ബെംഗളുരുവിൽ നിന്നുള്ള യാത്രകൾക്ക് പല തരത്തിലുള്ള തിരഞ്ഞെടുപ്പുകൾ നമ്മൾ നടത്താറുണ്ട്. ചിലർക്ക് ബീച്ച്, മറ്റു ചിലർക്ക് കാടും ട്രെക്കിങ്ങും വേറേ ചിലർക്ക് മറ്റൊന്നും വേണ്ട, വണ്ടിയോടിച്ച് പോയാൽ മതി.. പ്രകൃതിഭംഗി, നീണ്ട യാത്ര, മനോഹരരമായ റൂട്ട്, പിന്നെ പച്ചപ്പും കാടും ജംഗിൾ സഫാരിയും.. ഇത്രയും കാര്യങ്ങൾ ഒന്നിച്ചുവരുന്ന ഒരിടത്തേയ്ക്കായാലോ ഇനിയുള്ള യാത്ര. കയറിച്ചെല്ലാൻ തോന്നിപ്പിക്കുന്ന കാടിന്‍റെ കാഴ്ചകൾ സമ്മാനിക്കുന്ന ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലേക്കാണ് ബെംഗളുരുവിൽ നിന്നുള്ള യാത്ര.
പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കർണ്ണാടകയിലെ ഇടമായ ബന്ദിപ്പൂർ കാടിനെ അറിയുവാനും കാട് ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾ നേരിട്ടാസ്വദിക്കാനും പറ്റിയ ഇടമാണ്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലാണ് കടുവ സംരക്ഷണ കേന്ദ്രം കൂടിയായ ബന്ദിപൂർ സ്ഥിതി ചെയ്യുന്നത്. വൈൽഡ് ലൈഫ് സഫാരി, ട്രെക്കിങ്, കാടിനുള്ളിലെ താമസം എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്. ഇതാ ബെംഗളുരുവിൽ നിന്നും ബന്ദിപ്പൂരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തു വരാം.
ബെംഗളുരുവിൽ നിന്ന് വൈവിധ്യമുള്ള കാഴ്ചകൾ തേടുന്നവർ ഉറപ്പായും വന്നിരിക്കേണ്ട സ്ഥലമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ നീലഗിരി ബയോസ്ഫിയർ റിസർവിൻ്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. കർണാടകയിൽ, തമിഴ്‌നാടിൻ്റെ അതിർത്തിയിൽ പച്ചപ്പ് നിറഞ്ഞ വനങ്ങൾക്ക് നടുവിലാണ് ഇവിടമുള്ളത്.
ബെംഗളുരു-ബന്ദിപ്പൂർ റോഡ് ട്രിപ്പ്
ബാംഗ്ലൂർ-ബന്ദിപ്പൂർ യാത്രയ്ക്ക് പല വഴികളുണ്ടെങ്കിലും ദേശീയപാത 275 വഴിയുള്ള ഏറ്റവും എളുപ്പവും സമയം കുറവുള്ളതുമായ റൂട്ടാണ് നമ്മൾ തിരഞ്ഞെടുക്കുന്നത്. ബെംഗളുരു-ബന്ദിപ്പൂർ ദൂരം 217 കിലോമീറ്ററാണ്. നാലുമണിക്കൂർ സമയത്തിനുള്ളിൽ ഈ ദൂരം സഞ്ചരിക്കാം. ബെംഗളുരു-മൈസൂർ എക്സ്പ്രസ് വേ വഴിയാണ് യാത്രയെന്നതിനാൽ വേഗത്തിലിങ്ങ് പോരുകയും ചെയ്യാം. വഴിയിലെ കാഴ്ചകൾ കണ്ടുപോരാനുള്ള പദ്ധതിയുണ്ടെങ്കിൽ നാല് മണിക്കൂർ യാത്രാ സമയം ആറും ഏഴും ഒക്കെയാകും.
ബെംഗളുരു- ചന്നാപട്ന-മൈസൂര്‍- നഞ്ചൻകോട്-ബേഗൂർ ബന്ദിപ്പൂർ വഴിയാണ് ഈ റോഡ് ട്രിപ്പ്.
