ബാംഗ്ലൂർ-കാശ്മീർ യാത്ര: വെറും ഒരു പേര് പേര് കേട്ടാൽ ഒരു യാത്ര പോകാൻ തോന്നുമോ.. ആ പേര് കാശ്മീർ എന്നാണെങ്കിൽ ഒരു സംശയവും വേണ്ട.. കേൾക്കുന്ന നിമിഷം തന്നെ മഞ്ഞുമൂടിയ പർവ്വതങ്ങളും ശിക്കാര വള്ളങ്ങളും ഒക്കെ മനസ്സിലെത്തും. ഭൂമിയിലെ സ്വർഗ്ഗമെന്നു തരിപോലും ആലോചിക്കാതെ വിളിക്കാൻ സാധിക്കുന്ന ഇവിടം ഓരോ ഇന്ത്യൻ സഞ്ചാരികളുടെയും സ്വപ്നയിടമാണ്. എന്നാൽ ഇത്തവണത്തെ യാത്ര ബാംഗ്ലൂരിൽ നിന്നും കാശ്മീരിലേക്ക് ആയാലോ?
പോക്കറ്റിനിണങ്ങുന്ന തരത്തിൽ ഇന്ത്യയിലെവിടേക്കും വിദേശരാജ്യത്തേയ്ക്കും യാത്രകൾ സംഘടിപ്പിക്കുന്ന ഐആർസിടിസി ആണ് ഈ യാത്ര നടത്തുന്നത്. ശ്രീനഗർ, സോനാമാര്‍ഗ്, ഗുൽമാർഗ്, പഹല്‍ഗാം തുടങ്ങിയ കാശ്മീരിന്‍റെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്ന ഇടങ്ങളെല്ലാം കണ്ട് മനസ്സ് നിറഞ്ഞ് തിരികെ വരാൻ തോന്നിക്കുന്ന യാത്രയെക്കുറിച്ച് വിശദമായി അറിയാം..

ബാംഗ്ലൂർ-കാശ്മീര്‍ യാത്ര
അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന ഈ പാക്കേജ് നിങ്ങൾ കാശ്മീരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ശിക്കാരയിലെ ബോട്ട് യാത്രയും താമസവും, കാശ്മീരിലെ സൂര്യോദയം,ഗൊണ്ടോള യാത്ര,കുങ്കുമപ്പാടങ്ങളിലൂടെ പോകുന്നത് എന്നിങ്ങനെ ഒരു സ്വപ്ന യാത്ര തന്നെയാവും.
ബാംഗ്ലൂർ-ശ്രീനഗർ-ഗുൽമാർഗ്-പഹൽഗാം-സോൻമാർഗ്-ശ്രീനഗർ-ബാംഗ്ലൂർ എന്ന ക്രമത്തിലാവും യാത്ര പോയി തിരികെ വരുന്നത്.
ഈ യാത്രയുടെ അടുത്ത പാക്കേജ് സെപ്റ്റംബർ 30ന് ന് ബാംഗ്ലൂർ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടും. ബാംഗ്ലൂരിൽ നിന്ന് രാവിലെ 9.225 നാണ് വിമാനം. അമൃത്സർ വഴിയുള്ള യാത്ര ഉച്ചയ്ക്ക് 1.50ന് ശ്രീനഗറിൽ എത്തിച്ചേരും. അന്ന് തന്നെ നിങ്ങൾക്ക് ദാർ തടാകത്തിൽ ശിക്കാര വള്ളത്തിൽ യാത്ര ചെയ്യാനും ചാർ ചിനാർ എന്ന ഒഴുകുന്ന ഉദ്യാനത്തിൽ പോയി സൂര്യാസ്തയം ആസ്വദിക്കാനും സാധിക്കും.

രണ്ടാം ദിവസം രാവിലെ സോനാമാർഗിലേക്കാണ് പോകുന്നത്. നീലാകാശത്തിനു താഴെ പച്ചപുൽമേടും മഞ്ഞുപുതച്ച താഴ്വാരങ്ങളുമാണ് ഇവിടെ കാണാനുള്ളത്. സമുദ്രനിരപ്പിൽ നിന്നും 2800 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ ശ്രീനഗറിൽ മടങ്ങിയെത്തും. മൂന്നാം ദിവസം ഗുൽമാർഗ് ആണ് ലക്ഷ്യസ്ഥാനം. പ്രസിദ്ധമായ ഗൊണ്ടോള റൈഡ് ഇവിടെ ആസ്വദിക്കാമെങ്കിലും അത് പാക്കേജിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സ്വന്തം നിരക്കിൽ പണം നല്കണം.
നാലാം ദിവസം പഹൽഗാം ആണ് ലക്ഷ്യസ്ഥാനം. ശ്രീനഗർ-പഹൽഗാം യാത്രയിൽ അവന്തിപ്പൂർ അവശിഷ്ടങ്ങളും കുങ്കുമപ്പാടങ്ങളും കാണാൻ അവസരമുണ്ട്. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും ഷൂട്ടിങ് നടന്നിട്ടുള്ള സ്ഥലമാണ് പഹൽഗാം. ചന്ദൻവാരി, അരുവാലി, തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാം. അന്നു രാത്രി തങ്ങുന്നത് പഹൽഗാമിൽ തന്നെയാണ്. പിറ്റേദിവസം രാവിലെ ശ്രീനഗറിലേക്ക് പോകും.

ശങ്കരാചാര്യ ക്ഷേത്രം, ദാൽ തടാകത്തിനടുത്തുള്ള ഹസ്രത്ബാൽ ഷ്രൈൻ എന്നിവിടങ്ങൾ കാണും. തുടർന്ന്, രാത്രിയിൽ ഹൗസ്ബോട്ടിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ആറാം ദിവസം രാവിലെ ഹൗസ് ബോട്ടിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് വിമാനത്താവളത്തിലേക്ക് പോകും. 11.45 നാണ് ബാംഗ്ലൂരിലേക്കുള്ള വിമാനം. വൈകിട്ട് 6.30ന് അത് ബാംഗ്ലൂരിൽ എത്തിച്ചേരും.
ഇൻഡിഗോ വിമാനത്തിൽ എക്കണോമി ക്ലാസിലുള്ള യാത്ര, ശ്രീനഗറിൽ 3 രാത്രി താമസം, ശ്രീനഗറിൽ തന്നെ ഒരു രാത്രി ഹൗസ് ബോട്ട് താമസം, പഹൽഗാമിൽ ഒരു രാത്രി, യാത്രയിലുടനീളമുള്ള പ്രഭാതഭക്ഷണവും അത്താഴവും ട്രാവല്‍ ഇൻഷുറൻസ്, ഐആർസിടിസി ടൂർ എസ്കോർട്ട് തുടങ്ങിയവയാണ് ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിട്ടുള്ളത്. അതേസമയം വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന നിരക്ക് യാത്രക്കാർ തന്നെ വഹിക്കണം.
കംഫർട്ട് ക്ലാസിലുള്ള യാത്രയിൽ സിംഗിൾ ഒക്യുപൻസിയിൽ 48,000/-രൂപ,
ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 43,860/- രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 42,670/- രൂപ, കുട്ടികളിൽ ബെഡ് വേണ്ടവർക്ക് (5-11 വയസ്സ്) 635,270/-രൂപ, ബെഡ് വേണ്ടാത്തവർക്ക് 32,910/-
രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും IRCTC Bangalore- 080-43023088, 8595931291, 080 - 22960013, 8595931292 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക്-സന്ദർശിക്കുക-IRCTC Paradise on Earth-Kashmir Ex Bengaluru
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














