സപ്ത ലോകമഹാത്ഭുതങ്ങളെക്കുറിച്ച് നമുക്കറിയാം. ചരിത്രത്തിനും കാലത്തിനും പിടികൊടുക്കാതെ, ഇന്നും ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന അത്ഭുത നിർമ്മിതികള്‍. ഒരു കാലഘട്ടത്തിന്‍റെ മാത്രം അടയാളമായി മാറേണ്ടിയിരുന്നവ അതിന്‍റെ മഹത്വം കൊണ്ട് ലോകം മുഴുവൻ അറിയപ്പെടുന്ന ഇടമായി മാറുന്നത് വലിയ കഥ തന്നെയാണ്. ഏഴ് അത്ഭുതങ്ങളും കഴിഞ്ഞാൽ എട്ടാമത് ഒരു ലോകാത്ഭുതം ഉണ്ടോ? പല ചോദ്യങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്.
ഔദ്യോഗികമായി എട്ടാം ലോകാത്ഭുതം എന്നൊന്നില്ലെങ്കിലും അനൗദ്യോഗികമായി ഇങ്ങനെയൊരു പട്ടികയുണ്ട്. ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം ഹൈവേ, കാലിഫോർണിയ വെള്ളച്ചാട്ടം, എന്നിങ്ങനെ പല സമയത്തായി പലയിടങ്ങളും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനൗദ്യോഗികമായി എട്ടാം ലോകാത്ഭുതമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കംബോഡിയയിലെ അംഗോർ വാട്ട് ക്ഷേത്രസമുച്ചയം ആണ്.

അനൗദ്യോഗിക എട്ടാം ലോകമഹാത്ഭുതം
ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നത് പുതിയ കെട്ടിടങ്ങൾക്കോ പ്രോജക്ടുകൾക്കോ ഡിസൈനുകൾക്കോ നൽകപ്പെടുന്ന അനൗദ്യോഗിക തലക്കെട്ടാണ് എന്നാണ് ഇതുസംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.ഇറ്റലിയിലെ ചരിത്രപ്രസിദ്ധ നഗരമായ പോംപെയെ പിന്തള്ളിയാണ് അംഗോർ വാട്ട് ക്ഷേത്രം എട്ടാം ലോകാത്ഭുതത്തിന്റെ അനൗദ്യോഗിക പട്ടികയിൽ ഉൾപ്പെട്ടത്.
വേസുവിയസ് എന്ന അഗ്നിപർവത സ്ഫോടനത്തോടെ ചാരത്തിനടിയിലായ ഈ ഗ്രാമത്തിന്റെ അതിന്റെ ശേഷിപ്പുകളാണുള്ളത്. എ ഡി 79 ൽ ചാരത്തിനടിയിലായെങ്കിലും 250 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഈ നഗരത്തെ കണ്ടെടുക്കുന്നത്. ഇന്ന് ഇറ്റലിയിടെ ഏറ്റവും പ്രസിദ്ധവും ജനപ്രിയവുമായ വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ഓരോ വർഷവും രണ്ടര കോടിക്കടുത്ത് സന്ദര്‍ശകരെത്തുന്നുണ്ടെന്നാണ് കണക്ക്.

അങ്കോർ വാട്ട്
നിർമ്മിതിയുടെയും വിശ്വാസങ്ങളുടെയും ഒരു വലിയ കേന്ദ്രമാണ് കംബോഡിയയിലെ അങ്കോർ വാട്ട്. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഹൈന്ദവ ക്ഷേത്രമാണ് അങ്കോർ വാട്ടിലുള്ളത്. വെറും ഒരു ക്ഷേത്രമല്ല, മറിച്ച് ഒരു ക്ഷേത്രസമുച്ചയമാണ് ഇവിടെയുള്ളത്. ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തിച്ചേരുന്ന അങ്കോർ വാട്ട് വിശ്വാസികൾക്ക് മാത്രമല്ല, ചരിത്രകാരന്മാർക്കും വിദ്യാർത്ഥികൾക്കും ഒരു വലിയ ലോകമാണ് തുറന്നു തരുന്നത്.