ഇന്ത്യയുടെ കളിപ്പാട്ട നഗരം എന്നറിയപ്പെടുന്ന ചന്നാപട്ണ, രംഗനതിട്ടു പക്ഷി സങ്കേതം, ശ്രീരംഗപട്ടണ, മൈസൂർ, മൈസൂർ റെയിൽവേ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും കാണാനുള്ളത്. അരമണിക്കൂർ മുതൽ ഒരു മണിക്കൂര്‍ വരെയെങ്കിലും ചുരുങ്ങിയത് കാണാനുണ്ട് ഓരോ ഇടങ്ങളിലും . ഇത് കൂടാതെ ഭക്ഷണം കഴിക്കാന് താല്പര്യമുള്ളരാണെങ്കിൽ വഴിയിലെ മികച്ച ഭക്ഷണങ്ങളും പരീക്ഷിക്കാം.
ബെംഗളുരു-ബന്ദിപ്പൂർ ട്രെയിൻ, ബസ് യാത്ര
റോഡ് ട്രിപ്പ് താല്പര്യമില്ലെങ്കില് ബെംഗളുരു-ബന്ദിപ്പൂർ യാത്ര ട്രെയിനിലാക്കാം. ഇതിനായി ബാംഗ്ലൂരിൽ നിന്ന് മൈസൂർ വരെ ട്രെയിനിനും മൈസൂരിൽ നിന്ന് ബന്ദിപ്പൂരിലേക്ക് ബസിനും യാത്ര ചെയ്യണം. ഏറ്റവും ചെലവ് കുറഞ്ഞുള്ള യാത്രയാണ് നോക്കുന്നതെങ്കിൽ നേരിട്ട് ബസ് എടുക്കാം. ആയിരം രൂപയ്ക്ക് ബന്ദിപ്പൂരെത്തുകയും ചെയ്യാം,
ബന്ദിപ്പൂര് കാഴ്ചകൾ
ബന്ദിപ്പൂർ ദേശീയോദ്യാനം
1931 ൽ മൈസൂർ രാജാക്കൻമാർ സ്വകാര്യമായി വേട്ടയാടാൻ സ്ഥാപിച്ച ഇടമാണ് വന്യജീവി സങ്കേതമായും കടുവ സംരക്ഷണ കേന്ദ്രമായും പിന്നീട് ദേശീയോദ്യാനമായും മാറിയത്. 874 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായിയി വ്യാപിച്ചു കിടക്കുന്ന ബന്ദിപ്പൂർ ദേശീയോദ്യാനം അതിന്‍റെ ജൈവവൈവിധ്യത്തിന് പ്രസിദ്ധമാണ്.ആന, കടുവാ, മാൻ, കുരങ്ങ്, കാട്ടുനായ, മലയണ്ണാൻ എന്നിങ്ങനെയുള്ള ജീവികളും സമൃദ്ധമായ വനവും ഇവിടെയുണ്ട്. പ്രകൃതി സ്നേഹികളും വന്യജീവി പ്രേമികളും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണിത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശവും തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ കാട്ടാനകളുടെ ആവാസ കേന്ദ്രവും കൂടിയാണ് ബന്ദിപ്പൂർ.
വൈൽഡ് ലൈഫ് സഫാരി
കാടിനുള്ളിലൂടെ വണ്ടിയിലുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒട്ടേറെ മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ കാണാനും അപൂർവ്വമായ ചിത്രങ്ങൾ പകർത്താനും ഒക്കെ ഈ ജംഗിൾ സഫാരി സഹായിക്കും.
ബന്ദിപ്പൂർ കാഴ്ചകള്‍ കണ്ട് സമയമുണ്ടെങ്കിൽ അടുത്തുള്ള പ്രധാന ഇടങ്ങള്‍ കൂടി കണ്ടുവരാം. ബന്ദിപ്പൂർ - ഊട്ടി 41 കിമി, ബന്ദിപ്പൂർ - നാഗർഹോളെ 108 കിമി, ബന്ദിപ്പൂർ - കൂനൂർ 60 കിമി എന്നിങ്ങനെയാണ് ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














