ചീങ്ങേരി മല
സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ വയനാടിന്റെ ആകാശക്കാഴ്ചകള്‍ സാധ്യമാക്കുന്ന സ്ഥലമാണ് ചീങ്ങേരിമല. അമ്പലവയലിനു സമീപം സ്ഥിതി ചെയ്യുന്ന ഈ കുന്ന് സാഹസിക സഞ്ചാരത്തിന്‍റെയും ട്രക്കിങ്ങിന്‍റെയും പുത്തന്‍ അനുഭവങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സാമൂഹമാധ്യമങ്ങളിലൂടെ
ചീങ്ങേരി മല പണ്ടേ ഇവിടെതന്നെ ഉണ്ടായിരുന്നുവെങ്കിലും കുറച്ചുകാലം മുന്‍പ് മാത്രമാണ്. ഇവിടം സഞ്ചാരികളുടെ ശ്രദ്ധയില്‍പെടുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ചീങ്ങേരി ഹില്‍സ് താരമായി മാറുവാന്‍ അധിക സമയമെടുത്തില്ല. വയനാട്ടില്‍ നിരവധി വിനോദ സഞ്ചാര സാഹസിക കേന്ദ്രങ്ങളുണ്ടെങ്കിലും ചീങ്ങേരിമലയെപ്പോലെ സാഹസികതയും വിനോദ സഞ്ചാരവും ഒരുപോലെ രസിപ്പിക്കുന്ന ഇടങ്ങള്‍ കുറവാണ്.
360 ഡിഗ്രിയില്‍
വയനാടിനെ മുഴുവനായിതന്നെ ഫ്രെയിമിലാക്കിയാണ് ചീങ്ങേരിമലയുടെ നില്‍പ്പ്. ഇവിടെ കുന്നിനു മുകളില്‍ നിന്നാല്‍ പിന്നെ വയനാടിലെ മിക്ക ഇടങ്ങളും കണ്‍മുന്നിലെത്തും. കാരാപ്പുഴ റിസര്‍വ്വോയറിന്‍റ അതിമനോഹരമായ കാഴ്ച ഇടുക്കിയിലെ കാല്‍വരി മൗണ്ടിനെ ഓര്‍മ്മിപ്പിക്കും. ഇതോടൊപ്പം കൊളഗപ്പാറ, അമ്പലവയൽ, ബത്തേരി, എടക്കൽ, അമ്പുകുത്തിമല, ചെമ്പ്രാ മല, എന്നിവയുടെ എല്ലാം ആകാശദൃശ്യം പോലെ ഇവിടെനിന്നും ആസ്വദിക്കുകയും ചെയ്യാം. ഇത്രയും ഭംഗിയില്‍ 360 ഡിഗ്രിയില്‍ വയനാടിനെ കാണിച്ചുതരുന്ന വേറൊരിടം ഇവിടെ വേറെയില്ല എന്നുതന്നെ പറയാം. അമ്പുകുത്തിമലയ്ക്ക് അഭിമുഖമായാണ് ചീങ്ങേരി മല സ്ഥിതി ചെയ്യുന്നത്.
ചീങ്ങേരിമല ട്രക്കിങ്ങ്
ചീങ്ങേരിമലയുടെ ഏറ്റവും പ്രധാന സവിശേഷത പുതുതായി തയ്യാറായിരിക്കുന്ന ചീങ്ങേരി റോക്ക് സാഹസിക ടൂറിസം ആണ്, .സഞ്ചാരികളുടെ ശാരീരിക ക്ഷമത ആധാരമാക്കി വിവിധ തലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ഗൈഡഡ് ട്രക്കിംഗ് ആണിത്. ബേസ് ക്യാംപിലെത്തി വിശ്രമിച്ചതിനു ശേഷം ട്രക്കിങ് ആരംഭിക്കും. രണ്ട് കിലോമീറ്ററോളം ദൂരം മുകളിലേക്ക് നടന്നുള്ള ട്രക്കിങ്ങാണിത്. വ്യത്യസ്ത ഗ്രൂപ്പുകളായിട്ടായിരിക്കും സഞ്ചാരികളെ മുകളിലേക്ക് കൊണ്ടുപോവുക.
ട്രക്കിങ് സമയം
രാവിലെ 6.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെയാണ് ചീങ്ങേരിമല ട്രക്കിങ്ങ് സമയം. മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയും വീതമാണ് ട്രക്കിങ് ചാര്‍ജ് ആയി ഈടാക്കുന്നത്. സാധാരണ സഞ്ചാരികള്‍ക്ക് വൈകിട്ട് 4.00 മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് സാധാരണ പ്രവേശന നിരക്ക്.
ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക് റൂം, ഓഫീസ് റൂം എന്നിവ ഉള്‍കൊള്ളുന്ന എന്‍ട്രന്‍സ് പ്ലാസ, ടോയിലറ്റ്, പാര്‍ട്രി ബ്ലോക്ക്, പര്‍ഗോള, മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് എന്നീ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിയെ അതുപോലെ തന്നെ
നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇവിടുത്തെ പ്രകൃതിഭംഗിയെ ബാധിക്കാത്ത തരത്തിലുള്ള നിര്‍മ്മാണമാണ് ഇവിടെ നടത്തിയിരിക്കുന്നത്. പാറക്കെട്ടുകളെല്ലാം മുന്‍പുണ്ടായിരുന്ന അതേ വിധത്തില്‍ തന്നെ ഇവിടെ കാണുവാന്‍ സാധിക്കും. സൂര്യോദയവും സൂര്യാസ്തമയവും ആണ് ഇവിടെ കണ്ടിരിക്കേണ്ടത്.