നീണ്ട മുപ്പത് വര്‍ഷങ്ങളുടെ അധ്വാനമാണ് ഇന്നിവിടെ ഉയർന്നു നിൽക്കുന്ന കാഴ്ചകളെന്നത് ചെറിയൊരു സംഗതിയല്ല. അതുകൊണ്ടുതന്നെ അതിന്‍റെ കഥകൾക്കും ചരിത്രത്തിനും നീളം ഇത്തിരി കൂടുതലുമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഖെമർ രാജാവായിരുന്ന സൂര്യവർമ്മൻ രണ്ടാമൻറെ കാലത്താണ് ക്ഷേത്രനിര്‍മ്മാണം തുടങ്ങിയതെങ്കിലും പിന്നീടുവന്ന ജയവർമ്മൻ ഏഴാമൻ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നാണ് ചരിത്രം.
വെറുതെ പമിതുവെച്ച ഒരുകൂട്ടം ക്ഷേത്രങ്ങളല്ല ഇവിടെയുള്ളത്. മറിച്ച് ബ്രഹ്മാവിന്റെയും മറ്റു ദൈവങ്ങളുടെയും വാസസ്ഥാനമായ മഹാമേരുവിന്റെ രൂപത്തില്‍ ആണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിശ്വാസം. സാദാരണഗതിയിൽ ക്ഷേത്രങ്ങൾ കിഴക്ക് ദർശനമായി നിർമ്മിക്കുമ്പോൾ ഇവിടെ ക്ഷേത്രം പടിഞ്ഞാറ് ദര്‍ശനമായാണ് പൂർത്തിയാക്കിയിരിക്കുന്നത്.
നിർമ്മാണവും രൂപവും കഴിഞ്ഞാൽ അങ്കോര്‍വാട്ടില്‍ ശ്രദ്ധിക്കുന്നത് ഇതിന്റെ ചുവരുകളും ശില്പങ്ങളുമാണ്. നൃത്തം ചെയ്യുന്ന രൂപത്തിലുള്ള അപ്സര കന്യകമാരുടെ രൂപങ്ങൾ മാത്രം മൂവായിരത്തിലധികമുണ്ട്. പുരാണകഥകളും കഥാ സന്ദര്‍ഭങ്ങളും ഏറ്റവും മനോഹരമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കുരുക്ഷേത്ര യുദ്ധവും രാമ-രാവണ യുദ്ധവും പാലാഴി മഥനവും ഉൾപ്പെടെയുള്ള കാഴ്ചകൾ ഇവിടെ കാണാം. 400 ചതുരശ്ര കിലോമീറ്റര്‍ അഥവാ 154 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് അങ്കോർ വാട്ട് ക്ഷേത്രവും ഇവിടുത്തെ അവശേഷിപ്പുകളുമുള്ളത്.
കാലത്തിന് കുറച്ചൊക്കെ മാറ്റാനായെങ്കിലും ഇതിന്റെ രൂപത്തിനും ഭാവത്തിനും വലിയ മാറ്റമൊന്നും ഇന്നും കാണാനില്ല. അതിൻറെ അടയാളമാണ് ഇവിടെ ഓരോ വർഷവും വന്നെത്തുന്ന സഞ്ചാരികൾ. ഇന്ത്യക്കാർക്ക് 30 ദിവസം സാധുതയുള്ള ഓൺ അറൈവൽ വിസയാണ് ഇവിടെ ലഭിക്കുന്നത്. നാട്ടിൽ നിന്ന് എടുത്തും വരാം. നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമല്ലാത്തതിനാൽ ക്വാലലംപുർ വഴി കംബോഡിയ വഴിയാണ് ഇവിടേക്കുള്ള സർവീസുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












