ഹെമിസ് - കാലത്തിന്‍റെ ചുവരെഴുത്തുകള്‍

ഹോം » സ്ഥലങ്ങൾ » ഹെമിസ് » ഓവര്‍വ്യൂ

ജമ്മുകാശ്മീരിലെ ലേഹില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. ഹെമിസ് സന്യാസമഠം, അഥവാ ഗോംപ ഏറെ പ്രസിദ്ധമായ ഒരു സ്ഥലമാണ്. 1630 ല്‍ സത്സംഗ് റാസ്പ നവാംഗ് ഗ്യാസ്റ്റോ ആണ് ഇത് നിര്‍മ്മിച്ചത്. ഇത് പിന്നീട് രാജാവായ സെങ്കെ നംപാര്‍ ഗ്യാല്‍വ 1672 ല്‍ പുനര്‍നിര്‍മ്മിച്ചു. മഹായോഗ തന്ത്ര സ്കൂളിന്‍റെ മതപഠനപ്രവര്‍ത്തനങ്ങളായിരുന്നു ഇതിന്‍റെ നിര്‍മ്മാണ ലക്ഷ്യം.

ഹെമിസ് സന്യാസമഠത്തിലെ പ്രധാന ആകര്‍ഷണം ചെമ്പില്‍ നിര്‍മ്മിച്ച ബുദ്ധപ്രതിമയാണ്. സന്യാസമഠത്തിന്‍റെ ചുവരുകളില്‍ ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധന്‍റെ രൂപങ്ങള്‍ കാണാം. കാലചക്രം, നാല് കാലങ്ങളുടെ ദേവന്‍മാര്‍ എന്നീ പെയിന്‍റിംഗുകളും ക്ഷേത്രചുവരില്‍ കാണാം. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇവിടുത്തെ വാര്‍ഷികോത്സവം. സിംഹഗര്‍ജ്ജനത്തിന്‍റെ ഗുരു എന്നും അറിയപ്പെടുന്ന ഗുരുപത്മസംഭവക്ക് ആദരവര്‍പ്പിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഈ കാലത്ത് ഇവിടെയെത്തും. ടിബറ്റന്‍ ബുദ്ധിസത്തിലെ ഒരു പ്രധാന ആചാര്യനായിരുന്നു ഇദ്ദേഹം.

ഇന്‍ഡസ് നദിയുടെ തീരത്തുള്ള ഹെമിസ് നാഷണല്‍പാര്‍ക്കും ഒരു പ്രധാന ആകര്‍ഷണമാണ്. ഹെമിസ് ഹൈ ആള്‍റ്റിറ്റ്യൂഡ് നാഷണല്‍പാര്‍ക്ക് എന്നും അറിയപ്പെടുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംരക്ഷിത മേഖലയാണ് ഇത്. 4400 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ പ്രദേശം സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ പാര്‍ക്കാണ്. പുള്ളിപ്പുലി, മാന്‍, കുറുക്കന്‍,കുരങ്ങ്, ചെന്നായ, സ്വര്‍ണ്ണ പരുന്ത് തുടങ്ങിയ ജീവികളെ ഈ പാര്‍ക്കില്‍ കാണാം.

വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളില്‍ ഹെമസിലേക്ക് എത്തിച്ചേരാം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍ക്കാലമാണ് ഹെമിസ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം. ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ അന്തരീക്ഷ താപനില -30 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.

Please Wait while comments are loading...