ബേക്കൽ ബീച്ച് ഫെസ്റ്റ് 2023: കേരളാ ടൂറിസത്തിൽ കാസർകോഡിനെ ഉയർത്തി നിർത്തിയ പരിപാടിയാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവൽ. സംഘാടകര്‍ പ്രതീക്ഷിച്ചതിലുമപ്പുറം ജനലക്ഷങ്ങൾ പങ്കെടുത്ത് വിജയമാക്കിയ പരിപാടിയുടെ രണ്ടാം പതിപ്പ് ഒരുങ്ങുകയാണ്. ബേക്കലിനെയും കാസർകോഡിനെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് 2023 ഡിസംബർ 22 ന് ആരംഭിക്കും.
കലാപരിപാടികളും മത്സരങ്ങളും കലാവിരുന്നും ഒക്കെയായി പരിപാടിയുടെ എല്ലാ ദിവസവും ആഘോഷമാക്കാനുള്ള പ്രവർത്തനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കലാപരിപാടികളും എക്സ്പോയും വിപണനമേളയും ഇതിന്റെ ഭാഗമായുണ്ടാവും. രണ്ടു വേദികളിലായി എല്ലാ ദിവസവും വലിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പ്രധാന വേദി ഒന്നാം വേദിയും സമീപത്തെ റെഡ് മൂൺ ബീച്ച് രണ്ടാം വേദിയുമാണ്. എല്ലാ ദിവസവും വൈകുന്നേരം സാസ്കാരിക സദസ്സും ഒരുക്കും.

ബേക്കൽ ബീച്ച് ഫെസ്റ്റ് 2023 പരിപാടികൾ
ഡിസംബര്‍ 22 വെള്ളിയാഴ്ച തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ,
23 ശനിയാഴ്ച ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ട്രിയോ,
24 ഞായറാഴ്ച കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം,
25 തിങ്കളാഴ്ച എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്‍റ്,
26 ചൊവ്വാഴ്ച ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ് എന്നിവയും
27 ബുധനാഴ്ച പത്മകുമാറും ദേവും സംഘവും ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി, 28 വ്യാഴാഴ്ച സോള്‍ ഓഫ് ഫോക്കുമായി അതുല്‍ നറുകര,
29 വെള്ളിയാഴ്ച കണ്ണൂര്‍ ശരീഫും സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്
30 ശനിയാഴ്ച ഗൗരിലക്ഷ്മി മ്യൂസിക്കല്‍ ബാൻഡ്, 31 ഞായറാഴ്ച റാസാ ബീഗം ഗസല്‍ ഡ്യൂ, ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാൻഡും അവതരിപ്പിക്കുന്ന മെഗാ ന്യൂ ഇയർ നൈറ്റ് എന്നിവ അരങ്ങേറും.

കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് രണ്ടാം വേദിയായ റെഡ് മൂൺ ബീച്ചിൽ നടക്കുക. കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍,. ജില്ലയുടെ തനത് കലാരൂപങ്ങൾ, ഗ്രാമീണ കലാസമിതിയുടെ പരിപാടി തുടങ്ങിയവ നടക്കും. 30 കലാസമിതികളിൽ നിന്നായി 52 കലാപരിപാടികളാണ് ഗ്രാമീണ കലാസമിതി അവതരിപ്പിക്കുന്നത്. ടൂറിസം സ്റ്റാൾ, ഇൻഫർമേഷൻ സെന്റർ എന്നിവ സജ്ജമാക്കും. വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ കോർപറേഷൻ, കുടുംബശ്രീ എന്നിവയും സ്റ്റാൾ ഒരുക്കും.
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ പ്രവേശനം, ഫീസ് നിരക്ക്
ടിക്കറ്റ് വഴിയാണ് ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് പ്രവേശനം അനുവദിക്കുക.
മുതിർന്നവർക്ക് ഒരു ടിക്കറ്റിന് 100 രൂപയും, കുട്ടികൾക്ക് ഒരു ടിക്കറ്റിന് 25 രൂപയും ആണ് ഈടാക്കുന്നത്.
ബീച്ച് ഫെസ്റ്റിവൽ പാർക്കിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
6 ഏക്കർ സ്ഥലത്തുള്ള പാർക്കിംഗ് സൗകര്യം ഉണ്ട്. പ്രൈവറ്റ് ഏരിയകളിൽ കാർ 50 രൂപ, ബൈക്ക് 20 രൂപ ബസ് 100 രൂപ എന്നിങ്ങനെ ചാർജ് ഉണ്ടാക്കും.
ബീച്ച് ഫെസ്റ്റിവലിലേക്ക് വരാൻ ബേക്കൽ ബീച്ച് പാർക്കിലും റെഡ് മൂൺ ബീച്ച് പാർക്കിലുമായി അഞ്ച് പ്രവേശന മാർഗ്ഗങ്ങളാണ് ഒരുക്കുന്നത്. അതിൽ 25 ഗേറ്റുകളും ഉണ്ടായിരിക്കും, എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം കൂടി ഉണ്ടായിരിക്കും.
ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്
ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർത്ഥം ബേക്കല്‍ റെയിൽവേ സ്റ്റേഷനില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ മൂന്ന് ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചു. ചെന്നൈ എഗ്മോര്‍ - മംഗളൂരു എക്സ്‌പ്രസ്,
ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്‌പ്രസ്, നാഗർകോവിൽ-മംഗളൂരു എക്സ്‌പ്രസ് എന്നിവയ്ക്കാണ് താത്കാലിക സ്റ്റോപ്പ് നല്കിയത്. ഒരു മിനിറ്റ് വീതം മൂന്നു ട്രെയിനുകളും ബേക്കൽ ഫോർട്ടിൽ നിർത്തും.
രാത്രി 11.15-ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസ് (16159) ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ വൈകീട്ട് 5.29ന് എത്തും. നാഗർകോവിലിൽനിന്ന് മംഗളൂരുവിന് 4.15-ന് പുറപ്പെടുന്ന തീവണ്ടി (16650) രാത്രി 7.47-ന് ബേക്കൽ ഫോർട്ട് സ്റ്റേഷനിലെത്തും. ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22637) ബേക്കൽ സ്റ്റേഷനിൽ ഉച്ചയ്ക്ക് 1.25-നെത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












