Search
  • Follow NativePlanet
Share
» »അണിഞ്ഞൊരുങ്ങി ഗുണ്ടൽപേട്ട്; കണ്ണെത്തുന്നിടത്തെല്ലാം പൂക്കൾ, ബസിനു വന്നാൽ പക്ഷേ പണിപാളും!

അണിഞ്ഞൊരുങ്ങി ഗുണ്ടൽപേട്ട്; കണ്ണെത്തുന്നിടത്തെല്ലാം പൂക്കൾ, ബസിനു വന്നാൽ പക്ഷേ പണിപാളും!

ഗുണ്ടൽപേട്ട്.. നോക്കെത്താ ദൂരത്തോളം ചെണ്ടുമല്ലിയും സൂര്യകാന്തിയും ബന്ദിയും പൂത്തു നിൽക്കുന്ന ഇടം. എവിടെ നോക്കിയാലും നിറഞ്ഞു നിൽക്കുന്ന പൂപ്പാടങ്ങൾ. മലയാളികൾക്ക് ഓണത്തിന് പൂവിടമെങ്കിൽ ഇവിടുന്നു വരണം പൂക്കൾ. പൂത്തുലഞ്ഞു നിൽക്കുന്ന ഗുണ്ടൽപേട്ട് കാണാൻ ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നും ഇവിടേക്കെത്തുന്നത്.

കർണ്ണാടകയിലെ ചാമരാജ നഗർ ജില്ലയിലെ ഗുണ്ടൽപ്പേട്ട് ബാംഗ്ലൂരിൽ നിന്നും ഏകദിന യാത്രയ്ക്ക് പറ്റിയ ഇടമാണ്. പൂക്കളുടെയും മരങ്ങളുടെയും കാഴ്ചകൾ കണ്ട് നീണ്ടുവിശാലമായി കിടക്കുന്ന വഴിയിലൂടെ കയറിച്ചെല്ലുന്ന പൂപ്പാടങ്ങളും ഗ്രാമങ്ങളും ഒക്കെ ചേരുന്ന ഒരു 'കംപ്ലീറ്റ് ഹാപ്പിനെസ് പാക്കേജ്'. ആളേക്കാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന സൂര്യാകാന്തിച്ചെടിയും മഞ്ഞക്കടലു തീർത്ത ചെണ്ടുമല്ലിയും പിന്നെ ഇടയ്ക്കിടെ കാണുന്ന വാടാമല്ലിയും എല്ലാം ഇവിടെയുണ്ട്.

Read More: ഫോണും ഇന്‍റർനെറ്റും ഇല്ലാത്ത നാല് മണിക്കൂർ! കെഎസ്ആർടിസി സൈലന്‍റ് വാലി സഫാരി തരുന്ന സന്തോഷങ്ങൾ..

flowers in Gundlupete

ഈ വഴി കടന്നുപോയാൽ ഒന്നു വണ്ടിനിർത്തി ഈ കാഴ്ച കാണാതെ മുന്നോട്ട് പോകാൻ മനസ്സനുവദിക്കില്ല. ബസിൽ വരുവാണെങ്കിൽപ്പോലും പൂക്കളുള്ള സ്ഥലത്തെത്തുമ്പോൾ പ്രത്യേക റിക്വസ്റ്റില്‍ വണ്ടി നിർത്തി ഇറങ്ങി ഗുണ്ടൽപേട്ടയുടെ ഭംഗി ആസ്വദിക്കുന്നവരും ഇഷ്ടംപോലെയുണ്ട്. എന്തായാലും പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിലും നല്ലത് ബാംഗ്ലൂരിൽ നിന്നും ഒരു ബൈക്ക് വാടകയ്ക്കെടുത്ത് ഇവിടേക്ക് വരുന്നത് തന്നെയാണ്.

ബാംഗ്ലൂരിൽ നിന്നാണ് ഗുണ്ടൽപ്പേട്ടയുടെ വസന്തം കാണാൻ വരുന്നതെങ്കിൽ ബസിനു വരാൻ നിൽക്കേണ്ട. ബാംഗ്ലൂരിൽ നിന്നു മൈസൂർ വഴി ഇഷ്ടംപോലെ ബസുകൾ ഉണ്ടെങ്കിലും വഴിയിലെ പൂപ്പാടങ്ങൾ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. ''ശെ, വൻ നഷ്ടമായി'', ''വണ്ടിയെടുത്താൽ മതിയായിരുന്നു'' എന്നിങ്ങനെ യാത്രയിലുടനീളം ആലോചിച്ച് വിഷമിക്കുന്നതിനേക്കാൾ നല്ലത് ആദ്യമേ വണ്ടിയെടുക്കുന്നതാണ്. നിങ്ങളുടെ സൗകര്യം പോലെ വണ്ടി നിർത്തി കാഴ്ചകൾ കണ്ട് പോകാൻ ഇതാണ് വഴി.

