കൊച്ചിയില്‍ നിന്ന് ഒരു വീക്കെന്‍ഡ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് നെല്ലിയാമ്പതി. കൊച്ചിയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയായി പാലക്കാട് ജില്ലയിലാണ് സുന്ദരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് നടത്തിയ ബൈക്ക് യാത്രയുടെ വിശേഷങ്ങള്‍ റിയാസ് റഷീദ് റാവുത്തര്‍ എഴുതുന്നു.

ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ വച്ചാണ് ഞാന്‍ ആന്റണിയേ ആദ്യമായി കാണുന്നത്. എന്റെ ഫേസ്ബുക്ക് ഫ്രണ്ടാണെങ്കിലും ആന്റണിയെ ഇതിന് മുന്‍പ് ഞാന്‍ നേരില്‍ കണ്ടിട്ടില്ലാ. തലേദിവസം രാത്രി ഫേസ്ബുക്ക് ചാറ്റിലൂടെയാണ് നെല്ലിയാമ്പതിയിലേക്ക് ഒരു ബൈക്ക് ട്രിപ്പ് നടത്താന്‍ ഞങ്ങള്‍ പ്ലാനിട്ടത്. അതനുസരിച്ചാണ് പിറ്റേദിവസം ഞങ്ങള്‍ കണ്ടുമുട്ടിയത്. കണ്ടുമുട്ടിയ ഉടന്‍ തന്നെ ഞങ്ങള്‍ വലിയ സുഹൃത്തുക്കളായി.
വാലന്റൈന്‍ സീസണ്‍, ഹോട്ടല്‍ ബുക്ക് ചെയ്ത് 50% ലാഭം നേടാം
പാലക്കാടന്‍ മണ്ണിലേക്ക്
അങ്കമാലി - ചാലക്കുടി - മണ്ണൂത്തി വഴി 8 മണിയോടു കൂടി ഞങ്ങള്‍ പാലക്കാടു ജില്ലയിലേക്കു പ്രവേശിച്ചു. വഴിയില്‍ നിന്ന് ഒരോ കട്ടന്‍ ചായ കുടിച്ചതിനു ശേഷം യാത്ര തുടര്‍ന്നു. അധികം വേഗതയില്ലാതെ കാഴ്ചകള്‍ കണ്ടുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. പാലക്കാട്ടെ പൊടികാറ്റ് ബൈക്ക് യാത്ര ആസ്വദിക്കുന്ന ഞങ്ങളെ പലപ്പൊഴും അലോസരപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും നെല്ലിയാമ്പതിയില്‍ എത്തിച്ചേരുന്ന ത്രില്ലിലായിരുന്നു ഞങ്ങള്‍.

കരിമ്പനകളും നെല്‍പ്പാടങ്ങളും നിറഞ്ഞു നില്‍ക്കുന്ന പാലക്കാടന്‍ കാഴ്ചകള്‍ കണ്ടു കൊണ്ടു 9 മണിയോടു കൂടി ഞങ്ങള്‍ നെല്ലിയാമ്പതിയുടെ കവാടമായ പോത്തുണ്ടി ചെക്‌പോസ്റ്റില്‍ എത്തി. വണ്ടി നമ്പരും വിവരങ്ങളും ബുക്കില്‍ എഴുതി കൊടുത്തു ഞങ്ങള്‍ നെല്ലിയാമ്പതി ചുരം കയറാന്‍ തുടങ്ങി. രാവിലത്തെ ഇളം ചൂടില്‍ കാടിന്റെ തണുപ്പേറ്റ് ബൈക്കില്‍ യാത്ര ചെയ്യാന്‍ ഒരു പ്രത്യേക സുഖമാണു. യാത്ര ആസ്വദിക്കാന്‍ പറ്റിയ നിമിഷങ്ങള്‍.

