ബെംഗളൂരുവിൽ വന്നാൽ എവിടെയൊക്കെ പോകണമെന്ന് പലർക്കും സംശയമാണ്. രണ്ടു ദിവസത്തിൽ ബാംഗ്ലൂർ കണ്ടുതീർക്കാൻ പറ്റുമോ, ഷോപ്പിങ്ങിന് എവിടെയൊക്കെ പോകണം, ഒരു ദിവസം മാത്രമേ ബാംഗ്ലൂർ ഉള്ളതെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങൾ. ഒരിക്കലെങ്കിലും ബാംഗ്ലൂർ കാണണെമെന്ന് ആഗ്രഹമുള്ളവർക്കായി ഒരു കൊച്ചു പാക്കേജ് ഒരുക്കുകയാണ് ഐആര്‍സിടിസി. ബാംഗ്ലൂർ മാത്രല്ല, മൈസൂര്‍ കൂടി കണ്ട്, പ്രധാനപ്പെട്ട ഇടങ്ങൾ മാത്രം സന്ദർശിച്ച് വരാവുന്ന ഒരു ചെലവ് കുറഞ്ഞ യാത്ര.
ബാംഗ്ലൂരിലെ പ്രധാന കാഴ്ചകൾ മാത്രം ഉൾപ്പെടുത്തി മൈസൂരും കൂടി കണ്ട് തിരികെ ബാംഗ്ലൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സിലിക്കൺ വാലി പോലെ ചന്നെ സഞ്ചാരികളെ ആകർഷിക്കുന്ന നഗരമാണ് മൈസൂരും. കൊട്ടാരം, മൈസൂർ ചാമുണ്ഡി ഹിൽസ്, പഴയകാല കെട്ടിടങ്ങൾ, ദേവാലയങ്ങൾ എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കാഴ്ചകൾ. ഇതാ ഹോട്ടൽ ബുക്കിങ്ങിന്‍റെയോ ബസ് ബുക്ക് ചെയ്യുന്നതിന്‍റെയോ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ, നേരെ ബാഗ് പാക്ക് ചെയ്തു പോകാൻ സാധിക്കുന്ന ബാംഗ്ലൂർ- മൈസൂർ സ്പെഷ്യൽ യാത്രയെക്കുറിച്ചറിയാം.

ബാംഗ്ലൂർ- മൈസൂർ സ്പെഷ്യൽ യാത്ര
രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന ഈ പാക്കേജ് ഏറ്റവും എളുപ്പത്തിൽ ബാംഗ്ലൂരും മൈസൂരും കാണുവാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്. പ്രധാനപ്പെട്ട ഇടങ്ങൾ മാത്രം കണ്ടുവരുന്നതിനാൽ സന്ദർശിക്കുന്ന ഓരോ ഇടവും പരമാവധി സമയമെടുത്തു കാണാനും ചെലവഴിക്കുവാനും സാധിക്കും. അത് മാത്രമല്ല, ഷോപ്പിങ്ങിനും പ്രാദേശിക ഭക്ഷണങ്ങൾ പരീക്ഷിക്കാനും ഒക്കെ ആവശ്യത്തിന് സമയം നല്കിക്കൊണ്ടുള്ള വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങളെ റെയിൽവേ സ്റ്റേഷനിൽ നിന്നോ ബസ് സ്റ്റാൻഡിൽ നിന്നോ അല്ലെങ്കിൽ വിമാനത്താവളത്തിൽ നിന്നോ സ്വീകരിക്കുന്നതോടെ യാത്ര ആരംഭിക്കുന്നു. തുടര്‍ന്ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നു. ഉച്ചകഴിഞ്ഞ് ആദ്യം ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ ആണ് സന്ദര്‍ശിക്കുന്നത്. ഇവിടം മുഴുവൻ ചുറ്റിനടന്ന് കാണുന്നതിനും വൈവിധ്യമാർന്ന ചെടികളെയും മരങ്ങളെയും പരിചയപ്പെടുന്നതിനും സമയമുണ്ട്. തുടർന്ന് പ്രസിദ്ധമായ ഗ്ലാസ് ഹൗസും ഇവിടെ കാണാം.
