യാത്രകളിൽ കൗതുകവും സാഹസികതയും തേടിപ്പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഹിമാനികൾ. മരവിപ്പിക്കുന്ന തണുപ്പും പേടിയും ഒക്കെ തോന്നുമെങ്കിലും സാഹസിക സഞ്ചാരികള്‍ക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. അമ്പരപ്പിക്കുന്ന കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളുമുള്ള ഹിമാനികൾ സഞ്ചാരികളെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.
കാഴ്ചകൾ മാത്രമല്ല, നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തെയും ഹിമാനികൾ സ്വാധീനിക്കുന്നു, ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷത്തിന്റെ ഭാഗമായി 2025 മാർച്ച് 21 ന് ആദ്യത്തെ ലോക ഹിമാനി ദിനം ആഘോഷിക്കുകയാണ്. പർവ്വതങ്ങളെയും യാത്രകളെയും സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട കുറച്ച് ഹിമാനികൾ നമ്മുടെ രാജ്യത്തുണ്ട്. അവയേതെല്ലാം ആണെന്നും ഹിമാനികളിലേക്കുള്ള ട്രെക്കിങ് എങ്ങനെ നടത്താമെന്നും നോക്കാം.

ഗംഗോത്രി ഗ്ലേസിയർ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിമാനികളിൽ ഒന്നാണ് ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗ്ലേസിയർ. മുപ്പത് കിലോമീറ്റർ നീളവും രണ്ട് മുതൽ നാല് വരെ കിലോമീറ്റർ വീതിയും ഉള്ള ഈ ഹിമാനി ഉത്തരകാശിയിടെ ഏറ്റവും അങ്ങേയറ്റത്ത് എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ളിടത്താണ് സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനികളിൽ ഒന്നായ ഇതിലാണ് പ്രസിദ്ധമായ ഗംഗാ നദി ഉത്ഭവിക്കുന്നതും. ഗംഗോത്രി ഭാഗീരഥി III, മേരു, ശിവലിംഗം, തലയ് സാഗർ എന്നീ കൊടുമുടികളാൽ ചുറ്റപ്പെട്ടാണ് ഈ ഹിമാനിയുള്ളത്.
സഞ്ചാരികൾക്ക് ഗംഗോത്രി ഗൗമുഖ് ട്രെക്കിങ് നടത്താം. പച്ചപ്പ്, പുൽമേടുകൾ, അരുവികൾ തുടങ്ങിയവ കണ്ടുള്ള യാത്രയ്ക്ക് കുറഞ്ഞത് ആറ് ദിവസമെങ്കിലും വേണം.
സിയാച്ചിൻ ഗ്ലേസിയർ
ഹിമാലയത്തിൽ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിൻ ഹിമാനി ഇന്ത്യയിൽ നിന്നുളള ഏറ്റവും സാഹസിക യാത്ര നല്കുന്ന ഹിമാനികളിലൊന്നാണ്. കാരക്കോറത്തിലെ ഏറ്റവും നീളമുള്ളതും ലോകത്തിലെ ധ്രുവേതര പ്രദേശങ്ങളിലെ രണ്ടാമത്തെ നീളമുള്ളതുമായ ഹിമാനി ആണ് സിയാച്ചിൻ ഗ്ലേസിയർ. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിലാണ് ഈ ഹിമാനി സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയും ഹെലിപാഡും ഇവിടെയാണുള്ളത്. സിന്ധു നദിയുമായി ലയിക്കുന്ന ഷയോക് നദിയുടെ പോഷകനദിയായ നുബ്ര നദിയുടെ പ്രധാന ഉറവിടമാണ് സിയാച്ചിൻ.
താജിവാസ് ഗ്ലേസിയർ
ഒരു ഹിമാനിക്ക് തരാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാഴ്ചകൾ നല്കുന്ന ഇടമാണ് ജമ്മു കാശ്മീരിലെ താജിവാസ് ഗ്ലേസിയർ. ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നു പോലും വിളിക്കപ്പെടുന്ന ഇവിടം വർഷത്തിൽ എപ്പോള് വേണമെങ്കിലും സന്ദർശിക്കാം. സീസണുകൾക്കപ്പുറം നിലനിൽക്കുന്ന സൗന്ദര്യം ഈ പ്രദേശത്തിനുള്ളതിനാൽ ഏതു സമയത്തെ യാത്രയും ഒട്ടും നിരാശപ്പെടുത്തില്ല.
