മാല്‍ഷെജ് ഘട്ട് പശ്ചിമഘട്ടത്തിലെ സ്വര്‍ഗ്ഗം

പ്രകൃതിയിലെ സ്വര്‍ഗ്ഗം എന്ന വിശേഷണത്തോളം മാല്‍ഷെജ് ഘട്ടിന് ചേരുന്ന മറ്റൊരു വിശേഷണമില്ല. ഘട്ട് എന്ന പേരുകള്‍ക്കുമ്പോള്‍ത്തന്നെ ഊഹിയ്ക്കാമല്ലോ അവിടുത്തെ വൈവിധ്യങ്ങള്‍ എത്രയായിരിക്കുമെന്ന്. പശ്ചിമഘട്ട നിരകളില്‍ കിടക്കുന്ന മാല്‍ഷെജ് ഘട്ട് മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം മനോഹരമായ കാലാവസ്ഥകൊണ്ടും പ്രകൃതിസൗന്ദര്യം കൊണ്ടും അനുഗ്രഹീതമാണ്.

മനോഹരമായ തടാകങ്ങളും മനംകുളിര്‍പ്പിയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളുമെല്ലാം ചേര്‍ന്നാണ് മാല്‍ഷെജ് ഘട്ടിന് സ്വര്‍ഗാനുഭൂതി പകരുന്നത്. സഞ്ചാരികളുടെ ഇഷ്ടതാവളമാണ് ഈ ഹില്‍ സ്റ്റേഷന്‍. ട്രിക്കിങ് ഭ്രമക്കാര്‍, പ്രകൃതി സ്‌നേഹികള്‍, സാഹസികര്‍ എന്നുവേണ്ട സഞ്ചാരികളിലെ ഏത് വിഭാഗക്കാരെയും തൃപ്തിപ്പെടുത്താന്‍ മാല്‍ഷെജ് ഘട്ടിന് കഴിവുണ്ട്. അത്രയ്ക്ക് മായികമാണ് ഇവിടം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഓരോ സന്ദര്‍ശനത്തിലും മാല്‍ഷെജ് ഘട്ട് സഞ്ചാരികള്‍ക്ക് പുതുമ നല്‍കിക്കൊണ്ടേയിരിക്കും.

പ്രകൃതി സൗന്ദര്യം മാത്രമല്ല ചരിത്രത്തിന്റെ കയ്യൊപ്പുകൂടി പതിഞ്ഞയിടമാണ് ഇത്ത. പഴങ്കഥകള്‍ പറയുന്ന കോട്ടകളും കൊത്തളങ്ങളുമെല്ലാമുണ്ടിവിടെ. മഴക്കാലത്ത് വന്യതകൈവരിയ്ക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കാനായി ഒട്ടേറെയാളുകളാണ് ഇവിടെയെത്താറുള്ളത്. മാത്രമല്ല ചെടികളെയും മരങ്ങളെയും സ്‌നേഹിയ്ക്കുന്നവര്‍ക്കും ഈ വിഷയങ്ങളില്‍ പഠനം നടത്തുന്നവര്‍ക്കം മാല്‍ഷെജ് ഘട്ട് ഒരു കലവറ തന്നെയാണ്.

മാല്‍ഷെജ് ഘട്ടിന്റെ സൗന്ദര്യം

മണ്‍സൂണാണ് മാല്‍ഷെജ് ഘട്ടിന്റെ സീസണ്‍. മഴമേഘങ്ങള്‍ക്കും നൂലുപോലെ പെയ്തിറങ്ങുന്ന മഴയ്ക്കുമിടയിലൂടെ നടക്കുക. പറഞ്ഞറിയിക്കാനാവില്ല ആ അനുഭവം, മഴയെ സ്‌നേഹിയ്ക്കുന്നവര്‍ ഒരിക്കലെങ്കിലും മാല്‍ഷെജ് ഘട്ടിലെ മഴ അനുഭവിച്ചിരിയ്ക്കണം, ഇല്ലെങ്കില്‍ മനോഹരമായ മഴകളില്‍ ഒരു മഴ അവര്‍ നനഞ്ഞി്ട്ടില്ല എന്നു തന്നെ പറയേണ്ടിവരും. കര്‍ണാടകത്തിലോ, കേരളത്തിലോ കാണുന്ന പശ്ചിമഘട്ടത്തെയല്ല നാമിവിടെ കാണുക പൂര്‍വ്വാധികം സൗന്ദര്യം വാരിയണിഞ്ഞ് വരൂ വരൂയെന്ന് കൈകള്‍ നീട്ടി മാല്‍ഷെജ് ഘട്ട് വിളിച്ചുകൊണ്ടേയിരിക്കും. മുകളിലേയ്ക്ക് പോകുംതോറും മേഘങ്ങളെ തൊട്ടു തൊട്ടില്ലെന്ന രീതിയില്‍ നടക്കാന്‍ കഴിയും.

പക്ഷിനീരീക്ഷകര്‍ക്കും ഇവിടെ ഏറെ അവസരങ്ങളുണ്ട്, പലതരത്തില്‍പ്പെട്ട അപൂര്‍വ്വയിനം പക്ഷിവര്‍ഗ്ഗങ്ങളുണ്ടിവിടെ. പ്രത്യേകതരത്തില്‍പ്പെട്ട ഫഌമിങ്ങോകളെയും ഇവിടെക്കാണാം. ആറുകളും, മരങ്ങള്‍ നിറഞ്ഞ മലഞ്ചെരിവുകളും അവയ്ക്കിടിയില്‍ കാണുന്ന അപൂര്‍വ്വം പക്ഷികളും എന്നുവേണ്ട മാല്‍ഷെജ് ഘട്ട് എന്തൊക്കെ കരുതിവച്ചിട്ടുണ്ട്.

ചരിത്രം തേടിയാണ് യാത്രയെങ്കില്‍ അജോബ ഹില്‍ ഫോര്‍ട്ടുണ്ട് കാണാന്‍മാത്രം ഒപ്പം ജിവ്ദാന്‍ ഛാവന്ദ് പോര്‍ട്ട്, ഹരിശ്ചന്ദ്രഘട്ട് ഫോര്‍ട്ട് തുടങ്ങി ചരിത്രത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്ന ഒട്ടേറെ സ്മാരകങ്ങളുണ്ടിവിടെ. പ്രമുഖ മറാത്ത ചക്രവര്‍ത്തിയായിരുന്ന ശിവാജി മഹാരാജ് ജനിച്ച ശിവ്‌നേരി ഫോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം.

ട്രിക്കിങും ഹൈക്കിങ്ങുംപോലെ സാഹസികത ആവശ്യപ്പെടുന്ന വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍ ട്രക്കിങ് പ്രിയരെ തൃപ്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല.

Please Wait while comments are loading...