Photo: Riyas Rasheed Ravuthar
പോത്തുണ്ടി ഡാം
വഴിയില്‍ പോത്തുണ്ടി ഡാമിന്റെ വിദൂര ദൃശ്യം. നീല നിറത്തില്‍ കാണുന്ന പോത്തുണ്ടി റിസര്‍വേയര്‍. ഇന്ത്യയിലെ തന്നെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളില്‍ ഒന്നാണ് പോത്തുണ്ടി ഡാം. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ മീഞ്ചാടി പുഴയിലാണു ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ചില വ്യൂ പോയിന്റില്‍ നിന്നുമുള്ള വിദൂരകാഴ്ചകള്‍ നമ്മളെ തികച്ചും വിസ്മയിപ്പിക്കും. വേനല്‍ക്കാലമായതു കൊണ്ടു പാലരുവികളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞിന്റെ സുഖമുള്ള കാഴ്ചകളും കാണാനായില്ല. ഉണങ്ങി കരിയാന്‍ തുടങ്ങുന്ന നെല്ലിയാമ്പതി മലനിരകള്‍ കാണാം.
പാലക്കാട്ടെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം
വേഴാമ്പല്‍, വെറും വേഴമ്പല്‍ അല്ലാ
ആദ്യത്തെ വ്യൂ പോയിന്റില്‍ ഫോട്ടോസ് എടുക്കാന്‍ വേണ്ടി ബൈക്കു നിര്‍ത്തി. ജീവിതത്തിലെ മനോഹരമായ ഒരു കാഴ്ച ഞാന്‍ അവിടെ നിന്നാണു കാണുന്നത്. ചിറകു വിടര്‍ത്തി അവര്‍ണ്ണനീയമായ മനോഹാരിതയോടു കൂടി പറന്നു പോകുന്ന മലമുഴക്കി വേഴാമ്പല്‍. കണ്ണില്‍ നിന്ന് മറയുന്നതു വരെ ഞാനാക്കാഴ്ച്ച നോക്കി നിന്നു. നമ്മുടെ സംസ്ഥാന പക്ഷിയേക്കാണാന്‍ എത്ര സുന്ദരം
ഭൂമിയുടെ ഓര്‍മ്മപ്പെടുത്തല്‍
വഴിയില്‍ കഴിഞ്ഞ മഴക്കാലത്ത് ഉരുള്‍ പൊട്ടിയതിന്റെ ഭീകരമായ കാഴ്ചകള്‍ കാണാം. കാട്ടു തീ തടയാന്‍ വഴിയരികിലെ കാടുകള്‍ വെട്ടി വനത്തിനു സംരക്ഷണം ഒരുക്കുന്ന പണിക്കാര്‍. യാത്രക്കാരുടെ ഭക്ഷണത്തിനായി കാത്തു നില്‍ക്കുന്ന വാനരപ്പടകള്‍. ഫാഷന്‍ഫ്രൂട്ട് തോട്ടങ്ങള്‍. അങ്ങനെ കാഴ്ചകള്‍ നീണ്ടുപോകുന്നു.
നെല്ലിയാമ്പതിയില്‍
ഒന്നരമണിക്കൂര്‍ കൊണ്ടു ഞങ്ങള്‍ നെല്ലിയാമ്പതിയിലെത്തി. ഒരു തമിഴ് ഗ്രാമത്തിന്റെ മുഖഭാവം. നേരെ കണ്ട വഴിയിലൂടെ ഞങ്ങല്‍ മുന്നോട്ടു പോയി, ഒരു ലക്ഷ്യവും ഇല്ലാതെ എത്തുന്നിടത്തു എത്തട്ടെ എന്ന ചിന്തയില്‍ ബൈക്കു ഓടിച്ചു. കപ്പബിരിയാണിയും പുട്ടും കടലയും വില്‍ക്കാന്‍ വഴിയില്‍ കൈ വീശി വിളിക്കുന്ന ചേച്ചിമാരും ചേട്ടന്മാരും, സമരജീവിതങ്ങള്‍.
ഓഫ് റോഡ് ബൈക്കു യാത്ര
തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെയുള്ള ചെറിയ റോഡിലൂടേ ഞങ്ങള്‍ 3 കിലോമീറ്ററോളം മുമ്പിലോട്ടു പോയി പോബ്‌സണ്‍ എസ്റ്റേറ്റിന്റെ ഫോട്ടോഗ്രാഫി നിരോധിത മേഖലയിലൂടെയായി യാത്ര. റോഡ് എന്ന് പേരില്‍ മാത്രം പറയാവുന്ന വഴിയിലൂടെ ഒരു ഓഫ് റോഡ് ബൈക്കു യാത്ര.
എങ്ങോട്ടാണു പോകുന്നത് എന്നു യാതൊരു ലക്ഷ്യവും ഇല്ലാത്തതുകാരണം മുന്‍പില്‍ പോകുന്ന വണ്ടിയുടെ പുറകേയങ്ങു പോയി. എത്തിയത് പോബ്‌സണ്‍ ഗ്രൂപ്പിന്റെ എസ്റ്റേറ്റില്‍. ബൈക്കുകള്‍ അവിടെ പാര്‍ക്കു ചെയ്തു മുമ്പില്‍ കണ്ട ഒറ്റയടിപാതയിലൂടെ ഞങ്ങള്‍ നടന്നു. ഒരു വശത്തു കാടും മറു വശത്തു അഗാധമായ കൊക്കകളും. ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങള്‍.
സൂക്ഷിക്കണേ, അപകടം പതിയിരിക്കുന്നു
എങ്ങാനും ഒന്നു കാലുതെറ്റിയാല്‍ പിന്നെ പൊടിപോലും കിട്ടുകേല. ഇത്രയും അപകടകരമായ സ്ഥലത്ത് യാത്രികരുടെ സുരക്ഷയ്ക്കു യാതൊരുവിധ സുരക്ഷയും അധികൃതര്‍ ഒരുക്കിയിട്ടില്ല എന്നുള്ളത് ഖേദകരം തന്നെ. അത്യന്തം അപകടം പിടിച്ച സ്ഥലം.
സംശയങ്ങള്‍
നെല്ലിയാമ്പതിക്കു ഈ പേരു എങ്ങനെ കിട്ടി? നെല്ലിമരങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇങ്ങനെ കുറച്ചുസംശയങ്ങളുമായിട്ടാണു ഞാന്‍ നെല്ലിയാമ്പതി ചുരം കയറിയത്, ഇവിടങ്ങളിലെ നെല്ലിമരങ്ങള്‍ തന്നെയായിരുന്നു എന്റെ ലക്ഷ്യം.

