന്യത്തോടെയാണ് ഇത് പ്രതിഷ്ഠ നടത്തിയിരിക്കുന്നതും. ക്ഷേത്രവും കാവും തേവാരപ്പുരയും നിലവറയും ചേർന്നതാണ് ഇവിടം.

PC:Dvellakat/Wikipedia
വെട്ടിക്കോട് ആയില്യം 2023
കന്നി മാസത്തിലെ ആയില്യം നാളിലാണ് വെട്ടിക്കോട്ട് ആയില്യം നടക്കുന്നത്. ആയില്യം നാളിൽ തന്നെയാണ് അനന്തന്‍റെ ജനനവും ഒപ്പം പരശുരാമന് ഇവിടെ പ്രതിഷ്ഠ നടത്തിയതും എന്നുമാണ് വിശ്വാസം. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണിത്. ഈ വർഷം ഒക്ടോബർ 9 തിങ്കളാഴ്ചയാണ് ഈ ദിവസം വരുന്നത്.
വെട്ടിക്കോട് ആയില്യം ചടങ്ങുകള്‍
ഒരുപാട് പൂജകളും ആരാധനകളും മറ്റു ചടങ്ങുകളും ചേരുന്നതാണ് ഇവിടുത്തെ വെട്ടിക്കോട് ആയില്യം. സമീപ പ്രദേശങ്ങളിൽ നിന്നും ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകൾ ഈ ദിവസം വെട്ടിക്കോട് എത്തുന്നു. അനന്തനെ എഴുന്നള്ളത്ത് നടത്തുന്നതാണ് ഇതിൽ പ്രധാനം.

PC: Vetticode Sree Nagaraja Swamy Temple/ Facebook
ആയില്യം നാളിലെ ചടങ്ങുകൾ ആരംഭിക്കുന്നത് പുലർച്ചേയുള്ള നിർമ്മാല്യ ദർശനത്തോടെയാണ്.
അതിനു ശേഷം നൂറും പാലും കൊടുക്കുന്ന ചടങ്ങാണ്. ഉച്ചകഴിഞ്ഞ് സർവ്വാഭരണ വിഭൂഷിതനായി നാഗരാജാവിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിലവറയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ഒരുമണിക്കൂര്‍ നേരത്തോളം നിലവറയ്ക്കുള്ളിൽ പൂജകൾ നടക്കും. ശേഷം പള്ളുവപ്പാട്ടിന്‍റെയും സ്തുതി ഗീതങ്ങളുടെയും അകമ്പടിയോടെ തിരിച്ചെഴുന്നള്ളത്ത് നടത്തും.
തുടർന്ന് സന്ധ്യയോടെ സർപ്പബലിക്ക് തുടക്കമാതും. രാത്രി പത്തുമണിയോടെ നട അടച്ചാൽ ആ ദിവസത്തെ ചടങ്ങുകൾ തീരും. പിറ്റേന്ന് രാവിലെ ഇളനീരഭിഷേകവും ശുദ്ധികലശവും കഴിയുന്നതോടെ ആയില്യചടങ്ങുകൾക്ക് സമാപനമാകും,
ആയില്യം നാളിൽ ഉച്ചയാകുമ്പോഴേക്കും ആയിരക്കണക്കിന് ആളുകളാണ് നാഗരാജാവിന്റെ എഴുന്നള്ളത്ത് കാണാനായി ക്ഷേത്രത്തിലെത്തുന്നത്.
ക്ഷേത്രത്തെ വലംവെച്ചുള്ള ഈ എഴുന്നള്ളത്ത് കാണുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഒരു അനർഘനിമിഷം തന്നെയാണ്. മാത്രമല്ല, ഈ എഴുന്നള്ളത്ത് കണ്ടാൽ വരുന്ന ഒരു വർഷക്കാലം ഒരു തരത്തിലുമുള്ള വിഷഭയവും ജീവിതത്തിൽ ഉണ്ടാകില്ലെന്നാണ് വിശ്വാസികൾ പറയുന്നത്. സർപ്പദോഷങ്ങൾ മാറാനും രോഗവും ദുരിതവും ജീവിതത്തിൽ നിന്നകന്ന് സമ്പത്തും ഐശ്വര്യവം സമൃദ്ധിയും ഉണ്ടാകുവാനും ആയില്യം തൊഴൽ സഹായിക്കുമത്രെ.
വെട്ടിക്കോട് ക്ഷേത്രത്തിലെ ദർശനം പൂര്‍ത്തിയാകണമെങ്കിൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് വിശ്വാസം. ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ റോഡിൽ കറ്റാനം എന്ന സ്ഥലത്തിനടുത്താണ് വെട്ടിക്കോട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളത്തു നിന്നും 11 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












