ഓണം മലയാളികൾക്ക് ഒരു വികാരമാണ്. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ഓണമായാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കാത്തവർ കാണില്ല. നാട്ടുകാരും വീട്ടുകാരും ഒന്നിച്ചുള്ള ആഘോഷങ്ങളും ഓണസദ്യയും ഓണക്കോടിയും പായസവും ഒക്കെയായി ഓരോ ഓണക്കാലവും മറക്കാനാവാത്ത ഓർമ്മകളുടേത് കൂടിയാണ്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങൾക്ക് കാലമിത്ര സഞ്ചരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നിട്ടില്ല.
ജാതിയുടെയോ മതത്തിന്‍റെയോ വ്യത്യാസങ്ങളില്ലാതെ മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഓണത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. പൂക്കളമിട്ട്, സദ്യയൊരുക്കി എല്ലാവരും ചേർന്നുണ്ണാതെ ഒരോണക്കാലവും മലയാളികൾക്ക് പൂർണ്ണമാകില്ല. പൂക്കളമിടലും ഉത്രാടപ്പാച്ചിലും മാവേലിയും ഇല്ലാതെ ഓണമില്ല. നാട്ടിലേക്കാൾ ആഘോഷം മറുനാട്ടിലാണോ എന്നു സംശയിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ ഓണക്കാലം എന്നതും എടുത്തുപറയേണ്ട സംഗതിയാണ്.
ഓണം
ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഒരുപാടുണ്ട് ഓണത്തിന്. ആഘോഷങ്ങളും ഉത്സവങ്ങളും പലതുണ്ടെങ്കിലും മലയാളികളുടെ ദേശീയോത്സവം ഓണമാണ്. കേരളത്തിൽ ഇന്ന് ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവവും ഓണമാണ്. വിളവെടുപ്പിന്‍റെ ആഘോഷമാണ് ഓണം. എന്നാൽ അസുര രാജാവാത മഹാബലിയുടെ ഭരണത്തിന്‍റെ ഓർമ്മയായാണ് ഓണം ആഘോഷിക്കുന്നതെന്നതാണ് ഏറ്റവും പ്രചരിക്കപ്പെട്ടിട്ടുള്ള വിശ്വാസം. മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. ഓണക്കളികളിലും വിശ്വാസങ്ങളും ഓണക്കഥകളിലുമെല്ലാം ഇത് വ്യക്തമായി കാണാം.
ഓണം 2024
ഇക്കൊല്ലം സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം. അത്ത പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല. ഈ വർഷം ചിങ്ങമാസത്തിലെ അത്തം സെപ്റ്റംബർ ആറാം തിയതി വെള്ളിയാഴ്ചയാണ് വരുന്നത്.
ഒന്നാം ഓണം സെപ്റ്റംബർ 14 ശനിയാഴ്ച
തിരുവോണം സെപ്റ്റംബർ 15 ഞായറാഴ്ച
മൂന്നാം ഓണം സെപ്റ്റംബർ 16 ചൊവ്വാഴ്ച
നാലാം ഓണം സെപ്റ്റംബർ 17 ബുധനാഴ്ച എന്നിങ്ങനെയാണ് വരുന്നത്.
അത്തം പത്തിന് തിരുവോണം
ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് ഓരോ ഓണാഘോഷവും. എന്നാൽ നാലാം ഓണം നാളായ ചതയം വരെയാണ് പൊതുവേ ഓണം ആഘോഷിക്കുന്നത്. കർക്കിടകത്തിലെ പട്ടിണിയും പഞ്ഞവും കഴിഞ്ഞെത്തുന്ന ചിങ്ങം വിളവെടുപ്പിന്‍റെയും കാർഷിക സമൃദ്ധിയുടെയും സമയമാണ്. അത്തം ദിവസം ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ ഓരോ ദിവസത്തിനും അതിന്‍റേതായ പ്രാധാന്യം ഉണ്ട്. ഇതാ ഓണത്തിലെ പ്രധാന ദിവസങ്ങളെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വായിക്കാം.
അത്തം
ഓണാഘോഷങ്ങളുടെ തുടക്കം അത്തം നാളിലാണ്. അത്തം മുതൽ ഓണത്തെ വരവേൽക്കാനായി വീടുകളിലും ക്ഷേത്രങ്ങളും പൂക്കളം ഒരുക്കിത്തുടങ്ങും. അത്ത കറുത്താൽ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. പൊതുവേ അത്തത്തിന് ഇരുണ്ട ആകാശവും മഴയും ഒക്കെയാണ്. അങ്ങനെ വന്നാൽ പിന്നീട് തിരുവേണം നാളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് വിശ്വാസം.
