അവധിക്കാലത്തെ പ്ലാനുകളിൽ കുട്ടികൾ കാത്തിരിക്കുന്ന ഒന്നാണ് പാർക്കുകളിലേക്കുള്ള യാത്രകൾ. സാധാരണ പാർക്കുകളല്ല... ആവേശവും സാഹസികതയും നിറഞ്ഞു നിൽക്കുന്ന ഇഷ്ടംപോലെ റൈഡുകളുള്ള, അമ്യൂസ്മെൻറ് പാർക്കുകൾ. ധൈര്യം പരീക്ഷിക്കാൻ മാത്രമല്ല, സ്കൂൾ തുറന്ന് കൂട്ടുകാരുടെ അടുത്ത് പറയാനുളള ഇഷ്ടംപോലെ കഥകളും പാർക്ക് യാത്രകൾ തരുമെന്നതാണ് പ്രധാനം.
ഒറ്റക്കുതിപ്പിന് ആകാശത്തേയ്ക്കുയർന്ന് അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ താഴേക്ക് പതിക്കുന്ന റൈഡുകൾ, വലിയ ഊഞ്ഞാലുകൾ, ഇരുട്ട് നിറഞ്ഞു നിൽക്കുന്ന ഗുഹയിലേക്ക് കയറിയുള്ള ട്രെയിൻ യാത്ര എന്നിങ്ങനെ അതിശയപ്പിക്കുന്ന അതേ സമയം തന്നെ പേടിപ്പിക്കുന്ന റൈഡുകൾ ഇഷ്ടംപോലെയാണ്. വെള്ളം ഇഷ്ടപ്പെടുന്നവർക്കാവട്ടെ നീന്താനും വന്നു ചാടാനും ഇഷ്ടംപോലെ നേരെ കളിക്കാനും പറ്റുന്ന വാട്ടർ റൈഡുകള്‍ ഇവിടെ ഒത്തിരിയുണ്ട്.

കണ്ണൂരിലെ പാര്ക്കുകൾ
അവധിക്കാലത്തും അല്ലാതെയും പോകാൻ പറ്റിയ പാർക്കുകൾ കണ്ണൂര്‍ ജില്ലയിൽ പലയിടത്തായി ഉണ്ട്. കുട്ടികൾക്ക് മടുക്കുവോളം കളിക്കാനും ആഘോഷിക്കാനും പറ്റിയ ആ പാർക്കുകളിൽ അവധിക്കാലത്താണ് ഏറ്റവും കൂടുതലാളുകൾ എത്തുന്നത്. അതിൽ ഏറിയ പങ്കും കുഞ്ഞുങ്ങളെയും കൂട്ടിയുള്ളതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലേ.
വിസ്മയ പാർക്ക് കണ്ണൂർ
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ സ്ഥിതി ചെയ്യുന്ന വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്ക് കേരളത്തിലെ തന്നെ പ്രധാന പാർക്കുകളിൽ ഒന്നാണ്. കണ്ണൂർ മാത്രമല്ല, കാസർകോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നും വിദ്യാർത്ഥികളും കുട്ടികളും ചെറുപ്പക്കാരുമെല്ലാം ഒരുപോലെ എത്തുന്ന ഇവിടം ഈ അവധിക്കാലത്ത് തീർച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. പ്രകൃതിയുമായിഏറെ ചേർന്നു നില്‍ക്കുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിലെ റൈഡുകളെല്ലാം വ്യത്യസ്തമായതും കയറാൻ തോന്നിപ്പിക്കുന്നതുമാണ്.
വിസ്മയ പാർക്ക് റൈഡുകൾ
നിലവിൽ മൂന്ന് വിഭാഗങ്ങളിലായാണ് ഇവിടെ റൈഡുകൾ ഉള്ളത്. ഡ്രൈ റൈഡ്, വാട്ടർ റൈഡ്, കുട്ടികളുടെ റൈഡുകൾ എന്നിവയാണവ. ഏതു പ്രായക്കാർക്കു ആസ്വദിക്കാൻ പറ്റുമെന്നതിനാൽ ഇവിടെ വരുന്നതിന് പ്രായം ഒരു ഘടകമല്ല.
