ബെംഗളൂരു: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയർഷോ ആയ എയ്‌റോ ഇന്ത്യ 2025ന്‍റെ ഭാഗമായി വിമാനസർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ഫെബ്രുവരി 5 മുതൽ 14 വരെ നടക്കുന്ന എയ്‌റോ ഇന്ത്യ ഷോ കണക്കിലെടുത്ത് ഫെബ്രുവരി 5 മുതൽ 14 വരെ ബാംഗ്ലൂരിലെ കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിലെ (KIAB) വാണിജ്യ വിമാന പ്രവർത്തനങ്ങളിലും സമയത്തിലം മാറ്റമുണ്ടാകും.
ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) പുറപ്പെടുവിച്ച യാത്രാ അറിയിപ്പിൽ ഈ കാലയളവിൽ ഓരോ ദിവസവും മണിക്കൂറുകളോളം വ്യോമപാത അടച്ചിടുന്നത് വാണിജ്യ വിമാനങ്ങളെ ബാധിക്കുമെന്ന് അറിയിച്ചു. യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന എയർ ഷോ വിമാനത്താവളത്തിൽ താത്കാലിക തടസങ്ങൾ സൃഷ്ടിക്കും.

"യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ നടക്കാനിരിക്കുന്ന എയ്‌റോ ഇന്ത്യ ഷോ കാരണം ഫെബ്രുവരി 5 മുതൽ 14 വരെ ഓരോ ദിവസവും ഏതാനും മണിക്കൂറുക നേരം വ്യോമപാത അടച്ചിടുന്നതിനാൽ, കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട്/ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ വാണിജ്യ വിമാന പ്രവർത്തനങ്ങളെ ബാധിക്കും." ബിഐഎഎൽ ചൊവ്വാഴ്ച പ്രസ്ഥാവനയിൽ അറിയിച്ചു.
കൂടാതെ, പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾക്കായി യാത്രക്കാർ തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടാനും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും ബിഐഎഎൽ യാത്രക്കാരോട് നിർദ്ദേശിച്ചു. യാത്രാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുവാനും വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും ഉണ്ടാകാനിടയുള്ള കാലതാമസം മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യുവാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളരു ഇന്‍റർനാഷണൽ എയർപോർട്ട് പുറപ്പെടുവിച്ച യാത്രാ നിർദ്ദേശങ്ങൾ അനുസരിച്ച് ബെംഗളൂരു വിമാനത്താവളം എയർസ്‌പേസ് അടയ്ക്കുന്ന തിയതികളും സമയവും.
ഫെബ്രുവരി 5-8: രാവിലെ 9 മുതൽ 12 വരെ, ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ
ഫെബ്രുവരി 9: രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ
ഫെബ്രുവരി 10: രാവിലെ 9 മുതൽ 12 വരെ, ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ
ഫെബ്രുവരി 11-12: ഉച്ചയ്ക്ക് 12 മുതൽ 3 വരെ
ഫെബ്രുവരി 13-14: രാവിലെ 9 മുതൽ 12 വരെ, ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ
മാംസവില്പനയ്ക്ക് നിരോധനം
എയ്‌റോ ഷോ 2025 ന് മുന്നോടിയായി, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എയർബേസിന് 13 കിലോമീറ്ററിനുള്ളിൽ സസ്യേതര ഭക്ഷണം വിൽക്കുന്നതിന് 26 ദിവസത്തെ നിരോധനം നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി 23 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനം ഫെബ്രുവരി 17 നീളും. ജനുവരി 23 മുതൽ, മാംസം, മത്സ്യം, ചിക്കൻ കടകൾ അടച്ചിടുകയും സ്ഥലത്തിൻ്റെ 13 കിലോമീറ്റർ ചുറ്റളവിൽ നോൺ-വെജ് വിഭവങ്ങൾ വിളമ്പുകയോ വിൽക്കുകയോ ചെയ്യുന്നത് നിരോധിക്കുകയും ചെയ്യും,
എയ്‌റോ ഷോയുടെ ഭാഗമായുള്ള വിമാന പരിശീലന സെഷനുകളിൽ പക്ഷികൾ ഇടിക്കാതിരിക്കാനുള്ള സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി. അവശിഷ്ടങ്ങളായ ഭക്ഷണവും മാംസ അവശിഷ്ടങ്ങളും ഭക്ഷിക്കുന്ന ഇരപിടിയൻ പക്ഷികളെ, പ്രത്യേകിച്ച് കഴുകന്മാരെ, ആകാശത്ത് നിന്ന് മാറ്റിനിർത്താൻ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എയ്റോ ഷോ 2025
2025 ഫെബ്രുവരി 10 മുതൽ 14 വരെ അഞ്ച് ദിവസങ്ങളിലായാണ് എയ്‌റോ ഇന്ത്യ 2025 നടക്കുന്നത്. ഇതിൽ ഫെബ്രുവരി 10, 11, 12 ദിവസങ്ങൾ ബിസിനസ് ചർച്ചകളും മറ്റും നടക്കുന്ന ബിസിനസ് ദിവസങ്ങളാണ്. ഫെബ്രുവരി 13,14 തിയതികളിൽ മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം ഉള്ളത്. എക്സിബിഷൻ ഏരിയയിലേക്കും എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയയിലേക്കും പ്രവേശിക്കാവുന്ന ജനറൽ പാസിന് 2,500 രൂപയാണ്. https://www.aeroindia.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി എയ്‌റോ ഇന്ത്യ 2025 ടിക്കറ്റ് ബുക്ക് ചെയ്യാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