Read More: ഇത്രയും ഭംഗി ഈ സ്ഥലങ്ങൾക്കുണ്ടായിരുന്നോ? തിരികെ വരാൻ തോന്നില്ല.. ബാംഗ്ലൂരിൽ നിന്നും പോയാലോ ഇവിടേക്ക്

sunflower in gundlupete

വെയിലു മൂക്കുന്നതിനു മുൻപ് ഗുണ്ടൽപേട്ടയില് എത്താൻ കഴിഞ്ഞാൽ അതാവും ഏറ്റവും നല്ലത്. ഇവിടുത്തെ കാഴ്ചകളിലേക്കും പൂപ്പാടത്തിലേക്ക് ഇറങ്ങിയാൽ വെയിൽ മാത്രമായിരിക്കും കൂട്ടുണ്ടാവുക. ഇതൊഴിവാക്കാൻ പുലർച്ചെ ബാംഗ്ലൂരിൽ നിന്നിറങ്ങി രാവിലെയോടെ ഗുണ്ടൽപേട്ടെത്തുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

മൈസൂരിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്കുള്ള വഴിയുടെ ഇരുവശവും നിറയെ പാടങ്ങളാണ്. ചിലയിടങ്ങളില്‍ കാബേജും ചോളവും ഉൾപ്പെടെയുള്ള കൃഷികളുണ്ടെങ്കിലും കൂടുതലും പൂക്കളാണ്. സൂര്യകാന്തി പൂത്തുലഞ്ഞു നിൽക്കുന്ന വയലുകൾ കണ്ണിനുത്സവം തീര്ക്കും. വഴിയരുകിൽ കാണുന്ന കാഴ്ചകളേക്കാൾ കൂടുതൽ ഉള്ളിലേക്കാണ്. പൂപ്പാടങ്ങളുടെ വശങ്ങളിലൂടെ കാണുന്ന വഴിയിലൂടെ കയറി മുന്നോട്ട് പോയാൽ നീണ്ട വിശാലമായ പാടത്തെ പൂകൃഷി കാണാം. തണലു തരുന്ന ഒരു വൃക്ഷം അതിനു ചുറ്റിലുമായി അതിരില്ലാതെ കിടക്കുന്ന പൂക്കളും നല്കുന്ന രസം വേറെതന്നെയാണ്.

 one day trip from bangalore to gundlupete

റോഡരികിലെ തോട്ടങ്ങളിൽ കയറണമെങ്കിൽ ആളൊന്നിന് പത്ത് രൂപ വെച്ച് അവിടെ നിൽക്കുന്ന ആൾക്ക് കൊടുക്കണം. പൂക്കളുടെ ഭംഗിയും എടുക്കുന്ന ഫോട്ടോയും പിന്നെ ആ സന്തോഷവും കൂടിയാകുമ്പോള്‍ പത്ത് രൂപ ഒരു വിഷയമല്ല. മുൻ വർഷങ്ങളിലൊക്കെ ആർക്കും പൂക്കൾ കണ്ടു മടങ്ങാവുന്ന രീതിയിലായിരുന്നുവെങ്കിലും പിന്നീട് സന്ദർകർ
അലക്ഷ്യമായി പെരുമാറുകയും ചെടികൾ ചവിട്ടി നശിപ്പിക്കുകയുമെക്കെ ആയതോടെ ചെറിയൊരു ഫീസ് ഏർപ്പെടുത്തുകയായിരുന്നു കർഷകർ.

ബാംഗ്ലൂരില് നിന്നും ഗുണ്ടല്‍പേട്ടിലേക്ക് 205 കിലോമീറ്ററും മൈസൂരിൽ നിന്ന് 59 കിലോമീറ്ററുമാണ് ദൂരം. വഴിനീളെയുള്ള കാഴ്ചകള്‍ കണ്ടുവരാൻ നല്ലത് സ്വന്തം വാഹനം തന്നെയാണ്. അങ്ങനെയാണെങ്കിൽ വഴിയിലെ ഇടങ്ങളിലെല്ലാം നിർത്തുവാനും കാഴ്ചകൾ കാണാനും സാധിക്കും. മാത്രമല്ല, ഗുണ്ടൽപേട്ടിൽ വഴിയിലിറങ്ങി കാഴ്തകൾ കണ്ട് അടുത്ത സ്ഥലത്തേയ്ക്ക് പോകണമെങ്കിൽ ബസുകൾ വളരെ കുറവാണ്. കേരളാ ആർടിസിയുടെ മൈസൂർ, ബാംഗ്ലൂർ അന്തർസംസ്ഥാന സർവീസുകളാണ് കൂടുതലും. ഇവയ്ക്കൊന്നും ഈ പ്രദേശങ്ങളിൽ സ്റ്റോപ്പുമില്ല. ഉൾപ്രദേശങ്ങളിലേക്ക് പോകണമെങ്കിൽ ഓട്ടോകളുടെ ചാർജും കൂടുതലായിരിക്കും.

bloom in Gundlupete

ഗുണ്ടൽപേട്ട് ടൗൺ കഴിഞ്ഞാൽ പിന്നെ വഴിയിൽ കടകൾ വളരെ കുറവാണ്. ആവശ്യത്തിനു വേണ്ട വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലതാരിയിക്കും. വെയിലിൽ നിന്നു രക്ഷപെടാൻ ഒരു കുടയും കരുതാം. ജൂൺ മുതല്‍ സെപ്റ്റംബർ വരെയാണ് ഗുണ്ടൽപേട്ട് സന്ദര്‍ശിക്കാൻ പറ്റിയ സമയം. ഈ സീസണിലാണ് സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്ന ഗുണ്ടൽപേട്ട് കാഴ്ച കാണാൻ കഴിയുക.

ഗുണ്ടല്‍പേട്ടിനു സമീപത്ത പ്രധാന സ്ഥലങ്ങൾ

ബന്ദിപ്പൂർ ദേശീയോദ്യാനം, ഹിമവദ് ഗോപാലസ്വാമി ബേട്ട, മുതുമലൈ ദേശീയോദ്യാനം, ബിആർ ഹിൽസ് തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+