വിസ്മയ പാർക്കിലെ പ്രധാനപ്പെട്ട റൈഡുകൾ, ടിക്കറ്റ് നിരക്ക്, പ്രവർത്തന സമയം തുടങ്ങിയ കാര്യങ്ങൾ അറിയാം.
വാട്ടര്‍ റൈഡുകൾ
കണ്ണൂരിലെ മാത്രമല്ല, മലബാർ ഭാഗത്തെ തന്നെ മികച്ച വാട്ടർ പാർക്കാണ് വിസ്മയ. ആഞ്ഞടിച്ചു വരുന്ന തിര അതേ രീതിയിൽ ആസ്വദിക്കാന് പറ്റിയ സ്ഥലമാണ് ഇവിടുത്തെ വേവ് പൂൾ. ഏകദേശം നൂറു പേര്‍ക്ക് ഒരേ സമയം ഈ വേവ് പൂളിൽ ഇറങ്ങാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിന്ന ഒന്നാണിത്.
വെറ്റ്ലാൻഡിക് ഫാൾ
25 മീറ്റർ ഉയരത്തിൽ നാല്പത് മീറ്റർ നീളത്തിലുമുള്ള ഒരു വലിയ കൃത്രിമ പാറയിൽ തയ്യാറാക്കിയിരിക്കുന്ന വെള്ളച്ചാട്ടമാണ് വെറ്റ്ലാൻഡിക് ഫാൾ. ഇന്ത്യയിൽ തന്നെ ചുരുക്കം പാർക്കുകളിലേ ഇത്രയും ഉയരത്തിൽ വെള്ളച്ചാട്ടം ഉള്ളൂ, ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ഡിജെ മ്യൂസികും വെള്ളച്ചാട്ടവും അവിടുത്തെ റൈഡും രസകരമായ അനുഭവമാണ്.
വണ്ടർ വാഗൺ
ഒൻപതു പേർക്കുവരെ ഒരേ സമയം കയറാൻ സാധിക്കുന്ന വണ്ടർ വാഗൺ രസകമായ ആക്ടിവിറ്റിയാണ്. 35 അടിയോളം ഉയരത്തിൽ പോയി ഏവിടുന്ന് നേരേ താഴേക്ക് വേഗത്തിൽ വരുന്ന വണ്ടർ വാഗൺ വെള്ളത്തിലേക്കാണ് എത്തുന്നത്. വേഗത കാരണം ഏകദേശം 300 അടിയോളം സ്ഥലത്ത് വെള്ളം ചിതറിത്തെറിക്കുന്ന കാഴ്ച കാണാം. ഇവ കൂടാതെ വേറെയും നിരവധി ആക്ടിവിറ്റികളും വാട്ടര് റൈഡുകളും ഇവിടെയുണ്ട്.
കിഡ്സ് റൈഡ്
കുട്ടികളെയും കൂട്ടി കയറാൻ പറ്റിയ റൈഡുകളാണ് വിസ്മയയിലെ മറ്റൊരു ആകർഷണം. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കാൻ പറ്റിയ, ഭയമില്ലാതെ കയറാന്‍ സാധിക്കുന്ന നിരവധി റൈഡുകൾ ഇവിടെ കാണാം. ചെറിയ കുട്ടികൾക്കു പോലും രസകരമായി ആസ്വദിക്കാൻ പറ്റിയതാണ് ബേബി ട്രെയിൻ. 70 മീറ്റർ ദൂരം ട്രാക്കിലൂടെ പോകുന്ന റൈഡിൽ ഒരു സമയം എട്ടു പേർക്കാണ് കയറാൻ പറ്റുക.
ഫ്രീ ഫാൾ കുട്ടികൾക്ക് സാഹസികമായി തോന്നുന്ന റൈഡുകളിലൊന്നാണ് ഫ്രീ ഫാൾ. 7 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ റൈഡ് പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പ് നല്കുന്നു. മുകളിലേക്ക് പൊങ്ങി താഴേക്ക് വരുന്നത് അപകടരഹിതമാക്കാൻ ലോക്ക് ചെയ്യാവുന്ന സേഫ്റ്റിബാറുകൾ ഇതിലുണ്ട്.
ഹണി ബീ റൈഡ്
വിസ്മയ പാർക്കിൽ കുട്ടികളെ ആകർഷിക്കുന്ന റൈഡാണ്
ഹണി ബീ റൈഡ്. തേനീച്ചയുടെ രൂപത്തിൽ ഒരുക്കിയിരിക്കുന്ന റൈഡിൽ കയറി പോകുന്നപോൾ ഇളകിയും ചെരിഞ്ഞും ഒക്കെ യാത്ര ആസ്വദിക്കാം.
