ഈ വർഷത്തെ ഓണം എങ്ങനെ ആഘോഷിക്കണമെന്ന് പ്ലാൻ ചെയ്തോ?? ഇതുവരെ പ്ലാൻ ഒന്നുമായില്ലെങ്കിൽ ഇത്തവണ വൻ ലാഭത്തിൽ, കുറഞ്ഞ ചെലവിൽ ഒരു വിദേശ യാത്ര പോയാലോ?? ഒപ്പം കിടിലൻ ഓഫറുകളുമാണ് ഉള്ളത്. വേറെയെങ്ങോട്ടുമല്ല, വിയറ്റ്നാമിലേക്ക് ആണ് ഈ യാത്ര. വിനോദസഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ നിരവധി ആനുകൂല്യങ്ങളും രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളനുസരിച്ച് വിയറ്റ്നാം അവരുടെ ഇ-വിസയുടെ കാലാവധി നീട്ടുവാനുള്ള ഒരുക്കത്തിലാണ് രാജ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയ ഇവിടെ നേരത്തെ വിസ പരിഷ്കരണ നടപടികൾ നീട്ടാൻ സർക്കാർ അനുമതി നല്കിയിയിരുന്നു.

ജൂൺ 24 ന് വിയറ്റ്നാം ദേശീയ അസംബ്ലിയിൽ ഗവൺമെന്റിന്റെ ശുപാർശ പ്രകാരം ഇൻബൗണ്ട് സന്ദർശകർക്ക് ഇലക്ട്രോണിക് വിസയുടെ സാധുത വർദ്ധിപ്പിക്കുന്നതിനുള്ള അംഗീകാരം വർധിപ്പിക്കുന്നതിന് അംഗീകാരം നല്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതോടെ ഓഗസ്റ്റ് 1 മുതൽ, വിയറ്റ്നാം ഇ-വിസയുടെ നിന്ന് 90 ദിവസമായിരിക്കും. നിലവിൽ വിയറ്റ്നാം ഇ-വിസ കാലാവധി 30 ദിവസമാണ്.
സിംഗിൾ എൻട്രി വിസയ്ക്ക് പകരം വിനോദസഞ്ചാരികൾക്ക് ഒന്നിലധികം എൻട്രികൾ അനുവദിക്കാനുള്ള ഉത്തരവും ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.
അതോടെ ഇ-വിസ ഉപയോഗിച്ച് നിശ്ചിത കാലാവധിയിൽ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കുവാനും സാധിക്കും. 90 ദിവസ കാലാവധിയുള്ളതിനാൽ നീണ്ട യാത്ര പ്ലാൻ ചെയ്യുന്നവർക്കും കൂടുതൽ കാലയളവിൽ വിയറ്റ്നാമിൽ തങ്ങുവാൻ താല്പര്യമുള്ളവർക്കും ഇത് പ്രയോജനപ്പെടുത്താം. നീണ്ട കാത്തിരിപ്പില്ലാതെ കുറഞ്ഞ തുകയിൽ ലഭിക്കുമെന്നതും വിയറ്റ്നാം ഇ-വിസയുടെ പ്രത്യേകതയാണ്.
അപേക്ഷിച്ച ശേഷം വെറും 3-4 ദിവസം മാത്രം മതി വിയറ്റ്നാം ഇ വിസ ലഭിക്കുവാന് 25 യുഎസ് ഡോളർ അഥവാ 2,050.09 രൂപയാണ് നിരക്ക്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായതിനാൽ തന്നെ ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നതും ഇന്ത്യൻ സഞ്ചാരികൾക്കാണ്.

നിലവിൽ വിയറ്റ്നാം 80 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പൗരന്മാർക്ക് ഇ-വിസ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 25 രാജ്യങ്ങളിലെ സന്ദർശകർക്ക് വിയറ്റ്നാം വിസ-ഫ്രീ രാജ്യമാണ്. 14 മുതൽ 30 ദിവസം വരെ രാജ്യത്ത് തങ്ങാനും അനുവാദമുണ്ട്.
പുതിയ വിസ നയം വരുന്നതോടെ മലയാളികൾക്ക് ഈ വർഷത്തെ ഓണം വിയറ്റ്നാമിൽ ആഘോഷിക്കുന്ന തരത്തിൽ പ്ലാൻ ചെയ്യാം. ഏറ്റവും കുറഞ്ഞ ചെലവിൽ ഒന്നോ രണ്ടോ ആഴ്ച ചെലവഴിക്കുവാൻ പറ്റിയ രാജ്യമാണിത്. പ്രാദേശിക ഹോം സ്റ്റേകൾ, എയർ ബിഎൻബി തുടങ്ങിയ സ്ഥലങ്ങളിൽ താമസം കണ്ടെത്തുന്നതും പ്രാദേശിക ഭക്ഷണം പരീക്ഷിക്കുന്നതു പോലുള്ള കാര്യങ്ങളും വിയറ്റ്നാം യാത്രയെ വീണ്ടും ചെലവ് കുറഞ്ഞതാക്കും.
ഹാനോയിൽ ഓൾഡ് ക്വാർട്ടർ ഏരിയായ്ക്ക് സമീപം താമസിക്കുന്നതും ഹോയ് ആനിൽ ലാന്‍റേൺ റിവർ സൈഡിൽ താമസിക്കുന്നതും ഗോ ചിമിനിൽ സിറ്റി സെന്‍റർ ഡിസ്ട്രിക്ടിന് സമീപം താമസിക്കുന്നതും ചിലവ് കുറയ്ക്കുവാൻ ഉപകാരപ്പെടും. ഹാനോയിൽ നിന്ന് ഡാ നാങ്ങിലേക്കും തിരിച്ചുമുള്ള വിമാനയാത്ര വിയറ്റ്നാം യാത്രയിലെ ചെലവേറിയ കാര്യമാണ്.

ഓഗസ്റ്റ് മുതൽ വിയറ്റ്ജെറ്റ് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്കും തിരിച്ചും നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതും കേരളത്തിൽ നിന്നുളള സന്ദർശകർക്ക് പ്രയോജനപ്പെടുത്താം. ഓഗസ്റ്റ് 12ന് ഹോ ചി മിന്‍ സിറ്റിയിൽ നിന്ന് വിയറ്റ്ജെറ്റിന്‍റെ കൊച്ചിയിലേക്കുള്ള ആദ്യ വിമാനം സര്‍വീസ് നടത്തും. ആഴ്ചയിൽ നാല് സർവീസുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസ്.
കൊച്ചിയില്‍ നിന്ന് ഇന്ത്യൻ സമയം രാത്രി 11.50-ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.40-ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തിച്ചേരും. തിരികെ പ്രാദേശികസമയം വൈകിട്ട് 7.20-ന് വിയറ്റ്നാമില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50-ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ക്രമത്തിലാണ് സര്‍വീസുകള്‍.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