നെല്ലി ദേവതയുടെ ഊരാണു നെല്ലിയാമ്പതി. നെല്ലിയാമ്പതി എന്ന പേരിനര്‍ത്ഥവും ഇതുതന്നെ കേരളത്തിലെ ആദിമനിവാസികള്‍ തങ്ങളുടെ ദൈവങ്ങള്‍ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്. ഇതില്‍ തന്നെ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തില്‍ നെല്ലിമരത്തില്‍ ആസ്ഥാനമാക്കിയ ദേവതയുടെ പേരില്‍ നിന്നാണ് നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. ഇവിടങ്ങളിലെ വിശ്വാസവും ഇതുതന്നെ.
നെല്ലിമരങ്ങള്‍ക്കിടയിലൂടെ
പലരീതിയിലുള്ള മുത്തശ്‌സി നെല്ലിമരങ്ങള്‍ സഞ്ചാരികളുടെ ക്രൂരമായ വിനോദങ്ങളില്‍പ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ സംസ്‌കാരവും ചരിത്രങ്ങളും പഠിപ്പിച്ചുതരുന്ന മരങ്ങളാണിവ, ഇനിയും ഈ നെല്ലി മരങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ നെല്ലിദേവതയില്ലാത്ത, നെല്ലി മരങ്ങളില്ലാത്ത നെല്ലിയാമ്പതിയെ നമുക്കു കാണേണ്ടി വരും.

