കേദാർനാഥ് സാഹസിക സഞ്ചാരികൾക്കും തീർത്ഥാടകർക്കും ഇനി ആശ്വസിക്കാം.. നീണ്ട, വളഞ്ഞുചുറ്റി മണിക്കൂറുകൾ എടുക്കുന്ന യാത്ര ഇനി വെറും 36 മിനിറ്റിൽ പൂർത്തിയാക്കാം. അതെ, വായിച്ചത് ശരി തന്നെയാണ്. സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
നിലവിൽ ഗൗരികുണ്ഡിൽ നിന്ന എട്ടു മുതൽ ഒന്‌ത് വരെ മണിക്കൂറുകൾ കുത്തനെയുള്ള ട്രെക്കിങ് നടത്തിയാണ് കേദാർനാഥിലെത്തുവാൻ സാധിക്കുക. റോപ് വേ പദ്ധതി പൂർത്തിയാകുന്നതോടെ ഇത് വെറും 36 മിനിറ്റ് മാത്രമായി ചുരുങ്ങും. കുറഞ്ഞ സമയത്തിൽ എത്തിച്ചേരാം എന്നതു മാത്രമല്ല, ടൂറിസം- വ്യാവസായിക സാധ്യതകൾക്കും ഇത് വളർച്ച നല്കും. സോനപ്രയാഗിൽ നിന്ന് കേദാർനാഥിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന വഴിയായി റോപ് വേ മാറുകയും ചെയ്യും.

കേദാർനാഥ് റോപ്പ്‌വേ പദ്ധതിക്കൊപ്പം ഉത്തരാഖണ്ഡിലെ തന്നെ ഹേമകുണ്ഡ് സാഹിബ് റോപ്പ്‌വേ പദ്ധതിക്കും കേന്ദ്ര സര്‍ക്കാർ അംഗീകാരം നല്കിയിട്ടുണ്ട്. 12.9 കിലോമീറ്റർ ദൈർഘ്യമുള്ള കേദാർനാഥ് റോപ്പ്‌വേ പദ്ധതിക്ക് 4,081 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഹേമകുണ്ഡ് സാഹിബ് റോപ്പ്‌വേ പദ്ധതിക്ക് ഏകദേശം 2,730 കോടി രൂപ ചിലവാകും.
തീർത്ഥാടകർക്ക് യാത്ര എളുപ്പമാക്കുവാനും സാഹസിക സഞ്ചാരികളെ ആകർഷിക്കുവാനുമായി നൂതന ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള സാങ്കേതിക വിദ്യയാണ് കേദാർനാഥ് റോപ്പ്‌വേ പദ്ധതിയിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 1,800 യാത്രക്കാരെ ഒരു ദിശയിലേക്ക് കൊണ്ടുപോകാൻ ശേഷിയുള്ളതാണ് ഡിറ്റാച്ചബിൾ ഗൊണ്ടോളയ്ക്ക് ഒരു ദിവസം 18,000 തീർത്ഥാടകരെ വരെ കൊണ്ടുപോകാൻ സാധിക്കും.
റിപ്പോർട്ടുകളനുസരിച്ച് , പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (DBFOT) മോഡിലാണ് ഈ പദ്ധതി നടപ്പിലാക്കുക.
നിലവിൽ നടന്നോ കുതിരപ്പുറത്തോ അല്ലെങ്കിൽ ഹെലികോപ്റ്ററിലോ ആണ് സോൻപ്രയാഗ്- കേദാർനാഥ് യാത്ര സാധ്യമാകുന്നത്.
വിനോദസഞ്ചാര തീർത്ഥാടന യാത്രകൾ സുഖവും സൗകര്യപ്രദവും സമയലാഭം നല്കുന്നതും ആക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ, ടൂറിസം സേവനങ്ങൾ തുടങ്ങിവയുടെ വളർച്ചയ്ക്കും വഴിയൊരുക്കും. അത് മാത്രമല്ല, ഏതു കാലാവസ്ഥയിലും സോൻപ്രയാഗ്- കേദാർനാഥ് യാത്ര നടത്തുവാനും റോപ്പ്വേ വരുന്നതോടെ കഴിയും.
മലയാളികളടക്കമുള്ള സഞ്ചാരികളും തീർത്ഥാടകരും എത്തിച്ചേരുന്ന ഇടമാണ് കേദാർനാഥ്. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും വിശുദ്ധമായ തീർത്ഥാടന സ്ഥാനങ്ങളിലൊന്നായാണ് ഇവിം വിശ്വാസികൾ കാണുന്നത്. ഓരോ വർഷവും പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ മഹാദേവ സന്നിധിയിൽ എത്തുന്നത്.
മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തിൽ ആണുള്ളത്. മേയ് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുമാണ് കേദാർനാഥ് തീർത്ഥാടനത്തിന് പറ്റിയ സമയം. ഏപ്രിൽ അല്ലെങ്കില്‍ മേയ് മാസത്തിൽ വരുന്ന അക്ഷയ ത്രീതീയ മുതൽ ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തിലെ ദിപാവലി വരെയാണ് ഇവിടം സന്ദർശിക്കുവാൻ സാധിക്കുക. മറ്റു സമയങ്ങളിൽ മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ ഇവിടേക്കുള്ള യാത്ര സാധ്യമാകില്ല.
സോനപ്രയാഗ്രിൽ നിന്ന് ഗൗരികുണ്ഡിലെത്തി അവിടുന്ന് കേദാർനാഥിലേക്ക് പോവുകയാണ് ചെയ്യുന്നത്. സോൻപ്രയാഗിൽ നിന്ന് ഗൗരികുണ്ഡിലേക്കുള്ള 5 കിലോമീറ്റർ ദൂരം നടന്നു പോവുകയോ അല്ലെങ്കിൽ ഷെയർ ടാക്സിയിൽ പോവുകയോ ചെയ്യാം. എന്നാൽ മിക്കവരും ഈ ദൂരമത്രയും നടക്കുകയാണ് ചെയ്യുന്നത്. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥിലേക്ക് കാൽനടയായോ ഹെലികോപ്റ്റർ, കുതിര, ഡോളി തുടങ്ങിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയോ എത്തിച്ചേരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












