മഞ്ഞു നിറഞ്ഞ പ്രഭാതങ്ങൾ, ആകെ മൊത്തം തണുപ്പ് നിറഞ്ഞ അന്തരീക്ഷം.. രാവിലെ എണീറ്റ് ഓഫീസിൽ പോകാനാണെങ്കിലും കോളേജിലേക്കാണെങ്കിലും മടി തോന്നുന്ന സമയം. നവംബർ മാസം വന്നതോടെ ബാംഗ്ലൂരുകാരുടെ ശരാശരി അവസ്ഥയാണിത്. നിലവിൽ മഴയും ഇടയ്ക്കിടെ വരണ്ട കാലാവസ്ഥയും ഒക്കെയാണെങ്കിലും തണുപ്പ് വരാൻ വലിയ താമസമില്ല. തണുപ്പുകാലത്ത് നഗരത്തിൽ ചെലവഴിക്കുന്നതിനേക്കാൾ യാത്രകൾ പോകുന്നതിനാണ് ആളുകൾ താല്പര്യപ്പെടുന്നത്.
ബെംഗളൂരുവിലും തണുപ്പാണെങ്കിലും വിന്‍റർ സീസൺ ആസ്വദിക്കണമെങ്കിൽ ചില യാത്രകൾ പോയേ തീരു. ബാംഗ്ലൂരുകാരുടെ യാത്രകളില്‍ സ്ഥിരം ഉള്‍പ്പെടുന്ന സ്ഥലങ്ങളാണെങ്കിലും ശൈത്യകാലത്ത് ഇവയ്ക്കെല്ലാം വേറെ രൂപവും വേറേ ഭാവവുമാണ്. മഞ്ഞുകാലത്ത് മനോഹരമാകുന്ന, ചെറിയ ചെലവിൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങളാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

ഊട്ടി
വിന്‍റർ യാത്രകൾ ഊട്ടിയിൽ നിന്നു തന്നെ തുടങ്ങാം. ഊട്ടി പലപ്പോഴും കീശ കാലിയാക്കുന്ന ഇടങ്ങളുടെ പട്ടികയിലാണ് ഊട്ടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മൈസൂർ വരെ 150 രൂപാ ടിക്കറ്റ് എടുത്ത് ട്രെയിനിന് വന്ന് അവിടുന്ന് ഊട്ടിയിലേക്ക് 200 രൂപാ മുടക്കി ബസിൽ പോകുന്ന പോലെ പ്ലാൻ ചെയ്താൽ ഏറ്റവും കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് പോയി വരാം. പിന്നെ ഒരു 1000 രൂപ പരമാവധി മുടക്കിയാൽ ഊട്ടിയിലെ സ്ഥലങ്ങളിലേക്ക് വിവിധ ഏജന്‍സികൾ നല്കുന്ന സൈറ്റ് സീയിങ് പാക്കേജ് വഴി സ്ഥലങ്ങൾ കാണുകയും ചെയ്യാ. ഡോർമിറ്ററികൾ അടക്കമുള്ള താമസസൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ഊട്ടിയിൽ കിട്ടും. 600 രൂപാ മുതല്‍ മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്.
സക്ലേശ്പൂർ
കാപ്പിത്തോട്ടങ്ങള്‍ക്കു നടുവിലെ താമസം.. അതിരാവിലെയുള്ള യാത്രകൾക്ക് കോടമഞ്ഞ് പുതച്ചു കിടക്കുന്ന വഴി, കാണാൻ വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും.. നടന്നു കാണാൻ പുരാതന കോട്ട, പിന്നെ കാട് അങ്ങനെ വിന്‍റർ യാത്ര ആഘോഷമാക്കാൻ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന നാടാണ് സക്ലേശ്പൂർ. പാവങ്ങളുടെ ഊട്ടിയെന്ന് സഞ്ചാരികൾ വിളിക്കുന്ന ഇവിടം ബൈക്ക് റൈഡിനും പറ്റിയ ഇടമാണ്. വേണെമങ്കിൽ ക്യാംപ് ചെയ്യാനും ഇവിടെ സൗകര്യങ്ങളുണ്ട്. ബാംഗ്ലൂരിൽ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ ട്രെക്കിങ്, ഹൈക്കിങ്, വെള്ളച്ചാട്ട യാത്ര തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാനുമുണ്ട്.
