പുലിക്കാട്ട്‌: തടാകങ്ങളുടെയും ചരിത്ര സ്‌മാരകങ്ങളുടെയും നാട്‌

കോറമാണ്ടല്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു കടലോരപട്ടണമാണ്‌ പുലിക്കാട്ട്‌. തമിഴ്‌നാട്ടിലെ ചെറിയ പട്ടണങ്ങളില്‍ ഒന്നാണെങ്കിലും പുലിക്കാട്ട്‌ ഒരു പെയിന്റിംഗ്‌ പോലെ മനോഹരമാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടം ഡച്ചുകാരുടെ അധിവാസകേന്ദ്രമായിരുന്നു. ഡച്ചുകാര്‍ക്ക്‌ പുറമെ പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും പുലിക്കാട്ട്‌ തങ്ങളുടെ അധീനതയിലാക്കി. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ ജീവിതത്തില്‍ ഈ സാംസ്‌കാരിക വൈവിദ്ധ്യം പ്രകടമാണ്‌. മുന്‍കാലങ്ങളില്‍ തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വലിയ സംഭാവന നല്‍കിയിരുന്ന ഒരു തുറമുഖവും വാണിജ്യകേന്ദ്രവും ആയിരുന്നു പുലിക്കാട്ട്‌.

സഞ്ചാരികള്‍ക്കിടയില്‍ പുലിക്കാട്ടിനെ പ്രശസ്‌തമാക്കുന്നത്‌ രണ്ട്‌ ഘടകങ്ങളാണ്‌, പുലിക്കാട്ട്‌ തടാകവും പുലിക്കാട്ട്‌ പക്ഷി സങ്കേതവുമാണ്‌ അവ. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാകമാണ്‌ പുലിക്കാട്ട്‌ തടാകം. നിരവധി ദേശാടനപക്ഷികള്‍ എത്തുന്ന പുലിക്കാട്ട്‌ പക്ഷി സങ്കേതത്തിന്‌ സമീപത്താണ്‌ ഈ തടാകവും സ്ഥിതി ചെയ്യുന്നത്‌. അപൂര്‍വ്വങ്ങളായ പക്ഷികളുടെ സാന്നിധ്യം ഈ പക്ഷി സങ്കേത്തിലേക്ക്‌ പക്ഷി നിരീക്ഷകരെ ധാരാളമായി ആകര്‍ഷിക്കുന്നു.

ഡച്ച്‌ പള്ളി, ഡച്ച്‌ സെമിത്തേരി, ലൈറ്റ്‌ഹൗസ്‌, ചിന്താമണീശ്വരര്‍ ക്ഷേത്രം, പെരിയ പള്ളിവാസല്‍ എന്നിവയും ഇവിടുത്തെ പ്രധാന കാഴ്‌ചകളാണ്‌. ഈ മേഖലയിലെ പള്ളികളിലും പഴയ കെട്ടിടങ്ങളിലും ശവകുടീരങ്ങളിലും ഡച്ച്‌ നിര്‍മ്മാണശൈലിയുടെ സ്വാധീനം കാണാനാകും.ചെന്നൈയില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുലിക്കാട്ടില്‍ റോഡ്‌ മാര്‍ഗ്ഗം അനായാസം എത്താന്‍ കഴിയും. ഉഷ്‌ണമേഖലാ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. കൊടും ചൂടുകാലവും കനത്ത മഴക്കാലവും ഒഴികെയുള്ള ഏത്‌ സമയത്തും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്‌. അവാച്യമായ പ്രകൃതി സൗന്ദര്യവും മനോഹരങ്ങളായ പക്ഷികളും പുരാതന നിര്‍മ്മിതികളും സമ്പന്നമായ ചരിത്രവും പുലിക്കാട്ടിനെ സഞ്ചാരികളുടെയും ചരിത്രകുതുകികളുടെയും ഇഷ്ട പ്രദേശമാക്കി മാറ്റുന്നു.

Please Wait while comments are loading...