ചിത്തിര
ഓണാഘോഷങ്ങളുടെ രണ്ടാമത്തെ ദിവസമാണ് ചിത്തിര. ഓണത്തിരക്കിലേക്ക് എത്തുന്നതിനു മുൻപുള്ള ദിവസമാണിത്. വീടുകൾ വൃത്തിയാക്കിയും പരിസരങ്ങൾ ഓണത്തിനായി ഒരുക്കിയും ഒക്കെയാണ് നാട്ടിൻപ്രദേശങ്ങളില്‍ ചിത്തിര ദിവസത്ത കൊണ്ടാടുന്നത്.
ചോതി
ഓണാഘോഷങ്ങളുടെ മൂന്നാം ദിവസമാണ് ചോതി. പ്രത്യേകിച്ച ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നും ചോതിയിൽ ഇല്ല. ഒരുക്കങ്ങളിലേക്ക് കടക്കുന്ന സമയമാണിത്.
വിശാഖം
ഓണാഘോഷങ്ങളിലേക്ക് മലയാളികൾ മെല്ലെ പ്രവേശിക്കുന്ന സമയമാണ് വിശാഖം. ഓണച്ചന്തകൾ സജീവമാകുന്നതും ഓണത്തിന് വേണ്ട പലചരക്കുകകളും പച്ചക്കറികളും മറ്റു സാധനങ്ങളും ആളുകള്‍ മേടിക്കുന്നതുമെല്ലാം ഈ സമയത്താണ്. ഓണച്ചന്തകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയം കൂടിയാണിത്.
അനിഴം
അത്തത്തിനും തിരുവോണത്തിനും ഇടയിലെ അഞ്ചാം നാളാണ് അനിഴം. ഇനി കൃത്യം അഞ്ച് ദിവസങ്ങളേയുള്ളു ഓണത്തിന്. വള്ളംകളിക്കുള്ള ഒരുക്കങ്ങൾ മുതൽ പല കാര്യങ്ങളും ആരംഭിക്കുന്ന ദിവസം കൂടിയാണ് അനിഴം.
തൃക്കേട്ട
ഓണത്തിന്‍റെ ആറാം നാളാണ് തൃക്കേട്ട. സാധനങ്ങൾ മേടിക്കാനും ഓണത്തിരക്കുകളിലേക്ക് ആളുകൾ എത്തുന്നതുമായ ദിവസമാണിത്. പലരും ഓണത്തിന്‍റെ അവസാനവട്ട ഒരുക്കങ്ങൾക്കും തയ്യാറെടുപ്പുകൾക്കും തിരഞ്ഞെടുക്കുന്ന ദിവസം കൂടിയാണിത്.
മൂലം
ഓണാഘോഷങ്ങളുടെ ഏഴാം നാളാണ് മൂലം. ഇനി വെറും മൂന്ന് ദിവസങ്ങൾ കൂടിയേ ഓണാഘോഷങ്ങൾക്കുള്ളൂ എന്ന തിരിച്ചറിവ് ഉണ്ടാകുന്നതോടെ ഓണത്തിരക്കിലേക്ക് ആളുകൾ എത്തും. ഓണത്തിന്‍റെ പരമ്പരാഗത ആഘോഷങ്ങൾക്ക് തുടക്കമാകുന്ന സമയം കൂടിയാണിത്.
പൂരാടം
ഓണത്തിന്‍റെ എട്ടാം നാളാണ് പൂരാടം. ഓണത്തിരക്കുകളിലേക്ക് മുഴുവനായും എത്തില്ലെങ്കിലും മൊത്തത്തിൽ തിരക്കുള്ള ദിവസമാണ് പൂരാടം.ഉത്രാടം ദിനത്തെ വരവേൽക്കാനുള്ള ഒരുക്ക ദിവസം കൂിയാണ് പൂരാടം.
ഉത്രാടം
തിരുവോണത്തിന്‍റെ തലേന്നാളാണ് ഉത്രാടം. ഉത്രാടപ്പാച്ചിൽ എന്ന ചൊല്ലുതന്നെ ഓണവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. തിരുവോണത്തിന്‍റെ തിരക്കുകൾ ഏറ്റവും അധികം അനുഭവപ്പെടുന്ന ദിവസമാണിത്. ആഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങൾ, അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള തിരക്ക്. സദ്യവട്ടങ്ങളുടെ ഒരുക്കം, ഷോപ്പിങ്. ഓണപ്പുടവ എടുക്കൽ, പൂക്കൾ ഒരുക്കൽ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഉത്രാടത്തിരക്കിന്‌റെ ഭാഗമാണ്.
തിരുവോണം
അങ്ങനെ അത്തം തുടങ്ങി പത്താം ദിവസം തിരുവോണം എത്തി. പൂക്കളിട്ട്, ഓണപ്പുടവയുടുത്ത്, സദ്യ ഒരുക്കി കുടുംബങ്ങളും കൂട്ടുകാരും ഒപ്പമുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും യാത്രകളും ഒക്കെയാണ് തിരുവോണത്തിന്‍റെ പ്രത്യേകത.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