ബെംഗളൂരുവിന്‍റെ വൈകുന്നേരങ്ങൾ ഏറ്റവും സജീവമാകുന്ന ബ്രിഗേഡ് റോഡ്, എംജി റോഡ് എന്നിവ കാണുവാനാണ് ഇനി പോകുന്നത്. ഇവിടെ ഷോപ്പിങ് നടത്തുവാനും സൗകര്യമുണ്ട്. തുണിത്തരങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ, അലങ്കാര വസ്തുക്കൾ എന്നിങ്ങനെ എന്തും കിട്ടുന്ന ചെറുതും വലുതുമായ നിരവധി ഷോപ്പുകൾ ഇവിടെയുണ്ട്. ഷോപ്പിങിനിടയിൽ തന്നെ ഇവിടുത്തെ ഭക്ഷണശാലകൾ സന്ദർശിക്കുവാനും മറക്കരുത്. കര്‍ണ്ണാടകയുടെ നാടൻ വിഭവങ്ങളും അല്ലാത്തതും ഒക്കെ കിട്ടുന്ന നിരവധി കടകൾ ഇവിടെ കാണാം. തുടർന്ന് നിങ്ങളെ ഹോട്ടലില്‍ എത്തിക്കുന്നതോടെ ആദ്യ ദിവസത്തിന് സമാപനം.
രണ്ടാമത്തെ ദിവസം അതിരാവിലെ പ്രഭാതക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്യും. റോഡ് മാർഗം മൈസൂരിലേക്ക് പോവുകയാണ്. ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് സമയം വേണം എത്താൻ. ആദ്യം തന്നെ മൈസൂർ കൊട്ടാരം സന്ദർശിക്കും. തുടർന്ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഒന്നു വിശ്രമിക്കും. ഉച്ചകഴിഞ്ഞ് ചാമുണ്ഡി ഹിൽസും ചാമുണ്ഡേശ്വരി ക്ഷേത്രവും കാണാനായി പോകും. അവിടുന്ന് ക്ഷേത്രദർശനവും മൈസൂർ നഗരത്തിന്‍റെ പനോരമിക് ദൃശ്യങ്ങളും ആസ്വദിച്ച് ബൃന്ദാവൻ ഗാർഡൻ കാണാനായി പോകും. രാത്രി തിരികെ മൈസൂരിലേക്ക് വന്ന് ഹോട്ടലിൽ താമസം.
മൂന്നാം ദിവസം രാവിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പ്രസിദ്ധമായ സെന്‍റ് ഫിലോമിനാസ് ദേവാലയവും മൈസൂർ മാർക്കറ്റും കാണാനായി പോകും. ഇവിടുന്ന് നിങ്ങൾക്ക് പ്രാദേശിക കരകൗശല വസ്തുക്കൾ കാണാനും മേടിക്കാനും അവസരമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൈസൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് റോഡ് മാർഗം മടക്ക യാത്ര. സമയം കിട്ടയിൽ കബ്ബൺ പാർക്ക് അല്ലെങ്കിൽ ഇസ്കോൺ ക്ഷേത്രവും കൂടി സന്ദർശിക്കും, തുടർന്ന് നിങ്ങളുടെ സൗകര്യമനുസരിച്ച് റെയിൽവേ സ്റ്റേഷൻ/എയർപോർട്ട്/ ബസ് സ്റ്റാൻഡിൽ ഡ്രോപ് ചെയ്യും.
സെഡാൻ വിഭാഗിലുള്ള വണ്ടിയിലാണ് യാത്ര, ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക് 9,830 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 13,370 രൂപ, സിംഗിൾ ഷെയറിങ്ങിൽ 25,480 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ബെഡ് വേണ്ടെങ്കിൽ 3,210/ രൂപ, ബെഡ് വേണമെങ്കിൽ 4,700 രൂപ എന്നിങ്ങനെയാണ് നിരക്ക്. എല്ലാ ദിവസവും ഈ യാത്ര ലഭ്യമാണ്. ഒരു ദിവസം 6 പേർക്കാണ് പങ്കെടുക്കുവാൻ അവസരമുള്ളത്.
കൂടുൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
ഐആർസിടിസി - ടൂറിസം ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്‍റർ
ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ:- 8595931292
മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931294
ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ: - 8595931293
ഐആർസിടിസി ബെംഗളൂരു : 080-22960014/ 9003140710/ 8595931290. വെബ്സൈറ്റ് ലിങ്ക്: https://www.irctctourism.com/pacakage_description?packageCode=SBH07
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














