ബാംഗ്ലൂർ നന്ദി ഹിൽസ്... വീക്കെൻഡ് ആയാലും അവധിയാണെങ്കിലും ഇനി വെറുതേയിരിക്കുമ്പോൾ ഒരു യാത്ര പോകാൻ തോന്നിയാലും ബെംഗളരു നിവാസികളുടെ ആദ്യ ചോയ്സ്.. ബൈക്കിൽ ഇവിടേക്ക് പോകുന്നത് ഒരു ഹരം തന്നെയാണ് ഇനി കെഎസ്ആർടിസി ബസിലാണെങ്കിലും മറ്റു വാഹനങ്ങളിലാണെങ്കിലും കോടമഞ്ഞും റോഡും മികച്ച അനുഭവം നല്കും. ഇപ്പോഴിതാ നന്ദി ഹിൽസിലേക്ക് ഇലക്ട്രിക് ട്രെയിൻ സര്‍വീസ് ആരംഭിക്കുകയാണ്.
ബാംഗ്ലൂർ-നന്ദി ഹിൽസ് ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് ഡിസംബർ 11 തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) എയർപോർട്ട് റൂട്ടിലെ മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളുടെ പ്രവർത്തനം ദേവനഹള്ളിയിൽ നിന്ന് ചിക്കബെല്ലാപ്പൂർ വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് നന്ദി ഹില്‍സിലേക്ക് ട്രെയിൻ യാത്ര സാധ്യമാകുന്നത്.

ബാംഗ്ലൂർ- നന്ദി ഹില്‍സ് ട്രെയിന്‍ സർവീസുകൾ
1. 06531/06532 ബെംഗളൂരു കന്‍റോൺമെന്‍റ്-ചിക്കബെല്ലാപൂർ-കന്‍റോൺമെന്‍റ്,
2. 06535/06538 ചിക്കബെല്ലാപൂർ-ബെംഗളൂരു കന്‍റോൺമെന്‍റ്-ചിക്കബെല്ലാപൂർ
3.06593/06594 യശ്വന്ത്പൂർ-ചിക്കബെല്ലാപൂർ-യശ്വന്ത്പൂർ എന്നീ മൂന്നു ട്രെയിനുകളാണ് ബാംഗ്ലൂർ- നന്ദി ഹില്‍സ് റൂട്ടിൽ സർവീസ് നടത്തുക.
യെലഹങ്കയ്ക്കും ചിക്കബല്ലാപ്പൂരിനും ഇടയിലുള്ള വൈദ്യുതീകരണം 2022 മാർച്ചിൽ പൂർത്തിയായെങ്കിലും ഈ റൂട്ടിൽ ഇലക്ട്രിക് ട്രെയിനുകൾ അവതരിപ്പിക്കുന്നത് പല കാരണങ്ങളാൽ വൈകുകയായിരുന്നു. നിലവിൽ, നന്ദി സ്റ്റേഷൻ പോലുള്ള സ്റ്റേഷനുകളിൽ 06387/06388 കെഎസ്ആർ ബെംഗളൂരു -കോലാർ -കന്‍റോൺമെന്‍റ് ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു), 16549/16550 കെഎസ്ആർ ബെംഗളൂരു - കോലാർ-കെഎസ്ആർ ബെംഗളൂരു ഡെമു തുടങ്ങിയ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

നന്ദി സ്റ്റേഷനും നന്ദി ഹിൽസിന്റെ അടിവാരത്തുള്ള ഭോഗനന്ദീശ്വര ക്ഷേത്രവും തമ്മിലുള്ള ദൂരം ഏകദേശം 1.4 കിലോമീറ്ററാണ്. ഇവിടുന്നു വീണ്ടും 15-18 കിലോമീറ്റർ കൂടി യാത്ര ചെയ്താലേ നന്ദി ഹിൽസിനു മുകളിലെത്താൻ കഴിയൂ. നന്ദി ഹാൾട്ട് ട്രെയിൻ സ്റ്റേഷനിൽ നിന്നുള്ള ഗതാഗത സൗകര്യങ്ങളുടെ അഭാവം ചിലപ്പോൾ നന്ദി ഹിൽസ് യാത്രക്കാർക്ക് ബുദ്ധിമുട്ടായേക്കാം എന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബാംഗ്ലൂരിൽ നിന്ന് ആദ്യ മെമു ട്രെയിൻ നിലവിൽ ലഭ്യമായ സമയക്രമീകരണം അനുസരിച്ച് രാവിലെ 6:37 നാണ് നന്തി ഹാൾട്ട് സ്റ്റേഷനിൽ എത്തിച്ചേരുന്നത്. എന്നാൽ നന്ദി ഹിൽസിലെ സൂര്യോദയം ആസ്വദിക്കാനാണ് യാത്രാ ലക്ഷ്യമെങ്കിൽ ഇത് സമയം വൈകിച്ചേക്കാം എന്നും യാത്രക്കാർക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഈ ട്രെയിനുകൾക്ക് ബേട്ടഹൽസൂർ, ദൊഡ്ഡജാല, ചന്നസാന്ദ്ര തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല.
108 വർഷം പഴക്കമുള്ള ബെംഗളൂരു-ദേവനഹള്ളി-ചിക്കബല്ലാപ്പൂർ പൈതൃക റെയിൽ പാതയിൽ ഏകദിന ടൂർ പാക്കേജ് അവതരിപ്പിക്കുന്ന കാര്യം സൗത്ത് വെസ്റ്റേൺ റെയിൽവേ നേരത്തെ പരിഗണിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. നന്ദി ഹിൽസിലെ സൂര്യോദയം, ദേവനഹള്ളി കോട്ട പര്യവേക്ഷണം, ഇഷ ഫൗണ്ടേഷന്‍റെ ചിക്കബല്ലാപ്പൂരിലെ 112 അടി ആദിയോഗി പ്രതിമ,വിമാനത്താവളത്തിലെ 108 അടി കെമ്പഗൗഡ പ്രതിമയും മറ്റ് ആകർഷണങ്ങളും കണ്ടുള്ള യാത്രാ പാക്കേജായി ഒരുക്കാനും റെയില്‍വേ നേരത്തെ ആലോചിച്ചുന്നതായാണ് റിപ്പോർട്ട്.
അതേസമയം സൗത്ത് വെസ്റ്റ് റെയിൽവേ, ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജുമായി (INTACH) സഹകരിച്ച് ഈ റൂട്ടിൽ ദൊഡ്ഡജാല, ദേവനഹള്ളി, ആവതിഹള്ളി എന്നിങ്ങനെ മൂന്ന് ഹെറിറ്റേജ് സ്റ്റേഷനുകൾ പുനഃസ്ഥാപിക്കൻ പദ്ധതിയുണ്ട്. നന്തി ഹാൾട്ടിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനകം പൂർത്തിയാകും. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ, നന്ദി ഹിൽസിലെ സൂര്യോദയം കാണാൻ സന്ദർശകർക്കായി ഒരു ട്രെയിൻ അതിരാവിലെ സർവീസ് നടത്തുമെന്നും റിപ്പോർട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













