2024 നെ സ്വീകരിക്കുവാൻ ഇനി അധികം കാത്തിരിപ്പില്ല. പഴയ വർഷത്തെ ഓര്‍മ്മകളിൽ മാത്രമാക്കി പുതിയൊരു വർഷം വരുമ്പോൾ എങ്ങനെ സ്വീകരിക്കണം എന്നതാവും മിക്കവരുടെയും സംശയം. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ന്യൂ ഇയറിന് എവിടേക്ക് പോകണം എന്നതു മാത്രമാവും കൺഫ്യൂഷൻ. പുതിയ വർഷത്തെ സൂര്യോദയം കാണാൻ ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ബാംഗ്ലൂരിലെ സൂര്യോദയം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന സ്ഥലം നൂറുശതമാനവും നന്ദി ഹില്‍സ് മാത്രമാവും. ഇവിടുത്തെ സൂര്യോദയം എത്ര തവണ കണ്ടാലും മടുക്കില്ല എന്നതു മാത്രമല്ല, ഓരോ തവണയും ഓരോ അനുഭവം നല്കുന്ന ഇടം കൂടിയാണ് നന്ദി. ബാംഗ്ലൂരിലെ പ്രഭാത യാത്രകൾക്ക് യോജിച്ച സ്ഥലങ്ങൾ പരിചയപ്പെടാം.

നന്ദി ഹിൽസ്
പുകപോലെ മഞ്ഞുമൂടിക്കിടക്കുന്ന, കോടമഞ്ഞു നിറഞ്ഞ കാറ്റടിക്കുന്ന, നന്ദി ഹില്‍സിന് സൂര്യോദയ ഇടം എന്നത് മാത്രമല്ല, ബാംഗ്ലൂരിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റിയ സ്ഥലം എന്ന പ്രത്യേകതയും ഉണ്ട്. ബൈക്ക് റൈഡിങ്ങിന് പറ്റിയ ഇവിടേക്ക് സാധാരണ സഞ്ചാരികൾ അധികവും ബസിലാണ് എത്തുന്നത്. ഹെയർപിൻ വളവുകളും കാഴ്ചകൾ നിറഞ്ഞ താഴ്വാരങ്ങളും കണ്ട് മുകളിലേക്ക് കയറിയാൽ മരങ്ങളൾ നിറഞ്ഞ ഇടത്തിലൂടെ നടന്ന് പാറക്കെട്ടിലെത്താം. ഇവിടെയിരുന്നാലാണ് ബാംഗ്ലൂരിലെ ഏറ്റവും ഭംഗിയാർന്ന സൂര്യോദയം കാണാൻ കഴിയുക.
പുതുവർഷ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇവിടെ ഒരു രാത്രി താമസിച്ച് പുലർച്ചെ സൂര്യോദയം കണ്ട് മടങ്ങാൻ പാകത്തിലുള്ള യാത്രയും നടത്താം. കെഎസ്ടിഡിസിയ്ക്ക് കീഴിൽ കുറഞ്ഞ ചെലവിൽ കോട്ടേജുകൾ വാടകയ്ക്ക് ലഭിക്കും. ബാംഗ്ലൂരിൽ നിന്നും 60 കിമീ ദൂരെയാണ് നന്ദി ഹിൽസ് ഉള്ളത്.
ഉത്തരി ബേട്ട
ബാംഗ്ലൂരിലെ ഏറ്റവും തിരക്കേറിയ ഇടമായ നന്ദി ഹിൽസിന് പകരം നിൽക്കുന്ന സ്ഥലമാണ് ഉത്തരി ബേട്ട. നന്ദിയിലെ തിരക്കും ആൾക്കൂട്ടവും താല്പര്യമില്ലെങ്കില്‍ ധൈര്യമായി ഇവിടേക്ക് വരാം. ചിക്കബെല്ലാപൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഉത്തരി ബേട്ടയിലേക്ക് ബാംഗ്ലൂരിൽ നിന്നും 70 കിലോമീറ്റർ ദൂരമേയുള്ളൂ. പുലര്‍ച്ചെ യാത്രയാരംഭിച്ച് സൂര്യോദയം കണ്ട് ആസ്വദിച്ച് വരുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.
കൻവാ ഡാം
പുഴയോരത്തെ സൂര്യോദയം കാണാനാണ് ആഗ്രഹമെങ്കിൽ രാംനഗരയ്ക്ക് സമീപത്തുള്ള കന്‍വയിലേക്ക് പോകാം. ബാംഗ്ലൂര്‍- മൈസൂർ റോഡിൽ രാമനഗരയ്ക്ക് ശേഷമാണ് കൻവാ റിസർവോയർ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 62 കിലോമീറ്റര് അകലെയാണ് കാൻവാ റിസർവോയറും അണക്കെട്ടും സ്ഥിതി ചെയ്യുന്നത്
ചന്നരായന ദുർഗ
തുകൂർ ജില്ലയുടെ ഭാഗമായ ചന്നരായന ദുർഗ ചരിത്രകഥകൾ ഒരുപാടുള്ള ഒരു കോട്ടയാണ്. മധുഗിരി രാജാക്കന്മാർ പണിത ഈ കോട്ട ഒരു സാഹസിക ലക്ഷ്യസ്ഥാനം കൂടിയാണ്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരം നടന്നു കയറി വേണം ഇവിടെ എത്തുവാൻ.
കുന്തി ബേട്ട
പുതുവർഷത്തെ സൂര്യോദയം കാണാനുള്ള യാത്രയിൽ പോയിരിക്കേണ്ട മറ്റൊരിടമാണ് കുന്തി ബേട്ട. മലമുകളില നിൽക്കുമ്പോൾ തൊട്ടടുത്തു നിന്നം സൂര്യനുദിച്ചുയരുന്ന കാഴ്ചയാണ് കുന്തി ബേട്ട സാഹസിക സഞ്ചാരികൾക്കയി കരുതിവെച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ സാഹസിക യാത്രാ ലക്ഷ്യസ്ഥാനങ്ങളിലും കുന്തി ബേട്ട ഇടം നേടിയിട്ടുണ്ട്. വലിയ നടത്തമോ ക്ഷീണമോ ഇല്ലാതെ എത്താം എന്നതാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
അവലാബേട്ട
ന്യൂ ഇയർ യാത്രയ്ക്ക് പറ്റിയ വേറൊരു ലക്ഷ്യസ്ഥാനമാണ് ചിക്കബെല്ലാപൂരിലെ അവലാബേട്ട. ബാംഗ്ലൂരിൽ നിന്നും 91 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അവലാബേട്ടയെ സഞ്ചാരികൾ തിരക്കില്ലാത്ത നന്ദി ഹിൽസ് എന്നു വിളിക്കാറുണ്ട്. ബാംഗ്ലൂരിൽ നിന്നും ഇവിടേക്ക് 100 കിലോമീറ്റർ ദൂരമുണ്ട്. പൊതുവേ എളുപ്പമാണ് ഇവിടുത്തെ ട്രെക്കിങ് എന്നതിനാൽ നടത്തം ബുദ്ധിമുട്ടായവർക്ക് പോലും വരാം. രണ്ടു മണിക്കൂറുണ്ടെങ്കിൽ ഇവിടം കണ്ടിറങ്ങി വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













