ദീപാവലി യാത്രയെന്നു കേൾക്കുമ്പോൾ ട്രിപ്പ് പ്ലാൻ ചെയ്യാനും നാട്ടിലേക്ക് വരാനുമെല്ലാം എല്ലാവർക്കും വന്‍ ആവേശമായിരിക്കും. വാരാന്ത്യം നാട്ടിൽ വീട്ടുകാർക്കൊപ്പമോ അല്ലെങ്കിൽ ചെറിയ ട്രിപ്പ് നടത്തിയോ ഒക്കെ ആഘോഷിക്കാം എന്നാണ് പ്ലാൻ എങ്കിലും അതൊക്കെ മൊത്തത്തിൽ തകരാൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള ബസ് ടിക്കറ്റ് ഒന്നു നോക്കിയാൽ മതി. ടിക്കറ്റ് നിരക്കിൽ കുത്തനെയുള്ള വർധനവാണ് മിക്ക റൂട്ടുകളിലും.
ദീപാവലി കാലത്തെ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും തിരികെയുമുള്ള സർവീസുകൾക്ക് വലിയ നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ട്രെയിൻ ടിക്കറ്റുകള്‍ വളരെ നേരത്തെ വിറ്റുതീർന്നതും കെഎസ്ആർടിസിയുടെ അധിക സർവീസുകളുടെ ബുക്കിങ് പൂര്‌ത്തിയായും കാരണം അധികനിരക്ക് നല്കി ദീർഘദൂര സ്വകാര്യ ബസുകളെ ആശ്രയിക്കുകയേ ആളുകൾക്ക് നിവൃത്തിയുള്ളൂ.

ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് 799 രൂപ മുതലാണ് സാധാരണ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ദീപാവലി കൂടി വരുന്ന ഈ വാരാന്ത്യത്തിൽ ടിക്കറ്റ് തുടങ്ങുന്നത് തന്നെ 900 രൂപയിലാണ്. 1500 ഉം രണ്ടായിരവും ഒക്കെ കടന്ന് അത് വീണ്ടും കൂടുകയാണ് മാത്രമല്ല, ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ട്. മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഈ സമയത്ത് നാട്ടിലേക്കും തിരികെയും യാത്ര ചെയ്യുന്നത്.
കാസർകോഡും സ്ഥിതി വ്യത്യസ്തമല്ല. പൊതുവേ ബാംഗ്ലൂർ- മൈസൂർ ബസുകൾ കുറവാണ് ജില്ലയിൽ നിന്നും. ഉള്ള ബസുകളിലാവട്ടെ ടിക്കറ്റുകൾ നേരത്തെ വിറ്റുതീർന്നു. സ്വകാര്യ ബസുകളിലെ ബാംഗ്ലൂർ നിരക്ക് ആയിരത്തിൽ താഴെയായിരുന്നത് ഒറ്റയടിക്ക് 1700 കടന്നിട്ടുണ്ട്. കാസർകോഡ് ജില്ലയിലെ കാസർകോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ നിന്നും . എക്സ്പ്രസ്, ഡീലക്സ്സ് ബസുകളില്ല എന്ന കാരണത്താൽ ദീപാവലിക്ക് അധിക സർവീസ് നടത്തുന്നുമില്ല.
ദീപാവില അവധി കഴിഞ്ഞുള്ള ചൊവ്വാഴ്ച കാസർകോഡ് നിന്നുള്ള ബാംഗ്ലൂർ ബസിന് 1700 രൂപ വരെ നിരക്കുണ്ട്. മംഗലാപുരത്തു നിന്നു കാമെന്നു വിചാരിച്ചാലും രക്ഷയില്ല. നോൺ എസി സ്ലീപ്പർ ബസിന് 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നത്.
കണ്ണൂരിൽ നിന്നുള്ള സ്ഥിതിയും വ്യത്യസ്തമല്ല. ദീപാവലിക്ക് അധിക അന്തർസംസ്ഥാന ബസ് സർവീസുകൾ ഉണ്ടെങ്കിലും യാത്രക്കാരുടെ തിരക്കിനെ നേരിടാൻ അതൊന്നും പര്യാപ്തമല്ല. പയ്യന്നൂരിൽ നിന്നും ഒരു ബസും കണ്ണൂരിൽ നിന്നു 3 ബസും സ്പെഷ്യൽ ബസ് ഫ്ലെക്സി ടിക്കറ്റ് നിരക്കിൽ ദീപാവലി സർവീസ് നടത്തുന്നുണ്ട്. 30 ശതമാനം വരെ അധിക നിരക്ക് നല്കേണ്ടി വരുമെങ്കിലും സ്വകാര്യ ബസുകളുടെ ടിക്കറ്റുമായി നോക്കുമ്പോൾ യാത്ര ലാഭകരമാണെന്നു തന്നെ പറയാം.
അതേസമയം കോഴിക്കോട് വഴി കെഎസ്ആർടിസി നിരവധി സ്പെഷ്യൽ ബസുകൾ സര്‍വീസ് നടത്തുന്നുണ്ട്. ഈ റൂട്ടിലെ സ്വകാര്യ ബസുകളിലും വലിയ നിരക്കിൽ തന്നെയാണ് ടിക്കറ്റ് വിൽക്കുന്നത്.
ദീപാവലി സ്പെഷ്യൽ ട്രെയിൻ സർവീസ്
ദീപാവലികാലത്തെ തിരക്ക് പരിഗണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുണ്ട്. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേയ്ക്കും തിരികെ മംഗലാപുരത്തു നിന്നും താംബരത്തേയ്ക്കും സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. ദീപാവലി അവധിക്ക് നാട്ടിൽ വരാനും തിരികെ മടങ്ങുവാനും കഴിയുന്ന വിധത്തിലാണ് ഈ സർവീസുകൾ.
നവംബർ 11,18,25 എന്നീ ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.45ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 5.15ന് മംഗലാപുരത്തെത്തുന്ന വിധത്തിലും തിരികെ മംഗലാപുരത്തു നിന്നും താംബരത്തേയ്ക്കുള്ള സ്പെഷ്യൽ ഫെയർ ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ നവംബർ 12, 19, 26 എന്നീ ഞായറാഴ്ചകളിൽ രാവിലെ 10.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.10ന് താംബരത്ത് എത്തുന്ന വിധത്തിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾക്കുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
ഇത് കൂടാതെ നവംബർ 9ന് പോർബന്തറിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി പ്രതിവാര എക്സ്പ്രസിലും (20910) 12നു കൊച്ചുവേളിയിൽ നിന്നു തിരികെ പുറപ്പെടുന്ന പോർബന്തർ (20909) പ്രതിവാര എക്സ്പ്രസിലും ദീപാവലിക്കാലത്തെ തിരക്ക് പരിഗണിച്ച് രണ്ട് സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