മാത്രമല്ല, കാശ്മീർ യാത്രയിൽ സോനാമാർഗിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ സന്ദർശിക്കാവുന്ന ഹിമാനി കൂടിയാണ് താജിവാസ് ഗ്ലേസിയർ. പൈൻ വനങ്ങളും സമൃദ്ധമായ പുൽമേടുകളും കൊണ്ട് ചുറ്റപ്പെട്ട ഈ ഹിമാനിയാണിത്. ഇവിടെ ഐസ് സ്കീയിംഗ്, സ്ലെഡ്ഡിംഗ് പോലുള്ള ചില സാഹസിക പ്രവർത്തനങ്ങളും ആസ്വദിക്കാം.
സെമു ഗ്ലേസിയർ സിക്കിം
വടക്കു കിഴക്കൻ ഇന്ത്യയിലേക്കുള്ള യാത്രയിൽ സാഹസികത ആസ്വദിക്കാൻ താല്പര്യമുണ്ടെങ്കിൽ സെമു ഗ്ലേസിയർ തിരഞ്ഞെടുക്കാം. സിക്കിമിൽ സ്ഥിതി ചെയ്യുന്ന ഈ ഹിമാനി കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും നീളം കൂടിയ ഹിമാനി കൂടിയാണ്. സിക്കിമിലേക്ക് നീണ്ട യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കില്‍ കുറച്ചു ദിവസങ്ങൾ ഇവിടം സന്ദർശിക്കുവാനായി മാറ്റിവെക്കാം. എന്നാൽ അത്രയെളുപ്പം വന്നു കണ്ടു പോകാൻ പറ്റുന്ന ഒരിടമല്ല ഇത്. ഇവിടേക്കുള്ള യാത്ര അല്പം ബുദ്ധിമുട്ടുള്ളതാണ്. ധൈര്യവും ശാരീരിക ക്ഷമതയും ആവശ്യത്തിനുണ്ടെങ്കിൽ മാത്രമേ ഇവിടേക്കുള്ള യാത്ര ആലോചിക്കുകപോലും ചെയ്യാവൂ.

സാഹസികത നിറഞ്ഞ യാത്ര മാത്രമല്ല, മൗണ്ട് സിനിയോൾച്ചു, സിംവോ, ഖാങ്‌ചെൻഡ്‌സോംഗ തുടങ്ങിയ കൊടുമുടികളുടെ അതിമനോഹരമായ കാഴ്ചകളും ഇവിടെ നിന്ന് ലഭിക്കും. എന്നാല്‍ പാടുള്ള ട്രെക്കിങ്ങായതിനാല്‍ അധികമാരും എത്താറില്ല. സിക്കിമിലെ കൃഷിക്കും ജലവൈദ്യുതിക്കും വെള്ളം നൽകുന്ന ഒരു പ്രധാന നദിയായ ടീസ്റ്റ നദിയുടെ പ്രധാന ഉറവിടമാണ് ഈ ഹിമാനി.
മിലാം ഗ്ലേസിയർ
സാഹസിക സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്ന സ്ഥലമാണ് ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മിലാം ഹിമാനി. സമുദ്രനിരപ്പിൽ നിന്ന് 4268 മീറ്റര് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിമാനി
37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഏകദേശം 52 ഹിമാലയൻ പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഹിമാനി ശ്വാസം പോലും പിടിച്ചുനിർത്തുന്ന തരത്തിലുള്ള കാഴ്ചകളാണ് നല്കുന്നത്.
ഓരോ സഞ്ചാരിയും കാണാൻ കൊതിക്കുന്ന പർവ്വതങ്ങളും കാഴ്ചകളുമാണ് ഈ യാത്ര നല്കുന്നത്. 1962 ൽ, ഇന്ത്യ-ചൈന യുദ്ധ സമയത്ത് ഈ പാത അടച്ചിരുന്നുവെങ്കിലും 1994 ൽ ഇത് വീണ്ടും തുറന്നു നല്കി. മുൻസിയാരിയുടെ ബേസ് ക്യാമ്പിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ഹിമാനി വരെയുള്ള പാതയിൽ ത്രിശൂലി പർവതത്തിന്റെയും (7070 മീറ്റർ) ഹാർഡിയോളിന്റെയും (7151 മീറ്റർ) ഒക്കെ കാഴ്ചകൾ ആസ്വദിക്കാം. മരങ്ങൾ, അരുവികൾ, ഗ്രാമങ്ങൾ എന്നിങ്ങനെ പിടിച്ചു നിർത്തുന്ന കാഴ്ചകൾ പിന്നിട്ടാണ് ഒടുവിൽ ലക്ഷ്യസ്ഥാനമായ മിലാം ഗ്ലേസിയറിൽ എത്തുന്നത്.
