ബെംഗളുരു യാത്രകളിൽ മിക്കപ്പോഴും കടന്നു വരുന്നവയാണ് ഹിൽ സ്റ്റേഷനുകൾ. പഠനത്തിനും ജോലിക്കും ഒക്കെയായി ബാംഗ്ലൂരിൽ എത്തിയവർ വീക്കെൻഡും നാട്ടിൽ പോകാൻ സാധിക്കാത്ത അവധികളും ഒക്കെ ആഘോഷിക്കുന്നത് പലപ്പോഴും യാത്രകൾ ചെയ്താണ്. മഴയോ ചൂടോ ഒക്കെയാണെങ്കിൽ യാത്ര ഉറപ്പ് തന്നെയാണ്. അത് മിക്കപ്പോഴും ഒരു ഹിൽ സ്റ്റേഷനിലേക്ക് ആയിരിക്കുകയും ചെയ്യും.
നഗരത്തിന്‍റെ ഒച്ചയിലും തിരക്കിലും നിന്ന് ഒന്നു മാറി ശാന്തതയും സമാധാനവും തേടുന്നവർക്ക് പറ്റിയ ഇടങ്ങൾ ഇവിടെ ഒത്തിരിയുണ്ട്. കുറച്ച് ദൂരത്തിലേക്കാണ് യാത്ര വേണ്ടെങ്കിൽ ബെംഗളുരുവിന് 300 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇടങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്, പ്രകൃതി സൗന്ദര്യവും പ്രസന്നമായ കാലാവസ്ഥയും നല്കുന്ന നിരവധി ഇടങ്ങൾ ഈ ചുറ്റളവിലുണ്ട്.

യേർക്കാട് 215 കിലോമീറ്റര്‍
തമിഴ്നാട്ടുകാരുടെ മിനി ഊട്ടിയാണ് യേർക്കാട്. ഏതോ ഒരു യൂറോപ്യൻ നാട്ടിലേക്ക് കടന്നു ചെല്ലുന്നതെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഗ്രാമം. മലകളില്‍ ഒരു രാജകുമാരനുണ്ടെങ്കിൽ അത് ഉറപ്പായും യേർക്കാട് ആയിരിക്കും. എത്ര വലിയ ചൂടിലും മഞ്ഞും തണുപ്പുമായി കാലാവസ്ഥയെ പോലും വെല്ലുവിളിച്ച് നിൽക്കുന്ന ഇവിടം നൂറുശതമാനവും സഞ്ചാരികളുടെ സ്വർഗ്ഗമാണ്. സമുദ്രനിരപ്പില്‍നിന്ന് 4700 അടി ഉയരത്തിലുള്ള യേർക്കാടിലേക്കുള്ള യാത്രയിൽ തന്നെ കൗതുകമുണ്ട്. 20 ഹെയർപിൻ വളവുകൾ കയറിവേണം ഇവിടേക്ക് എത്തുവാൻ.
ഷെവറോയ് കുന്നുകൾ അഥവാ ഷെല്‍വരായൻ കുന്നുകൾ സ്ഥിതി ചെയ്യുന്ന യേർക്കാട് യൂറോപ്യൻ അധിനിവേശ സ്ഥലങ്ങളിലൊന്നാണ്. തേയിലത്തോട്ടങ്ങൾ, ഓറഞ് കൃഷി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. യേർക്കാട് തടാകം, ഡീര പാർക്ക്, ലേഡീസ് സീറ്റ്, ജെന്റ്സ് സീറ്റ് വ്യൂ പോയിന്‍റ്, സെർവരായൻ ഗുഹാ ക്ഷേത്രം, കിളിയൂർ വെള്ളച്ചാട്ടം, പഗോഡ പിരമിഡ്, ഗ്രാൻജ്, ബിയേഴ്സ് കേവ്, ബോട്ടാനിക്കൽ ഗാർഡൻ ആൻഡ് ബെൽ റോക്ക് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള സ്ഥലങ്ങൾ.