ഓരോ നെല്ലിമരങ്ങളും സഞ്ചാരികളുടെ അഭ്യാസങ്ങളിലും ആഭാസങ്ങളിലും സാഹസിക പ്രകടനങ്ങളിലും വീര്‍പ്പു മുട്ടുന്നതായി എനിക്ക് തോന്നി. പോകുന്ന വഴികളില്‍ എല്ലാം മദ്യപാന സഭകള്‍ കാണാം, ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇഷ്ടം പോലെ. നമ്മുടെ നാടിന്റെ വിനോദ സംസ്‌കാരം ഇങ്ങനെയാണല്ലോ ഇപ്പോള്‍.
സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടം
ദൂരെ സീതാര്‍ക്കുണ്ടു വെള്ളച്ചാട്ടം കാണാം. വെള്ളം നന്നേ കുറവാണ്. ഒരു മണിക്കുറില്‍ അധികം ഞങ്ങള്‍ അവിടുത്തെ കാഴ്ചകളും കാറ്റും ആസ്വദിച്ചു കൊണ്ടിരുന്നു. നെല്ലിയാമ്പതിയില്‍ പ്രധാനമായും കാണേണ്ട കാഴ്ചകള്‍ സീതാര്‍ക്കുണ്ടു വെള്ളച്ചാട്ടം, കാരശൂരി, മിന്നാം പാറ, കേശവന്‍ പാറ, മാന്‍ പാറ എന്നിങ്ങനെയുള്ള ട്രക്കിംഗ് പോയിന്റുകളും ഓറഞ്ച്, തേയില, ഏലം, കാപ്പിതോട്ടങ്ങളുമാണു. ഞായറാഴ്ച ഓറഞ്ചു തോട്ടത്തിലേക്കു പ്രവേശനമില്ല. വേദനിപ്പിക്കുന്ന ടൂറിസ്റ്റ് സംസ്‌കാര കാഴ്ചകള്‍ നമുക്കു ഇഷ്ടം പോലെ ഇവിടെ നിന്നും കാണുവാന്‍ സാധിക്കും.
ചുരമിറക്കം
ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ചുരമിറങ്ങാന്‍ തുടങ്ങി. കെ എസ് ആര്‍ ടി സി ബസ്സിന്റെ ഉഗ്രന്‍ ഫാന്‍സുകാരായ എനിക്കും ആന്റണിക്കും നെല്ലിയാമ്പതി ചുരത്തിലോടുന്ന സ്റ്റേറ്റ് ബസ്സുകളുടെ ഫോട്ടോ എടുക്കല്‍ ആയിരുന്നു അടുത്ത ലക്ഷ്യം. നെല്ലിയാമ്പതി ചുരത്തിലൂടെ കയറിയിറങ്ങി വരുന്ന കൊമ്പന്മാരേയും കാത്തു എത്ര നേരം ചുരത്തില്‍ ഞങ്ങള്‍ കാത്തു നിന്നു എന്നറിയില്ല.

ഇതുവരെ ഒരു യാത്രയിലും തരാത്ത ഒരു ഹരം. ഒരോ ബസ്സിന്റെയും മുന്‍പിലും പുറകിലുമായി ഞങ്ങള്‍ പല തവണ ചുരം കയറിയിറങ്ങി ഫോട്ടോകള്‍ എടുത്തു.
വാളന്‍പുളി, വായില്‍ വെള്ളമൂറിയല്ലേ?
പോത്തുണ്ടി നെന്മാറ റോഡരികില്‍ കായ്ച്ചു കിടക്കുന്ന ഒരുപാടു പുളിമരങ്ങള്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ ബൈക്കു റോഡരികില്‍ നിര്‍ത്തി ഒരു പുളിമരത്തില്‍ അങ്ങു കയറി കുറേ വാളന്‍പുളി പറിച്ചു തിന്നു. കുറേയെണ്ണം പോകുന്ന വഴിക്കു തിന്നാന്‍ കരുതിയും വച്ചു. വാളന്‍ പുളിയും നൂണഞ്ഞുകൊണ്ടു ഞങ്ങളുടെ മടക്കയാത്ര കൊച്ചിയിലെ ഗതാഗത കുരുക്കുകളിലേക്ക്

രാത്രി 7 മണിക്കു ഇടപ്പള്ളിയില്‍ എത്തി ആന്റണിയോടു യാത്ര പറഞ്ഞു. നല്ലൊരു യാത്രയും സഹയാത്രികനേയും സമ്മാനിച്ച ഈ യാത്രയുടെ സന്തോഷത്തില്‍ ഞാന്‍ എന്റെ അടുത്ത ബൈക്കു യാത്രയ്ക്കായി തയ്യാറാകട്ടെ. മറ്റൊരു യാത്രാ വിശേഷവുമായി ഇനിയും വരും തീര്‍ച്ച.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












