കുംഭഭരണി നാളിൽ
ചെട്ടിക്കുളങ്ങര ഭരണി ദേവി ക്ഷേത്രങ്ങളം ഭദ്രകാളി ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം നല്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നാമം ജപിച്ച് ദേവി ദർശനം നടത്തുന്നതും പ്രത്യേക പൂജകളും പ്രാർത്ഥനകളും ഈ ദിവസത്തില്‍ വിശ്വാസികൾ നടത്തുന്നു. ഓരോ പ്രദേശത്തിന്‍റെയും പൗരാണികതയ്ക്കും പാരമ്പര്യത്തിനും രീതികൾക്കും അനുസരിച്ചുള്ള ഉത്സവങ്ങളാണ് ഈ ദിവസം ക്ഷേത്രങ്ങളിൽ നടത്തുന്നത്.
ചെട്ടിക്കുളങ്ങര ഭരണി
കേരളത്തിലെ ഏറ്റവും വലിയ ഭരണി ആഘോഷം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ക്ഷേത്രം. ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം കേരളത്തില്‍ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. കുംഭമാസത്തിലെ ഭരണി നാളിൽ നടക്കുന്ന ചെട്ടിക്കുളങ്ങര ഭരണി ഈ പ്രദേശത്തെ ഏറ്റവും വലിയ ആഘോഷമാണ്.
കെട്ടുകാഴ്ചകളും കുത്തിയോട്ട വഴിപാടുകളുമാണ് ഇവിടെ ഈ ദിവസത്തെ പ്രത്യേകത. ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യവും പഴക്കവുമുണ്ട്.
PC:Hellblazzer
ആറ്റുകാൽ ഭഗവതി ക്ഷേത്രം
കുംഭ മാസം ഭരണി പ്രധാനമായിട്ടുള്ള മറ്റൊരു പ്രധാന ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രം. ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുന്ന ഇവിടം സ്ത്രീകളുടെ ശബരിമല എന്ന പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്. കുംഭ ഭരണി നാളിനേക്കാൾ കുംഭമാസത്തിലെ പൊങ്കാല ഉത്സവമാണ് ആറ്റുകാലിൽ പ്രസിദ്ധമായിട്ടുള്ളത്. കുംഭത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. കേരളത്തിൽ വർഷത്തിലെ ആദ്യത്തെ പൊങ്കാല കൂടിയാണിത്. ഭദ്രകാളിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് വിശ്വാസികൾ ക്ഷേത്രം സന്ദർശിക്കുന്നു.
PC:Vijayakumarblathur
തിരുമാന്ധാംകുന്ന് ക്ഷേത്രം
ഒരുപാട് വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്ന ക്ഷേത്രമാണ് മലപ്പുറം അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം. പണ്ട് വള്ളുവനാട് രാജാക്കന്മാരുടെ കാലത്ത് ഭദ്രകാളിലെ ഇവിടെ ആരാധിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വടക്കോട്ട് ദർശനമായി ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ശിവലിംഗം ഇവിടെയാണുള്ളതെന്നാണ് വിശ്വാസം.
PC:Rojypala
കൊടുങ്ങല്ലൂർ ക്ഷേത്രം
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം എന്നാണ് കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലാണ്. കേരളത്തിലെ മറ്റു ഭഗവതി ക്ഷേത്രങ്ങളിലേക്ക് ഇവിടെ നിന്നാണ് ദേവിയെ ആവാഹിച്ച് കൊണ്ടുപോയതെന്നാണ് വിശ്വാസം. കോപിഷ്ഠയായി ഉഗ്രഭാവത്തില്‍ നില്‍ക്കുന്ന ഭദ്രകാളിയാണ് ഇവിടുത്തേത്. കോപിഷ്ഠയായി നിൽക്കുന്ന ഭാവത്തിലുള്ല ദേവിയായതിനാൽ പ്രതിഷ്ഠയിൽ നേരിട്ട് ദർശനം പാടില്ലെന്നാണ് വിശ്വാസം. രഹസ്യഅറയില്‍ കറുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നതിന്റെ പ്രതിബിംബം വടക്കേ നടയിൽ കാണുന്നതിനെയാണ് ഇവിടെ ആരാധിക്കുന്നത്.
കൊടുങ്ങല്ലൂർ ഭരണിയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷം. കുംഭമാസത്തിലെ ഭരണി നാളിൽ ആരംഭിച്ച് മീനമാസത്തിലെ ഭരണി നാള്‍ വരെയാണ് കൊടുങ്ങല്ലൂര്‍ ഭരണി നീണ്ടു നില്‍ക്കുന്നത്.
PC:Challiyan
മലയാലപ്പുഴ ദേവി ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന
മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ഭഗ്രകാളിലായണ് മുഖ്യ പ്രതിഷ്ഠ. ദാരിക വധത്തിനു ശേഷം രൗദ്ര ഭാവത്തിലുള്ള ദേവിയെയാണ് ഇവിടെ കാണുവാൻ സാധിക്കുക. 5.5 അടി ഉയരത്തിൽ എട്ടു കൈകളുമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടെ ദേവിയുള്ളത്. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ എന്താഗ്രഹവും നടക്കുമെന്നാണ് വിശ്വാസം. വിവാഹ തടസ്സം, ജോലി തടസ്സം, ശത്രുരക്ഷ, തുടങ്ങിയവയിൽ നിന്നെല്ലാം ഇവിടെ പ്രാർത്ഥിച്ചാൽ രക്ഷ നേടുവാൻ സാധിക്കും. ദുർഗ്ഗ, മഹാലക്ഷ്‌മി, സരസ്വതി, ഭുവനേശ്വരി സങ്കൽപ്പങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്
കുംഭമാസത്തിലെ തിരുവാതിര നാളിലാണ് മലയാലപ്പുഴ ഭഗവതിക്ഷേത്രത്തിലെ വാർഷികോത്സവം ആരംഭിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്.
PC:Prasanthajantha
ചോറ്റാനിക്കര മകം
കുംഭമാസത്തിലെ പ്രധാന ആഘോഷങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്നണ് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം. ചോറ്റാനിക്കരയമ്മ സർവ്വാഭരണ വിഭൂഷിതയായി, വലം കൈ നീട്ടി അനുഗ്രഹം വർഷിക്കുന്ന സമയമായാണ് ഈ ദിവസം അറിയപ്പെടുന്നത്. 2023 ലെ മകം തൊഴൽ മാർച്ച് മാസം 6-ാം തിയതി നടക്കും. അന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മകം തൊഴലിനായി നട തുറക്കും. രാത്രി പത്ത് മണി വരെയാണ് മകം തൊഴൽ നീണ്ടുനിൽക്കുന്നത്.
PC:Roney Maxwell