വീണ്ടും ഒരു വിഷുക്കാലം കൂടി വരികയാണ്. വിഷുക്കോടിയും കൈനീട്ടവും സദ്യയും കൂട്ടുകാരും എല്ലാം കൂടിയുള്ള വിഷു ആഘോഷമാക്കാത്ത മലയാളികൾ കാണില്ല. വിഷുവെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് വിഷുക്കണി തന്നെയാവും. ഓട്ടുരുളിയിൽ പാതിയോളം നിറച്ച അരിയും നെല്ലും വാൽക്കണ്ണാടിയും പാതിപൊട്ടിച്ച തേങ്ങയും മുണ്ടും പൊന്നും കത്തിച്ച നിലവിളക്കും ഒപ്പം ശ്രീകൃഷ്ണന്‍റെ പ്രതിമയും കൂടിയുള്ള കണി കണ്ട് വിഷു തുടങ്ങുന്നതിനോളം ഭംഗി വേറൊന്നിനുമില്ല.
അതേസമയം കേരളത്തിലെ ക്ഷേത്രങ്ങളിലെ വിഷുക്കണിയും വളരെ പ്രസിദ്ധമാണ്. എല്ലാ ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കുമെങ്കിലും ശ്രീകൃഷ്ണനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ വിഷുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതാ വിഷുക്കണിയൊരുക്കുന്ന പ്രസിദ്ധമായ കൃഷ്ണ ക്ഷേത്രങ്ങൾ പരിചയപ്പെടാം..

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണിയും വളരെ പ്രസിദ്ധമാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടുത്തെ വിഷുക്കണി കാണുവാനായി വിഷുനാളിൽ ഇവിടെ എത്തുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ മുഖമണ്ഡപത്തിലാണ് വിഷുക്കണി വയ്ക്കുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വർഷം നമസ്കാര മണ്ഡപത്തിലും വിഷുക്കണി വയ്ക്കും. ഏപ്രിൽ 15-ാം തിയതി പുലർച്ചെ 2.45 മുതൽ ഗുരുവായൂരിൽ വിഷുക്കണി കാണാം. ഒരു മണിക്കൂർ നേരമാണ് ഇവിടെ കണി കാണുവാൻ സാധിക്കുക. വിഷുവിന്‍റെയന്ന് ഇവിടെ സൂര്യന്റെ ആദ്യ കിരണങ്ങള് ഗുരുവായൂരപ്പന്റെ കാലിൽ നേരിട്ട് പതിക്കുന്നത് കാണാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ വിഷുദിനത്തിൽ ഗുരുവായൂരിൽ എത്തുന്നു.

തൃശൂർ തിരുവമ്പാടി ക്ഷേത്രം
വിഷുക്കണിയൊരുക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട മറ്റൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ് തൃശൂർ തിരുവമ്പാടി ക്ഷേത്രം. ആദ്യകാലത്ത് ഭഗവതിക്കായി സമർപ്പിക്കപ്പെട്ടിരുന്ന ഈ ക്ഷേത്രത്തിൽ പിന്നീട് കൃഷ്ണനെ പ്രതിഷ്ഠിക്കുകയായിരുന്നു. തിരുവമ്പാടി കൃഷ്ണനെന്നാണ് ഇവിടുത്തെ കൃഷ്ണനെ വിളിക്കുന്നത്. തൃശൂർ നഗരത്തിൽ പട്ടുരായ്ക്കൽ-ഷൊർണ്ണൂർ റോഡിലാണ് ക്ഷേത്രമുള്ളത്. കൃഷ്ണനുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം വലിയ രീതിയില്‍ ഇവിടെ നടത്താറുണ്ട്.
PC:Aruna
ഇടത്തുപുരം ശ്രീകൃഷ്ണ ക്ഷേത്രം
മലപ്പുറം പെരിന്തൽമണ്ണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇടത്തുപുരം ശ്രീകൃഷ്ണ ക്ഷേത്രം കേരളത്തിലെ അധികം അറിയപ്പെടാത്ത ക്ഷേത്രങ്ങളിലൊണെങ്കിലും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിലിരുന്നാണ് പൂന്താനം ശ്രീകൃഷ്ണാമൃതം രചിച്ചതെന്നാണ് വിശ്വാസം. പെരിന്തൽമണ്ണയിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരെയായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവാർപ്പ് ക്ഷേത്രം
മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ തിരുവാർപ്പ് ക്ഷേത്രം. വാർപ്പ് അഥവാ ഉരുളിയിൽ നിൽക്കുന്ന രൂപത്തിലാണ് ഇവിടുത്തെ കൃഷ്ണനുള്ളത് എന്നാണ് വിശ്വാസം. അങ്ങനെയാണ് തിരുവാർപ്പ് എന്ന പേരുവന്നതത്രെ. കംസവധത്തിനു ശേഷം വിശന്നു വലഞ്ഞു നിൽക്കുന്ന രൂപത്തിലാണ് കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൃഷ്ണനെ വിശന്നു നില്ക്കുവാൻ അനുവദിക്കാത്ത ഇവിടെ ചില പ്രത്യേകതകളും കാണാം. പുലർച്ചെ രണ്ടു മണിക്ക് നട തുറന്ന് കൃഷ്ണനെ ഉണർത്തി മൂന്നരയ്ക്ക് ഉഷപ്പായസം നിവേദിക്കുന്ന വിധത്തിലാണ് പൂജകൾ. വിശന്നു നിന്നാൽ കൃഷ്ണന്റെ അരമണി ഊരിപ്പോകുമെന്നാണ് ഇവിടുത്തെ വിശ്വാസം. പണ്ടുകാലത്ത് ഇവിടെ ക്ഷേത്രത്തിൽ താക്കോലിനൊപ്പം ഒരു കോടാലി കൂടി പൂജാരിക്ക് നല്കുമായിരുന്നുവത്രെ. ഏതെങ്കിലും കാരണത്താൽ താക്കോലുപയോഗിച്ച് ശ്രീകോവിൽ തുറക്കാൻ പറ്റാതെ വന്നാൽ വൈകിപ്പോകുന്നതിനു പകരം വാതിൽപൊളിച്ച് അകത്തുകടന്ന് ശ്രീകൃഷ്ണനെ പള്ളിയുണർത്തി നിവേദ്യം നല്കുവാനായിരുന്നു ഇത്.
PC:Thiruvarppu Sreekrishna Swami Temple

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ഉണ്ണിക്കണ്ണനെ ആരാധിക്കുന്ന, വിഷുക്കണിയൊരുക്കുന്ന മറ്റൊരു പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. തിരുവനന്തപുരത്തിന്റെ ഗുരുവായൂർ ക്ഷേത്രം എന്നും നെയ്യാറ്റിൻകര ക്ഷേത്രം അറിയപ്പെടുന്നു. നെയ്യാറില്‍ നിന്നും കിട്ടിയ കൃഷ്ണ ശിലയിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്ന ക്ഷേത്രമാണിത്. ഇരുകരങ്ങളിലും വെണ്ണ പിടിച്ചു നില്‍ക്കുന്ന രൂപത്തിലുള് കൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
PC:Vishnudev01

തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കോട്ടയം ജില്ലയിലെ തന്നെ പ്രസിദ്ധമായ മറ്റൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ് തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വിശ്വരൂപ ദർശനത്തിൽ കൃഷ്ണനെ ആരാധിക്കുന്ന ഈ ക്ഷേത്രം . തിരുനക്കര തിരുനക്കര മഹാദേവക്ഷേത്രത്തിനടുത്ത് ഈ ക്ഷേത്രമുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