കൂനൂർ 290 കിലോമീറ്റർ
ബാംഗ്ലൂരിൽ നിന്ന് പ്രകൃതിമനോഹരമായ ഇടത്തിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‌ക്ക് പറ്റിയ മറ്റൊരു സ്ഥലമാണ് കൂനൂർ. ഊട്ടിക്ക് പകരം വയ്ക്കാൻ സാധിക്കുന്ന, ഊട്ടി യാത്ര ഒന്നു നീട്ടിയെടുത്ത് ആളുകൾ പോകുന്ന കൂനൂർ അതിന്‍റെ മലനിരകൾക്കും തേയിലത്തോട്ടങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും ആണ് പേരുകേട്ടിരിക്കുന്നത്. നീലഗിരിയിലെ രണ്ടാമത്തെ വലിയ ഹിൽ സ്റ്റേഷനാണ് കൂനൂർ.
ഒരിക്കൽ പോയാൽ വീണ്ടും ചെല്ലാന് പ്രേരിപ്പിക്കുന്ന സ്ഥലമാണ് കൂനൂർ. ഊട്ടിയേക്കാൾ ഭംഗിയുള്ള ഇടമെന്ന് വേണമെങ്കിലും കൂനൂരിനെ വിശേഷിപ്പിക്കാം. മേട്ടുപ്പാളയം- ഊട്ടി ടോയ് ട്രെയിനിൽ കൂനൂരിനെ കാണുന്നത് വ്യത്യസ്തമായ ഒരനുഭവമാണ്. സിംസ് പാർക്ക്,ഡ്രൂഗ് കോട്ട,സെന്റ് ജോർജ് പള്ളി, ലോസ് വെള്ളച്ചാട്ടം, ഡോൾഫിന്‍സ് നോസ് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള സ്ഥലങ്ങൾ.
ചിക്കമഗളൂർ 240 കിലോമീറ്റർ
സാഹസികതയും പ്രകൃതിഭംഗിയും ഒരുപോലെ ചേരുന്ന ഇടമാണ് ചിക്കമഗളുരു. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഇവിടം അതിന്‍റെ കാപ്പിത്തോട്ടങ്ങൾക്കും മലനിരകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഒക്കെയാണ് പേരുകേട്ടിരിക്കുന്നത്. ഇന്ത്യയിലാദ്യമായി കാപ്പികൃഷി നടത്തിയത് ഇവിടെയാണ്. ബാബ ബുദാന്‍ ഗിരി, മുല്ലയാനഗിരി, അയ്യങ്കരെ തടാകം, മാണിക്യധാര വെള്ളച്ചാട്ടം,ഹെബ്ബേ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
കൂർഗ് 250 കിലോമീറ്റർ
പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞു നിൽക്കുന്ന കൂർഗും ബെംഗളുരുവിലെ ഹിൽ സ്റ്റേഷൻ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. ട്രെക്കിംഗ്, റിവർ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും കാപ്പിത്തോട്ടത്തിലെ താമസവും യാത്രകളും കൂടാതെ ആബി വെള്ളച്ചാട്ടം, ദുബാരെ എലിഫൻറ് ക്യാമ്പ്, മടിക്കേരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യാം.
ഊട്ടി 270 കിലോമീറ്റർ
നീലഗിരി ഹിൽസിന്‍റെ ഭാഗമായ ഊട്ടി ബാംഗ്ലൂരിൽ നിന്നും സ്ഥിരം സഞ്ചാരികൾ പോകുന്ന ഇടമാണ്. പച്ചപ്പും മലനിരകളും തേയിലത്തോട്ടങ്ങളും തണുപ്പുള്ള കാലാവസ്ഥയും പിന്നെ കുറഞ്ഞ ചെലവിലുള്ള യാത്രയും ഒക്കെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. അതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ബോട്ടാണിക്കൽ ഗാർഡൻ, നീലഗിരി മൗണ്ടെയ്ൻ റെയിൽവേ, ഊട്ടി ലേക്ക് എന്നിങ്ങനെ കുറേ സ്ഥലങ്ങള്‍ ഇവിടെ സന്ദർശിക്കുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