ധ്രുവപ്രദേശങ്ങൾക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിമപ്രദേശമാണ് ഹൈ മൗണ്ടൻ ഏഷ്യ ഹൈ മൗണ്ടൻ ഏഷ്യയിലെ ഏകദേശം 7,000 km3 ഐസ് അടങ്ങിയ ഏകദേശം 100,000 ഹിമാനികളിൽ പകുതിയും ഹിമാലയത്തിലും കാർക്കോറം പർവതങ്ങളിലുമാണ് കാണപ്പെടുന്നത്.
സതോപന്ത് ഹിമാനി
എത്തിച്ചേരാനുള്ള യാത്രയേക്കാൾ ലക്ഷ്യസ്ഥാനമാണ് മനോഹരമെന്ന് പറയുന്ന ട്രെക്കിങ്ങുകളില്ലേ, അത്തരത്തിലൊന്നാണ് സതോപന്ത് ഹിമാനി നല്കുന്ന അനുഭവം. . സത്യം എന്നർത്ഥം വരുന്ന 'സതോ', വഴി അല്ലെങ്കിൽ പാത എന്നർത്ഥം വരുന്ന 'പന്ത്' എന്നീ രണ്ട് വാക്കുകളിൽ നിന്നാണ് ഈ ഹിമാനിക്ക് പേരു ലഭിച്ചത്. ഒരു പക്ഷേ, ഈ യാത്ര നടത്താന് സാധിച്ചാൽ, വഴിയും യാത്രയുടെ സൗന്ദര്യവും അത് നല്കുന്ന കാഴ്ചകളും ഒക്കെക്കൊണ്ട് ഒരു പക്ഷേ, സത്യത്തിലേക്കുള്ള വഴി തിരിച്ചറിയാൻ നമുക്കും സാധിച്ചേക്കും. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഹിമാനി ഹിമാലയ കാഴ്ചകൾ കാണാൻ ഏറ്റവും പറ്റിയ യാത്രയാണ് നല്കുന്നത്.
സതോപന്ത് ഹിമാനിയിലേക്കുള്ള യാത്രയ്ക്ക് പല വഴികൾ ഉണ്ടെങ്കിലും . ചമോലിയിലെ ജോഷിമഠിൽ നിന്ന് സതോപന്ത് ഹിമാനിയിലേക്കുള്ള യാത്രയാണ് കൂടുതലും സഞ്ചാരികള് തിരഞ്ഞെടുക്കുന്നത്. വെറുതേയുള്ള നടത്തം മാത്രമല്ല, ഇല്പം സാഹസികതയും ധൈര്യവും ഒക്കെ ഈ യാത്രയ്ക്ക് കൈമുതലായി ഉണ്ടാകണം. അളകനന്ദാ നദിയുടെ ഒഴുക്കിനൊപ്പം നടന്നു നീങ്ങുന്ന യാത്രയില്‍ വസുന്ധര വെള്ളച്ചാട്ടം,സതോപന്ത് താൽ തുടങ്ങിയവയും ആസ്വദിക്കാം.
കൊളഹോയ് ഹിമാനി
കാശ്മീരിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുത കാഴ്ചകളിൽ ഒന്നാണ് കൊളഹോയ് ഹിമാനി. സമുദ്രനിരപ്പിൽ നിന്ന് 4700 മീറ്റർ ഉയരത്തിലുള്ള ഇവിടം പക്ഷേ, വന്നു കണ്ടിട്ടുള്ളവർ കുറവാണ്. കശ്മീരിലെ ഏറ്റവും വലിയ ഹിമാനിയായ ഇത് പഹൽഗാമിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. നീണ്ട യാത്ര ആവശ്യമില്ല എന്നതാണ് സാധാരണ യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഗംഗീരമായ കാഴ്ചകളാണ് ഈ യാത്രയിൽ കാത്തിരിക്കുന്നത്. അരു താഴ്‌വരയിൽ നിന്ന് ആരംഭിച്ച് ലിഡർ താഴ്‌വര കടന്നെത്തുന്ന ട്രെക്കിങ്ങിൽ പുൽമേടുകൾ, നദികൾ, കൊടുമുടികൾ, എന്നിങ്ങനെയുള്ള അതിമനോഹരമായ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















