ഹിമാചലിൽ നിന്നും ലഡാക്കിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവരുടെ മനസ്സിൽ മിക്കവാറും ഒരു ബൈക്ക് റൈഡ് ആവും ഉണ്ടായിരിക്കുക. അത് സാധ്യമല്ലെങ്കിൽ മാത്രം എച്ച് പി ടി ഡി സിയുടെ ബസിൽ കയറി മനസ്സില്ലാ മനസ്സോടെ പോകുന്നവർ ഒരുപാടുണ്ട്. എന്നാൽ ഇനി ബസില്‍ പോകേണ്ടി വന്നാലും വമ്പൻ ബസിൽ കിടിലൻ കാഴ്ചകൾ കണ്ട് പോകാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ലഡാക്ക് കാണാൻ വരുന്നവർക്ക് രാജകീയമായ ആഢംബര യാത്രയ്ക്ക് ലക്ഷ്വറി ബസുകൾ കൊണ്ടുവന്നിരിക്കുകയാണ് ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ.
ചണ്ഡീഗഡ്, ഡൽഹി, ഹരിദ്വാർ എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ ഹിമാലയത്തിലെ ഏറ്റവും മനോഹര കാഴ്ചകൾ നല്കുന്ന മണാലി, സർച്ചു വഴി ലേയിൽ എത്തും. ജൂൺ 15-ന് ആരംഭിച്ച ഈ സേവനം സെപ്റ്റംബർ 30 വരെ മാത്രമാണ് ലഭ്യമാവുക. ലേ യാത്രകളുടെ സാധ്യതകളും അനുഭവങ്ങളും മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

എസി ബസിൽ എൽ ഇ ഡി ടിവി, മ്യൂസിക് സിസ്റ്റം, വൈ-ഫൈ എന്നിവയ്ക്കൊപ്പം കൂടുതൽ സുരക്ഷയ്ക്കായി ജിപിഎസ് ട്രാക്കിങ്ങും ലഭ്യമാക്കിയിട്ടുണ്ട്. ഇത്രയും സൗകര്യങ്ങൾ ലഭിക്കുമ്പോൾ ടിക്കറ്റിനും കുറേ പണം മുടക്കേണ്ടി വരുമെന്നല്ലേ വിചാരിക്കുന്നത്. വേണ്ട. എല്ലാ യാത്രക്കാർക്കും പോക്കറ്റിൽ ഒതുങ്ങുന്ന നിലയിലുള്ള ടിക്കറ്റ് നിരക്കാണ് എച്ച് പി ടി ഡി സിയുടെ ലക്ഷ്വറി ബസിനുള്ളത്.
ചണ്ഡിഗഡ്-ലേ യാത്രയ്ക്ക് 2800 രൂപയും ഡൽഹി-ലേ യാത്രയ്ക്ക് 3000 രൂപയും ഹരിദ്വാർ-ലേ യാത്രയ്ക്ക് 2500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. യാത്രയില്‍ ഒരുപാട് രസകരമായ സ്ഥലങ്ങൾ കണ്ടാവും പോവുക. റോഹ്താങ് പാസ്, കീലോങ്, ജിസ്പ, ബരാലച്ച ലാ, നക്കീ ലാ, ലാചുങ് ലാ, പാങ്, മോർ പ്ലെയിൻസ്, തങ്‌ലാങ് ലാ, ഉപ്‌ഷി തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവ മാത്രമാണ്. കൂടാതെ ലഡാക്കിലെ ആശ്രമങ്ങൾ, തടാകങ്ങൾ തുടങ്ങിയവ കാണാനും സാധിക്കും.
ഇനി ലഡാക്ക് വരെ വന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞ് മാത്രം മടങ്ങുവാനാണ് പ്ലാൻ എങ്കിൽ അതിനായി കിടിലൻ പാക്കേജുകളും എച്ച് പി ടി ഡി സി ഒരുക്കിയിട്ടുണ്ട്. നാല് രാത്രിയും അഞ്ച് പകലും ദൈർഘ്യമുള്ള പാക്കേജുകളാണ് ലഭ്യമായിട്ടുള്ളത്. മികച്ച ഹോട്ടലുകളിലെ താമസം, പ്രഭാത ഭക്ഷണം, അത്താഴം എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജിൽ ട്വിൻ ഷെയറിങ് സൗകര്യത്തിൽ ഒരാൾക്ക് 16,999 രൂപയും ട്രിപ്പിൾ ട്വിൻ ഷെയറിങ് സൗകര്യത്തിൽ 14,999 രൂപയുമാണ് നിരക്ക്.
HPTDC-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാർ വഴിയോ നിങ്ങൾക്ക് ഓൺലൈനിൽ ബുക്കിങ് നടത്താം. ചണ്ഡീഗഡ്, ഡൽഹി ഹരിദ്വാറിലെ എന്നിവിടങ്ങളിലെ എച്ച്പിടിഡിസി ഓഫീസുകൾ വഴിയും ബുക്കിങ് നടത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












