പാസ്പോർട്ട്: ഒരു രാജ്യം അതിന്‍റെ പൗരന്മാർക്ക് മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോൾ നല്കുന്ന തിരിച്ചറിയൽ രേഖ. ഇതിനുമപ്പുറം ഓരോ രാജ്യങ്ങളുടെയും പാസ്പോർട്ടുകൾക്ക് ഒരു പ്രത്യേകതകളുണ്ട്. ചിലതിന് ലോകത്തിലെ മറ്റു രാജ്യങ്ങളുടേതിനേക്കാൾ കരുത്തും സ്വാധീനവും കൂടുതലായിരിക്കും. ഈ കരുത്ത് നിർണ്ണയിക്കുന്ന ഒരു ഘടനം അത് അവരുടെ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ചാണ്.
മേൽപ്പറഞ്ഞ മാനദണ്ഡമാണ് നോക്കുന്നതെങ്കിൽ നിലവിലെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജപ്പാന്‍റെയാണ്. ജപ്പാൻ പാസ്പോർട്ട് കൈവശമുള്ളവര്‍ക്ക് ലോകത്തിലെ 193 രാജ്യങ്ങളിലേക്ക് വിസാ രഹിസ പ്രവേശനം നടത്താം. എന്നാല്‍ കരുത്തിലല്ല, എത്രപേരുടെ കൈവശമുണ്ട് എന്ന കാര്യമാണ് നോക്കുന്നതെങ്കിൽ അപൂർവ്വ അവകാശപ്പെടാൻ പറ്റിയ മറ്റൊരു പാസ്പോർട്ട് ഉണ്ട്.

വെറും 500 ൽ താഴ ആളുകളുടെ കൈവശം മാത്രമുള്ള ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ പാസ്പോർട്ട്. സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടേതാണ് ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസിവും അപൂർവ്വവുമായ പാസ്പോർട്ട്. മാള്‍ട്ട അഥവാ റിപ്പബ്ലിക് ഓഫ് മാൾട്ട എന്ന രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട പലർക്കും പുതിയ ഒരു പേരായിരിക്കും.
നൈറ്റ്സ് ഓഫ് മാൾട്ട എന്നും അറിയപ്പെടുന്ന ഓർഡർ ഓഫ് മാൾട്ടയെ ഏകദേശം ആയിരത്തോളം വർഷത്തെ മതപരമായ കത്തോലിക്കാ ക്രമം മാത്രമായല്ല അടയാളപ്പെടുത്തിയിരിക്കുന്നത്, മറിച്ച് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷക പദവിയും ഭരണഘടനയുമുള്ള ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കപ്പെട്ട, പ്രാദേശിക അധികാരപരിധിയില്ലാതെ പ്രവർത്തിക്കുന്ന രാഷ്ട്രം കൂടിയാണ്. ഭൂമിയില്ലാത്ത രാഷ്ട്രം എന്നു വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം.
ഇത് കൂടാതെ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളും ദുരന്ത നിവാരണ പരിപാടികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിൻറെ ബഡ്ജറ്റ് ഉള്ള മാനുഷിക സഹായ സംഘട കൂടിയാണിത്. പറഞ്ഞു വന്നത് ലോകത്തിലെ ഏറ്റവും അപൂർവ്വമായ പാസ്പോര‍്ട്ടിനെക്കുറിച്ച് ആണല്ലോ. സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട തങ്ങളുടേതായ പാസ്പോർട്ട് മാത്രമല്ല, കാർ ലൈസൻസ് പ്ലേറ്റുകൾ, കറൻസി, സ്റ്റാമ്പുകൾ എന്നിവയും പുറത്തിറക്കുന്നു.
ഓർഡർ ഓഫ് മാൾട്ടയുടെ പാസ്പോർട്ടിനെക്കുറിച്ച് അറിയുന്നതിന് മുൻപ് ഓർഡർ ഓഫ് മാൾട്ടയുടെ ചരിത്രം കൂടിഅറിയണം. 1099-ൽ ജറുസലേമിൽ ഒരു ധീരസംഘം എന്ന നിലയിലാണ് നൈറ്റ്സ് ഉത്ഭവിച്ചത്. 1530-ൽ സ്പെയിനിലെ രാജാവ് അവർക്ക് മാൾട്ടീസ് ദ്വീപസമൂഹം സമ്മാനിച്ചു എന്നാൽ പിന്നീട് 1798-ലെ ഫ്രഞ്ച് അധിനിവേശത്തിൽ നെപ്പോളിയൻ ബോണപാർട്ട് നൈറ്റ്‌സിനെ മാൾട്ടയിൽ നിന്ന് പുറത്താക്കിയെന്നാണ് ചരിത്രം. 1300-കളിൽ ഓർഡർ ഓഫ് മാൾട്ടയുടെ നയതന്ത്രജ്ഞർ അംബാസഡർമാരായി പ്രത്യേക വിദേശ ദൗത്യം ഏറ്റെടുത്ത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്തപ്പോഴാണ് ആദ്യത്തെ പാസ്‌പോർട്ടുകൾ നൽകിയത്.
പിന്നീട് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഈ ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ മറ്റ് രാജ്യങ്ങളുടെ പാസ്പോർട്ടുകളിൽ കാണുന്ന പൊതുവായ പ്രത്യേകതകൾ കൂട്ടിച്ചേർത്തു.
ഇന്ന്, സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ 500-ഓളം നയതന്ത്ര പാസ്‌പോർട്ടുകൾ മാത്രമേ പ്രചാരത്തിലുള്ളൂ . സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ പരമാധികാര സമിതി അംഗങ്ങൾക്കും നയതന്ത്ര ദൗത്യ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമാണ് ഈ പാസ്പോർട്ട് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
ഈ പാസ്പോർട്ടിന്‍റെ കടുംചുവപ്പ് നിറം ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ പ്രതീകമാണെന്നാണ് വിശ്വാസം. ആകെ 44 പേജുകളാണ് ഈ പാസ്പോര്‍ട്ടിനുള്ളത്. ഫ്രഞ്ചിൽ ഓർഗനൈസേഷന്‍റെ പേര് സൂചിപ്പിക്കുന്ന സ്വർണ്ണ അക്ഷരങ്ങൾ പാസ്പോർട്ടിന്‍റെ പുറംപേജിൽ കാണാം.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്‌ഡം, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ ഈ പാസ്‌പോർട്ടിനെ യാത്രയ്‌ക്കുള്ള സാധുവായ ഐഡിയായി അംഗീകരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ നയതന്ത്ര പാസ്‌പോർട്ട് മൂന്നിൽ രണ്ട് ഷെങ്കൻ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ഔപചാരിക നയതന്ത്ര ബന്ധങ്ങൾ ഇല്ലെങ്കിലും ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളുമായി അടുത്ത് സഹകരിക്കുന്നുവെന്നുവെന്നുമാണ് വിശദീകരണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