വിസ്മയ പാർക്ക് പാക്കേജുകൾ
കുടുംബശ്രീ
കുറഞ്ഞത് 15 കുടുംബശ്രീ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് പ്രത്യേക കിഴിവുകൾ ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത ഗ്രൂപ്പുകൾക്ക് മാത്രമേ ഓഫർ ലഭ്യമാകൂ. ബുക്കിംഗ് ഫോമിനായി അതത് പഞ്ചായത്ത് സി.ഡി.എസുമായി ബന്ധപ്പെടാം.
സ്കൂൾ
കുറഞ്ഞത് 20 കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പ്രത്യേക കിഴിവുകൾ ലഭ്യമാണ്. സ്കൂൾ അതോറിറ്റിയുടെ കത്ത് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് മാത്രമേ കിഴിവ് ലഭ്യമാകൂ.
കോർപ്പറേറ്റ്
കുറഞ്ഞത് 10 അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് കിഴിവുകൾ ലഭ്യമാണ്. സ്ഥാപനത്തിന്റെ അംഗീകാര കത്തും ജീവനക്കാരന്റെ (സ്ഥാപനത്തിന്റെ) ഫോട്ടോ പതിച്ച ഐഡി കാർഡും നിർബന്ധമാണ്. ജീവനക്കാർ ഉൾപ്പെടെ 4 കുടുംബാംഗങ്ങൾക്ക് (2 മുതിർന്നവരും 2 കുട്ടികളും) ഓഫർ ലഭ്യമാണ്. ഇതിനുംമുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.
സഹകരണ സ്ഥാപനങ്ങൾ
കുറഞ്ഞത് 10 അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് കിഴിവുകൾ ലഭ്യമാണ്. സ്ഥാപനത്തിന്റെ അംഗീകാര കത്തും ജീവനക്കാരന്റെ (സ്ഥാപനത്തിന്റെ) ഫോട്ടോ പതിച്ച ഐഡി കാർഡും നിർബന്ധമാണ്. ജീവനക്കാർ ഉൾപ്പെടെ 4 കുടുംബാംഗങ്ങൾക്ക് (2 മുതിർന്നവരും 2 കുട്ടികളും) ഓഫർ ലഭ്യമാണ്. മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.
ബാലസംഘം / ബാലസഭ
കുറഞ്ഞത് 15 കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പ്രത്യേക കിഴിവുകൾ ലഭ്യമാണ്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ബാലസംഘം ഏരിയ കമ്മിറ്റിയുടെ കത്ത് സഹിതം വരുന്നവർക്ക് ഈ ഓഫർ ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്.
അംഗൻവാടി
കുറഞ്ഞത് 10 അംഗൻവാടി കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് ഈ ഓഫർ ലഭ്യമാണ്. അംഗൻവാടി സൂപ്പർവൈസറുടെ അംഗീകാരപത്രം നിർബന്ധമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.
വിസ്മയ പാര്‍ക്ക് ടിക്കറ്റ് നിരക്ക്
90 സെന്റിമീറ്ററിനും 135 സെന്റിമീറ്ററിനും ഇടയിൽ ഉയരമുള്ള കുട്ടികൾക്ക് കുട്ടികളുടെ ടിക്കറ്റ് ബാധകമാണ്. 90 സെന്‍റീ മീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 135 സെന്റിമീറ്ററിൽ കൂടുതലുള്ളവർക്ക് മുതിർന്നവർക്കുള്ള ടിക്കറ്റ് ബാധകമായിരിക്കും.
സാധാരണ ദിവസങ്ങളിൽ മുതിര്‍ന്നവര്‍ക്ക് 790 രൂപ, കുട്ടികൾക്ക് 650 രൂപ, മുതിർന്ന പൗരന്മാർക്ക് 500 രൂപ എന്നിങ്ങനെയാണ് നിരക്ക്.
വിസ്മയ പാര്‍ക്ക് സമയം
പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11.00 മുതൽ വൈകുന്നേരം 6.00 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 6.00 വരെയും ആണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












