ചാർ ധാം തീർത്ഥാടനം 2023: ഈ വർഷത്തെ ചാർ ധാം യാത്ര അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന സ്ഥാനങ്ങളിലൊന്നായ ചാർധാം ക്ഷേത്രങ്ങൾ ഉത്തരാഖണ്ഡിന്‍റെ വിവിധ ഭാഗങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തി മടങ്ങുകയെന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഈ ജീവിതത്തിലെ ഏറ്റവും പുണ്യം നല്കുന്ന പ്രവർത്തികളിലൊന്നാണ്.
കേദാര്‍നാഥ്, യമുനോത്രി, ബദരീനാഥ്, ഗംഗോത്രി എന്നീ ക്ഷേത്രങ്ങളാണ് ചാർ ധാം ക്ഷേത്രങ്ങളായി അറിയപ്പെടുന്നത്. ചോട്ടാ ചാർധാം എന്നാണ് ഈ ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. ഗംഗോത്രിയും യമുനോത്രിയും അക്ഷയ തൃതീയ ദിവസമായ ഏപ്രില്‍ 22നും കേദാര്‍നാഥ് ക്ഷേത്രം ഏപ്രിൽ 26നും ബദരീനാഥ് ഏപ്രിൽ 27നുമാണ് വിശ്വാസികൾക്കായി തുറന്നത്. എല്ലാ വർഷവും ഏപ്രിൽ മുതൽ ഒക്ടോബർ-നവംബർ വരെയാണ് ഈ ക്ഷേത്രങ്ങൾ വിശ്വാസികൾക്കായി തുറക്കുന്നത്.

ചാർ ദാം ക്ഷേത്രങ്ങൾ ഈ വർഷത്തെ തീർത്ഥാടനത്തിൻറെ അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ വർഷം ഇതിനോടകം ചാർധാം തീർത്ഥാടനം പൂർത്തിയാക്കിയിരിക്കുന്നത്. കഠിനമായ തണുപ്പും മഴ, മഞ്ഞുവീഴ്ച തുടങ്ങിയ പ്രതിസന്ധികൾ തരണം ചെയ്തും ആണ് വിശ്വാസികൾ ഇവിടെ ക്ഷേത്രദർശനത്തിനായി എത്തുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു.
ചാർ ധാം ക്ഷേത്രങ്ങൾ
ഗംഗാ നദി ഉത്ഭവിക്കുന്ന ഗൗമുഖിന് സമീപമുള്ള ഗംഗോത്രി, ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയ കേതർനാഥ് ക്ഷേത്രം, ചാർധാം തീർത്ഥാടനത്തിൽ വിശ്വാസികൾ ഏറ്റവുമാദ്യം സന്ദർശിക്കുന്ന യമുനോത്രി ധാം, മഹാവിഷ്ണുവിനെ ആരാധിക്കുന്ന ബദ്രീനാഥ് ക്ഷേത്രം എന്നിവയാണ് ചാർ ധാം ക്ഷേത്രങ്ങൾ. മോക്ഷഭാഗ്യം നല്കുന്നതാണ് ചാര്‍ധാം ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഗംഗോത്രി-യമുനോത്രി ക്ഷേത്രം അടയ്ക്കുന്ന തിയതി
ഗംഗാദേവിയുടെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായ ഗംഗോത്രി ധാം നവംബർ 14 ന് അന്നകൂട്ട് പൂജകൾക്ക് ശേഷം 11.45 ന് അടയ്ക്കും. യമുനോത്രിയുടെ പുണ്യക്ഷേത്രമായ യമുനോത്രി ധാം നവംബർ 15-ന് ഭയ്യാ ദൂജ് ദിനത്തിൽ അടയ്ക്കും. ശൈത്യകാലത്ത് സ്ഥിരം അടയ്ക്കുന്ന അതേ രീതിയിലാണ് ഇത്.
ബദരീനാഥ്, കേദാർനാഥ് ക്ഷേത്രം അടയ്ക്കുന്ന തിയതി
ബദരീനാഥ് ക്ഷേത്രം ശൈത്യകാലത്തേയ്ക്കായി അടയ്ക്കുന്ന തിയതി ഒക്ടോബർ 24 ന് വിജയദശമി ദിനത്തിലാണ് തീരുമാനിക്കുന്നത്. നവംബർ 21 ഓടു കൂടി ബദരീനാഥ് അടയ്ക്കുമെന്നാണ് സൂചന.
സമാപന തീയതി പ്രഖ്യാപിക്കുന്നതിനായി വിജയദശമി ദിവസം പ്രത്യേക ചടങ്ങുകളാണ് ക്ഷേത്രത്തിൽ നടക്കുന്നത്.
അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം എല്ലാ വർഷവും ആറുമാസം തുറന്നിരിക്കും. കനതത് മഞ്ഞു വീഴ്ച അനുഭവപ്പെടുന്ന ആറുമാസം ഇവിടേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കേദാർനാഥ് ക്ഷേത്രം നവംബർ 14ന് അടയ്ക്കുമെന്നാണ് കരുതുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













