ഓണം 2024: കേരളത്തിലെ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പേരുകേട്ട ക്ഷേത്രമേതെന്ന് ചോദ്യത്തിനുള്ള ഉത്തരമാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. ഓണം വിശ്വാസങ്ങളോട് ചേർന്നു നിൽക്കുന്ന. ഓണം ഓർമ്മകളിൽ നിന്നും മാറ്റാൻ സാധിക്കാത്ത ഏറ്റവും പ്രസിദ്ധമായ ക്ഷേത്രം. ഓണക്കഥകളിൽ വില്ലനായി കാണുന്ന വാമനനെ ആരാധിക്കുന്ന ക്ഷേത്രം എന്ന കൗതുകവും തൃക്കാക്കര ക്ഷേത്രത്തിനുണ്ട്.
ഏകദേശം 2500 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പരമ്പരാഗത ഓണാഘോഷങ്ങൾ വളരെ പ്രസിദ്ധമാണ്. തിരു കാൽ കര എന്ന വാക്കിൽ നിന്നാണ് തൃക്കാക്കര ഉണ്ടായതെന്നാണ് വിശ്വാസം. മഹാവിഷ്ണു അവതാരമായ വാമന രൂപത്തിൽ എത്തി മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ ഇടം ഉവിടെയാണെന്നാണ് വിശ്വാസം. കൂടാതെ ഇതുമായി ചേർന്നു നിൽക്കുന്ന ഒട്ടേറെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും വേറെയുമുണ്ട്.
വാമനനും മഹാബലിയും ഒപ്പം മഹാദേവനും
വാമനൻ, മഹാബലി, മഹാദേവൻ എന്നീ മൂന്നുപേരെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയും തൃക്കാക്കര ക്ഷേത്രത്തിനുണ്ട്. വാമന ക്ഷേത്രവും ശിവക്ഷേത്രവും ഒരുമിച്ചാണുള്ളത്. മഹാബലി ആരാധിച്ചിരുന്ന ശിവനാണ് ഇവിടെയുളളതെന്നും ശിവനെ വന്ദിച്ച ശേഷം മാത്രമേ വാമനനെ വന്ദിക്കാൻ പാടുള്ളൂവെന്നുമാണ് വിശ്വാസം. മഹാബലി ആരാധിച്ചിരുന്ന ശിവന്‍റെ സ്വയംഭൂ ലിംഗമാണ് ഇവിടെയുള്ളത്. ശിവ ക്ഷേത്രത്തിന്റെ മുന്‍പിലായിട്ടാണ് മഹാബലിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
വിഷ്ണു പ്രീതിക്ക് ഓണക്കാലത്ത് പോകേണ്ട ക്ഷേത്രം
ക്ഷേത്രങ്ങളിൽ തിരുവോണ ദിവസം രാവിലെ പോകുന്നത് മലയാളികളുടെ ഒരു പതിവാണ്. പുതുവർഷം ഏറ്റവും ഐശ്വര്യത്തോടെ ആരംഭിക്കുകയെന്ന ലക്ഷ്യത്തിലാണിത്. അതേസമയം ഓണാഘോഷം എറണാകുളം ഭാഗത്തേയ്ക്ക് എത്തുമ്പോൾ തിരുവോണ നാളില്‍ തൃക്കാക്കര ക്ഷേത്രത്തിൽ പോവുരകയെന്നതാണ് രീതി. നമ്മുടെ ഓണസങ്കല്പങ്ങളുടെ ഒക്കെ തുടക്കം എന്നുതന്നെ വിശ്വസിക്കാവുന്ന ഇടം കൂടിയാണ് തൃക്കാക്കര ക്ഷേത്രം എന്നതിനാൽ എല്ലാ ഓണക്കാലത്തും വിശ്വാസികൾ ഇവിടേക്ക് വരുന്നു.
