ആവി പറക്കുന്ന മൊരിഞ്ഞ ചൂട് ദോശ.. ഒപ്പം കുറച്ച് തേങ്ങാ ചമ്മന്തിയും സാമ്പാറും... ഇത്രയും മതി ഒരു ദിവസം മനോഹരമാകുവാൻ. തട്ടു ദോശ ആണങ്കിലും മസാലദോശയോ പ്ലെയിൻ ദോശയോ എന്നിങ്ങനെ പേരും രൂപവും അല്പം മാറിയാലും ദക്ഷിണേന്ത്യക്കാർ മുഴുവനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരുവിഭവമാണ് ദോശ. ചൂട് ദോശയിൽ കുറച്ച് സാമ്പാറും കുറച്ച് ചട്നിയും മുക്കി കഴിച്ച് ഒരു ചായയും കുടിച്ചാൽ ഉച്ചവരെ വേറൊന്നും വേണ്ട. നമ്മുടെ നാട്ടിൽ എല്ലാ കടകളിലും കിട്ടുമെങ്കിലും ബെംഗളുരുവിലെ പേരുകേട്ട ദോശക്കടകൾ പരിചയപ്പെട്ടാലോ...
1. വിദ്യാര്‍ത്ഥി ഭവൻ
ബെംഗളുരുവിലെ ഭക്ഷണപ്രിയരുടെ ഇടയിൽ ഏറ്റവും പേരുകേട്ട സ്ഥലമാണ് ബസവനഗുഡി ഗാന്ധി ബസാറിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാര്‍ത്ഥി ഭവൻ ഹോട്ടൽ. ഇവിടെ മസാല നിറച്ച് വിളമ്പുന്ന മൊരിഞ്ഞിരിക്കുന്ന മസാലദോശയ്ക്കാണ് ഏറെ ആരാധകരുള്ളത്. നിറയെ ചട്നി ഒഴിച്ച് കിട്ടുന്ന ഈ ദോശ കഴിക്കാത്ത ഭക്ഷണ പ്രിയർ ബെംഗളുരുവിൽ കാണില്ല. കൈ നിറയെ അടുക്കിവെച്ച ദോശപ്ലേറ്റുകളുമായി ഇവിടെ വെയിറ്റർ ഓരോ മേശയ്ക്ക് അടുത്തേയ്ക്കുമെത്തുന്ന കാഴ്ച തന്നെ രസകരമാണ്.
വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും വലിയ തിരക്കാണ് വിദ്യാർത്ഥി ഭവനിൽ അനുഭവപ്പെടുന്നത്. സീറ്റുകൾ ബുക്ക് ചെയ്തു വരികയോ അല്ലെങ്കിൽ നേരത്തെ വരികയോ ചെയ്തില്ലെങ്കിൽ കാത്തു നിൽക്കേണ്ടി വരും. ബെംഗളുരുവിലെ ഏറ്റവും പഴയ റസ്റ്റോറന്‍റുകളിലൊന്ന് കൂടയാണിത്. ദോശകൂടാതെ, കേസരി ബാത്ത്, ഇഡ്ഡലി, വട, മേദു വട , ഫിൽട്ടർ കോഫി എന്നിവയും പ്രസിദ്ധമാണ്.
2. എംടിആർ
ബെംഗളുരുവിൽ സ്വാദേറിയ ദോശ വിളമ്പുന്ന മറ്റൊരിമാണ് എംടിആർ എന്ന മാവള്ളി ടിഫിൻ റൂം. കാലമെത്ര കഴിഞ്ഞിട്ടും മാറ്റമില്ലാത്ത രുചിയാണ് ഇവിടുത്തെ പ്രത്യേകത. ദോശയെ അതിന്‍റെ സ്വാഭാവീക രുചിയില് ലഭിക്കുന്ന ഇടമാണിത്. മൊരിഞ്ഞ് കൃത്യം വേവിലുള്ള മസാല ദോശയ്ക്കും ചട്നിക്കും ഒപ്പം ഒരല്പം നെയ്യ് ഇവിടെ തരും. അതൊഴിച്ച് കഴിച്ചാലേ എംടിആർ ദോശ രുചി പൂർണ്ണമാവുകയുള്ളൂ. ഒപ്പം സാമ്പാറും ചട്നിയും കൂടി കിട്ടും കേട്ടോ..