യേർക്കാട്
വലിയ ആഘോഷങ്ങളില്ലാതെ ഒരു യാത്ര പോയി അതാസ്വദിച്ച് മടങ്ങിയെത്തുവാൻ പ്ലാൻ ചെയ്യുന്നവർക്കുള്ളതാണ് തമിഴ്നാട്ടിലെ യേർക്കാട്. ഏകദേശം 220 കിമിയ്ക്ക് താഴെ യാത്രാ ദൂരമാണ് ബാംഗ്ലൂരിൽ നിന്നും യേർക്കാടിനുള്ളത്. ഹെയർപിൻ വളവുകൾ നിറഞ്ഞ റൂട്ടും അതുവഴിയുള്ള യാത്രയുമാണ് ഈ ട്രിപ്പിലെ ഹൈലൈറ്റ്. ഒരു തടാകത്തിനു ചുറ്റിലുമായി രൂപപ്പെട്ട യേർക്കാട് ഒന്നോ രണ്ടോ ദിവസമെടുത്ത് കണ്ടുതീർക്കാം. തടാകം മാത്രമല്ല,യേര്‍ക്കാട് ഹില്‍ വ്യൂ, പഗോഡ പോയിന്റ്, ലേഡീസ് സീറ്റ് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കണ്ട് കുറഞ്ഞത് ഒരു രാത്രിയെങ്കിലും ചെലവഴിച്ച് വേണം മടങ്ങുവാൻ.
ഹംപി
ചൂടു മാറുന്നടെ ഹംപി ഉണരുകയായി. തണുപ്പു നിറഞ്ഞ കാലാവസ്ഥയിൽ പാറക്കെട്ടുകളും ക്ഷേത്രങ്ങളും കണ്ടുവരാൻ നവംബർ മുതലുള്ള സമയമാണ് നല്ലത്. ബാംഗ്ലൂരിൽ നിന്ന് നേരിട്ട് ബസുകളും ട്രെയിനുകളുമുണ്ട്. ഒറ്റ ദിവസം മാത്രമേ നിങ്ങൾക്കുള്ളൂവെങ്കിൽ ഹംപിയിലേക്ക് പോകാത്തതാണ് നല്ലത്. കുറഞ്ഞത് രണ്ടു പകലെങ്കിലും അവിടെ ചെലവഴിക്കാൻ കഴിയുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യുക. നടന്നു കാണാവാൻ സാധിക്കുമെങ്കിലും ഒരു ഓട്ടോ വാടകയ്ക്കെടുത്താൽ സമീപത്തെ എല്ലാ ഇടങ്ങളും കണ്ടുവരുന്ന വിധത്തിൽ അവർ നിങ്ങളുടെ യാത്ര ക്രമീകരിച്ച് തരും.
വയനാട്
വയനാട് ടൂറിസം ഇപ്പോള്‍ ഉയർത്തെഴുന്നേൽപ്പിന്‍റെ പാതയിലാണ്. അതുകൊണ്ട് തന്നെ വിന്‍റർ യാത്രകൾക്ക് ഒരു ഡെസ്റ്റിനേഷൻ വയനാട് ആക്കാം. ബാംഗ്ലൂർ- മൈസൂർ എക്സ്പ്രസ് വേ വന്നതോടെ ഇവിടേക്ക് മണിക്കൂറുകൾ ലാഭിച്ച് എത്താം. കൂടാതെ, വയനാട്ടിലെ എക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതോടെ കാണാനുള്ള സ്ഥലങ്ങളുടെ എണ്ണവും കൂടി. വെള്ളച്ചാട്ടം, ട്രെക്കിങ്, തുടങ്ങിയ പല കാര്യങ്ങളും ഇവിടെ ആസ്വദിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













