ജമ്മു കാശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍ റിസോര്‍ട്ടാണ് പാട്നിടോപ്പ്. ഈ സ്ഥലം രാജകുമാരിയുടെ തടാകം എന്നര്‍ഥം വരുന്ന പതാന്‍ ദാ തലാബ് എന്ന പേരിലാണ് യഥാര്‍ഥത്തില്‍ അറിയപ്പെടുന്നത്. ഏതോ രാജകുമാരി കുളിക്കുന്നതിന് ഉപയോഗിച്ചിരുന്ന തടാകമായിരുന്നു ഇതെന്നാണ് വിശ്വാസം. വര്‍ഷം പിന്നിട്ടപ്പോള്‍ പത്താന് ദാ തലാബ് എന്ന പേര് പാട്നിടോപ്പ് എന്നായി മാറി.
2024 മീറ്റര്‍ ഉയരത്തിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. തിങ്ങിനിറഞ്ഞ ദേവദാരുക്കാടുകളും, കുന്നുകളും, ശ്വാസമടക്കിനിന്നു പോവുന്ന കാഴ്ചകളും, ശാന്തമായ അന്തരീക്ഷവും പാട്നിടോപ്പിനെ ഒന്നാന്തരമൊരു പിക്നിക് കേന്ദ്രമാക്കി മാറ്റുന്നു. മൂന്ന് ശുദ്ധജല ഉറവകള്‍ ഇതിന് അടുത്തായി ഉണ്ട്. തണുത്തതും ശുദ്ധവുമായതായ ജലത്തിന്റെ സ്രോതസ്സാണിത്. രോഗശമനഗുണങ്ങളുണ്ടെന്ന് കരുതുന്ന ഈ ഉറവകള്‍ സമയം അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം.
സ്കീയിങ്ങും ട്രക്കിങ്ങും പോലുള്ള സാഹസികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ ശൈത്യകാലത്ത് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഗോള്‍ഫ്, പാരാഗ്ലൈഡിങ്, എയ്റോ സ്പോര്‍ട്സ്, കുതിര സവാരി ഫോട്ടോഗ്രാഫി എന്നിവക്കും പറ്റിയ സ്ഥലമാണിത്. നാഗക്ഷേത്രം, ബുദ്ധ അമര്‍നാഥ ക്ഷേത്രം, ബാഹു കോട്ടയും ക്ഷേത്രവും കൂടാതെ സുദ് മഹാദേവ്, ഗൗരികുണ്ട്, കുഡ്, ശിവ ഘട്ട് എന്നീ പുണ്യസ്ഥലങ്ങളും ഇവിടെയുണ്ട്. ഇവിടെ എയര്‍പോര്‍ട്ടോ റെയില്‍ വേസ്റ്റേഷനോ ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ ജമ്മു വഴി വരണം. ജമ്മുവില്‍ നിന്ന് ട്രെയിന്‍ വഴിയോ കാബുകള്‍ വഴിയോ ഇവിടെയെത്താം. വര്‍ഷത്തില്‍ എപ്പോഴും വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ മെയ് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളും സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളുമാണ് സന്ദര്‍ശനത്തിന് ഏറ്റവും ഉചിതം. സാഹസികവിനോദങ്ങളില്‍ പങ്കെടുക്കുന്നതിന് ഉചിതമായ മാസങ്ങള്‍ ഈ കാലയളവാണ്.