3. സിടിആർ
ബെംഗളുരുവിലെ രുചികളെ ലോകത്തിന് പരിചയപ്പെടുത്തിയ സിടിആർ എന്ന സെൻട്രൽ ടിഫിൻ റൂം അതിന്‍റെ ദോശരുചികൾക്ക് പ്രസിദ്ധമാണ്. 1920 കളിൽ സ്ഥാപിതമായ ഈ ഹോട്ടൽ ഇന്ന് ബെംഗളുരു നിവാസികളുടെ ഏറ്റവും പ്രയപ്പെട്ട ബ്രേക്ക്-ഫാസ്റ്റ് ഇടമായി മാറിയിട്ടുണ്ട്. ഇന്ന് ശ്രീ സാഗർ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിവിധ തരത്തിലുള്ള ദോശകൾ കൂടാതെ മംഗളുരു ബജ്ജി, മധൂർ വട, പൂരി, ബോണ്ട സൂപ്പ് എന്നിങ്ങനെ കർണ്ണാടകയുടെ തനത് രുചികളും ഇവിടെ ലഭിക്കും. ഒപ്പം ഇവിടുത്തെ ഫിൽട്ടർ കോഫി കൂടി കുടിക്കണം.
മല്ലേശ്വരം 7th ക്രോസ് റോഡിലാണ് സിടിആർ സ്ഥിതി ചെയ്യുന്നത്.
4. ഐഡിസി കിച്ചൺ
ബെംഗളുരുവിലെ ഏറ്റവും ക്രിസ്പി ദോശ വിളമ്പുന്ന ഇടമാണ് ഐഡിസി കിച്ചൺ. ഐഡിസി കിച്ചൺ അഥവാ ദോശ, ഇഡ്ലി കോഫി കിച്ചൺ എല്ലാ പ്രായക്കാര്‍ക്കും ഇടയിൽ ഹിറ്റായി നിൽക്കുന്ന ഭക്ഷണ ശാലയാണ്. 2012 ലാണ് സ്ഥാപിതമായതെങ്കിലും ഇന്ന് ബെംഗളുരുവിൽ മാത്രം 11 ഔട്ട്ലെറ്റുകളുണ്ട്. . ബട്ടർ മസാല ദോശ, നെയ്യ് പൊടി ഇഡ്‌ലി, പൊടി റൈസ്, റവ ദോശ എന്നിവയാണ് ഇവിടുത്തെ ജനപ്രിയ വിഭവങ്ങൾ.
മസാല തട്ടേ ഇഡ്ഡലി, തക്കാളി ഉത്പം, പുടി റൈസ് എന്നിവയും ജനപ്രിയമാണ്. പനീർ, ചീസ്, ഗ്ലൂറ്റൻ രഹിത റാഗി തുടങ്ങിയ വിഭവങ്ങളും ഇവിടെ വിളമ്പുന്നു. മസാല ദോശയ്ക്കൊപ്പം വിളമ്പുന്ന ഇവിടുത്തെ സാമ്പാറും ചട്‌ണിയും രുചിയുള്ളതും സ്വാദുള്ളതുമാണ്. എല്ലാ ഔട്ട്ലെറ്റുകളിലും രുചിയുടെ കാര്യത്തിൽ ഒരുമാറ്റവുമില്ല എന്നതും ശ്രദ്ധേയമാണ്.
5. രാമേശ്വരം കഫേ
വളരെ ചുരുങ്ങിയ സമയത്തിൽ ബെംഗളരുവിൽ പ്രസിദ്ധമായ രാമേശ്വരം കഫേയിലെ ദോശയും വളരെ പ്രസിദ്ധമാണ്. 2021 ൽ സ്ഥാപിതമായ രാമേശ്വരം കഫേ കുട്ടികൾക്കും മുതിർന്നവർക്കും യുവാക്കള്‍ക്കുമെല്ലാം പ്രിയപ്പെട്ട ഇടമാണ്. രാവിലെ 6.30 മുതൽ പുലർച്ചെ 1.00 മണി വരെയാണ് ഇത് തുറന്നിരിക്കുന്നത്. ബെംഗളുരുവിൽ നാല് ബ്രാഞ്ചുകളാണ് രാമേശ്വരം കഫേയ്ക്കുള്ളത്. നിറയെ നെയ് ചേർത്തുള്ള ഇവിടുത്തെ മസാല ദോശ ജനപ്രിയ വിഭവമാണ്. നെയ്യ് പൊടി മസാല ദോശ, പൊടു ഇഡ്ലി എന്നിവയ്ക്കും ഒരുപാട് ആരാധകരുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














