രേവതി
ജ്യോതിശാസ്ത്രത്തിലെ 27 നക്ഷത്രങ്ങളിൽ അവസാനത്തേതാണ് രേവതി. സത്യത്തെ മുറുകെ പിടിക്കുന്നവരും ഹൃദയം കൊണ്ട് ചിന്തിക്കുന്നവരുമാണ് രേവതിയിൽ ജനിച്ചവര്. വിശ്വസ്തത കാത്തുസൂക്ഷിക്കുന്ന ഇവരെ നമുക്ക് ധൈര്യത്തിൽ വിശ്വസിക്കുവാനും ആശ്രയിക്കുവാനും സാധിക്കും. എന്നാൽ മറ്റുള്ളവരെ അത്ര പെട്ടന്ന് ഇവര് വിശ്വസിക്കാറോ ആശ്രയിക്കാറോ ഇല്ല. എല്ലാ കാര്യങ്ങളിലും ആത്മാർത്ഥത നിറഞ്ഞ ഇവർ പണത്തിന്റെ കാര്യത്തിൽ യാതൊരു പിശുക്കും കാണിക്കില്ലെന്നു മാത്രമല്ല സഹായം ആവശ്യമാണെന്നു തോന്നുന്നവരെ സഹായിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു കാര്യം ഏറ്റെടുത്തു കഴിഞ്ഞാൽ അത് 100 ശതമാനവും പൂർത്തിയാക്കുവാൻ തങ്ങളാൽ കഴിയുന്നതെല്ലാം ഇവര് ചെയ്യും.
വേഗത്തിൽ തീരുമാനങ്ങളെടുക്കുവാനുമ അത് പ്രാവർത്തികമാക്കുവാനും അവർക്ക് സാധിക്കും. ഒരു പരിധിയിലധികം ആരോടും അടുപ്പം കാണിക്കുവാനും സ്വാതന്ത്ര്യമെടുക്കുവാനും ഇവർ ശ്രമിക്കാറില്ല.
രേവതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം
കാസർകോഡ് ജില്ലയിലെ അനന്തപത്മനാഭ ക്ഷേത്രമാണ് രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രം. സസ്യാഹാരിയായ മുതല ജീവിച്ചിരുന്ന ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നിർമ്മാണത്തിലും വിശ്വാസങ്ങളിലുമെല്ലാം ഒരുപാട് പ്രത്യേകതകൾ അനന്തപുരം ക്ഷേത്രത്തിനുണ്ട്. കാസർകോഡുള്ള ഏറ്റവും പ്രധാന ഹൈന്ദവ തീർത്ഥാടനം കൂടിയാണിത്. അനന്തപുര തടാകക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.
PC:Kateelkshetra
തടാകത്തിനു നടുവിലെ അനന്തപത്മനാഭ ക്ഷേത്രം
തടാകത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന അനന്തപത്മനാഭ ക്ഷേത്രം കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ക്ഷേത്രമാണ്. കാസർകോഡ് ജില്ലയിലെ സരോവര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. വലിയ ഒരു തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. കൃത്രിമമായി നിർമ്മിച്ച തടാകമാണ് ഇതെങ്കിലും ഒരു തരത്തിലും അങ്ങനെയിത് തോന്നിപ്പിക്കുന്നില്ല. വലിയൊര പാറക്കല്ലിനെ ചുറ്റി തടാകം നിർമ്മിക്കുകയും പിന്നീട് അതിനു നടുവില്‍ ക്ഷേത്രം നിർമ്മിക്കുകയുമാണ് ചെയ്തത്. ഒരു ചെറിയ പാലം വഴിയാണ് ശ്രീകോവിലിലേക്ക് കടക്കുന്നത്. ഇവിടുത്തെ പ്രതിഷ്ഠയ്ക്കും പ്രത്യേകതയുണ്ട്. കടുശര്‍ക്കര യോഗമെന്ന പ്രത്യേക രീതിയിലാണ് ഇതിന്റെ നിർമ്മാണം.
PC:Kateelkshetra
എന്നും ഒരേ നിരപ്പിൽ
വെള്ളത്തിനു നടുവിലായാതുകൊണ്ടുതന്നെ വെള്ളം പൊങ്ങുമോ തുടങ്ങിയ സംശയങ്ങൾ ഇവിടെയെത്തുന്നവർക്കുണ്ടാകും. എത്ര മഴയാണെങ്കിലും വെയിലാണെങ്കിലും ഇവിടുത്തെ ജലനിരപ്പിന് ഒരു മാറ്റവും ഒരിക്കലും സംഭവിക്കാറില്ല. എന്നും ഒരേ പോലെയായിരിക്കും ഇവിടുത്തെ ജലനിരപ്പ്.
PC:Noeljoe85
ബബിയ എന്ന സസ്യാഹാരിയായ മുതല
കാസർകോഡ് അനന്തപുരം പത്മനാഭ ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്ന മറ്റൊരു കാര്യം സസ്യാഹാരിയായ മുതല ജീവിച്ചിരുന്ന ഇടം എന്നതാണ്. ബബിയ എന്നു പേരിട്ടിരുന്ന ഈ മുതല ക്ഷേത്രത്തില് നിന്നു ലഭിക്കുന്ന നിവേദ്യ മാണ് ഭക്ഷിച്ചിരുന്നതെന്നാണ് വിശ്വാസം. ക്ഷേത്രക്കുളത്തിനുള്ളിലെ ഗുഹയിൽ ആണ് ബബിയ വസിച്ചിരുന്നത്.
PC:Soorajna
മൂലസ്ഥാനം
അനന്തപുര ക്ഷേത്രവും തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രവും തമ്മിൽ വലിയ ബന്ധമുണ്ട്. അനന്തപത്മനാഭ സ്വാമിയുടെ മൂല ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം നിർമ്മിക്കുന്നതിനു മൻപ് ഭഗവാൻ ഇവിടെയാണ് വസിച്ചിരുന്നതെന്നാണ് വിശ്വാസം. ഈ വിശ്വാസങ്ങൾക്ക് ശക്തി പകരുന്ന വിധത്തിൽ ക്ഷേത്രത്തിനു സമീപം ഒരു ഗുഹയും കാണാം. കേരളത്തിൻറെ തെക്കെ അറ്റമായ തിരുവനന്തപുരം വരെ നീളുന്ന ഈ ഗുഹ വഴിയാണ് സ്വാമി പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് പോയതത്രെ. തിരുവനന്തപുരത്ത് അനന്തശയനമാണെങ്കിൽ കാസർകോഡ് ഇരിക്കുന്ന രൂപത്തിലാണ് ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
PC:Vinayaraj
ചുവർ ചിത്രങ്ങൾ
ചുവർ ചിത്രങ്ങളാണ് അനന്തപുര തടാക ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ജൈവകൂട്ടുകൾ ഉപയോഗിച്ച് ഒട്ടും കൃത്രിമത്വമില്ലാതെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആയിരത്തോളം വർഷം പഴക്കമുണ്ട് ഇതിനെന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ തിളക്കം ഇപ്പോഴും അതുപോലെ തന്നെ നിലനിൽക്കുന്നു.