തൃക്കാക്കര ക്ഷേത്രം- തിരുവോണ ഉത്സവം
ചിങ്ങമാസത്തിലെ അത്തം മുതൽ പത്താം ദിവസമായ തിരുവോണം വരെ നീണ്ടു നിൽക്കുന്ന തിരുവോണ ഉത്സവം ആണ് തൃക്കാക്കരയിലേത്. മറ്റ് ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടെങ്കിലും ഓണാഘോഷങ്ങളുടെയത്രയും പ്രാധാന്യം മറ്റൊന്നിനും ലഭിക്കാറില്ല. അത്തം നാളിലെ കൊടിയേറ്റം മുതൽ തിരുവോണത്തിലെ ആറാട്ട് വരെയുള്ള ഇവിടുത്തെ ആഘോഷങ്ങൾ ഈ നാട്ടുകാരുടെ മാത്രമല്ല, മുഴുവൻ മലയാളികളുടെയും ആഘോഷമാണ്. ഈ പത്ത് ദിവസവും ഇവിടെ പൂക്കളം ഇടുമെന്ന് മാത്രമല്ല, പത്ത് അവതാരങ്ങളുടെ ദശാവതാര ചാര്‍ത്ത് ഓരോ ദിവസവും ഉണ്ട്. ഇതിൽ വാമനന്‍റെ ചാർത്തയ അഞ്ചാം ദിവസം നിരവധി ആളുകളാണ് എത്തുന്നത്.
തൃക്കാക്കര ഓണസദ്യ
തൃക്കാക്കരയിലെ ഓണാഘോഷങ്ങളോടൊപ്പം പ്രസിദ്ധമാണ്
തൃക്കാക്കര ഓണസദ്യ. അവസാന ദിവസങ്ങളായ ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം സദ്യ നല്കും. പപ്പടം, ഉപ്പ്, പരിപ്പ്, സാമ്പാര്‍, എരിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍, ഇഞ്ചിക്കറി, പാലടപ്രഥമന്‍, രസം എന്നിവയാണ് വിഭവങ്ങൾ.
90 കളുടെ തുടക്കത്തിലാണ് ഇവിടെ ഓണസദ്യ ആരംഭിച്ചത്. ആദ്യം ക്ഷേത്ര ജീവനക്കാര്‍ക്കും ഓണക്കച്ചവടക്കാര്‍ക്കും ആനക്കാര്‍ക്കും വേണ്ടിയായിരുന്നുവെങ്കിലും . 90-കളുടെ അവസാനം തിരുവോണത്തിന് വരുന്ന ജനങ്ങള്‍ക്ക് കൂടി തിരുവോണ സദ്യ നല്കാന്‍ ആരംഭിച്ചു.. പിന്നീട് അത് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്കും തൃക്കാക്കരക്കാര്‍ക്കും കൂടിയായി മാറി.
തൃക്കാക്കര ക്ഷേത്രം- തിരുവോണ ഉത്സവം 2024
ഈ വർഷത്തെ തൃക്കാക്കര ക്ഷേത്രം തിരുവോണ ഉത്സവം അത്തം ദിനമായ സെപ്റ്റംബർ ആറിന് കൊടിയേറിയിരുന്നു. തിരുവോണം ദിവസമായ സെപ്റ്റംബർ 15 ഞായറാഴ്ചവരെ ഇത് നീണ്ടുനിൽക്കും. ഉത്സവത്തിന്‍റെ എല്ല ദിവസവും കലാപരിപാടികൾ ഉണ്ടായിരിക്കും. സെപ്റ്റംബർ 11 ന് വൈകുന്നേരം 6.15ന് അമ്മന്നൂർ മാധവചാക്യാർ അവതരിപ്പിക്കുന്ന പാഠകം, 6.30ന് നിരഞ്ജന സുബ്രഹ്മണ്യന്റെ മോഹിനിയാട്ടം.
12 ന് വൈകുന്നേരം അഞ്ചിന് പാലാ കെ ആർ മണി അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ, 8.30ന് സ്റ്റീഫൻ ദേവസിയുടെ മെഗാ ഫ്യൂഷൻ.
13ന് വൈകുന്നേരം കലാപരിപാടികൾ.
14 ന് രാവിലെ 8.30 മുതൽ കാഴ്ചസമർപ്പണം, 11 മുതൽ ഉത്രാടസദ്യ, മൂന്നിന് ഒമ്പത് ആനകൾ അണിനിരക്കുന്ന പകൽപ്പൂരം, 7.30ന് ഭക്തിഗാനമേള.
തിരുവോണ നാളായ 15ന് രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്, 10.30 മുതൽ തിരുവോണസദ്യ, വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറിന് ആറാട്ടെഴുന്നള്ളിപ്പ് എന്നിങ്ങനെയാണ് ചടങ്ങുകൾ. ദിവസവും അന്നദാനമുണ്ടാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













